കൊച്ചി: കൊവിഡ് പ്രതിസന്ധിയിൽ നിന്ന് ആഭ്യന്തര കാർ വിപണി നേട്ടത്തിന്റെ ട്രാക്കിലേക്ക് കുതിച്ചുകയറുന്നു. പാസഞ്ചർ വാഹന (കാർ, എസ്.യു.വി) വില്പന മാർച്ചിൽ 28.39 ശതമാനം വർദ്ധിച്ച് 2.79 ലക്ഷം യൂണിറ്റുകളിലെത്തിയെന്ന് ഡീലർമാരുടെ കൂട്ടായ്മയായ ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻസ് (ഫാഡ) വ്യക്തമാക്കി. 2020 മാർച്ചിൽ വില്പന 2.17 ലക്ഷം യൂണിറ്റുകളായിരുന്നു. ആന്ധ്രാപ്രദേശ്, തെലങ്കാന, മദ്ധ്യപ്രദേശ്, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നൊഴികെയുള്ള രാജ്യത്തെ 1,277 ആർ.ടി.ഒ ഓഫീസുകളിൽ നിന്ന് ശേഖരിച്ച രജിസ്ട്രേഷൻ കണക്കുകൾപ്രകാരമാണ് ഫാഡ റിപ്പോർട്ട് തയ്യാറാക്കിയത്.
മാർച്ചിൽ നേട്ടം കുറിച്ച മറ്റൊരു വിഭാഗം ട്രാക്ടറുകളാണ്; വളർച്ച 29.21 ശതമാനം. 53,463 യൂണിറ്റുകളിൽ നിന്ന് 69,082 യൂണിറ്റുകളായാണ് വില്പന വർദ്ധിച്ചത്. ടൂവീലർ, ത്രീവീലർ, വാണിജ്യ വാഹനം എന്നിവ കുറിച്ച കനത്ത നഷ്ടം മൂലം മാർച്ചിലെ മൊത്തം വാഹന വില്പന 28.64 ശതമാനം ഇടിഞ്ഞു. 18.46 ലക്ഷം യൂണിറ്റുകളിൽ നിന്ന് 35.26 ശതമാനം ഇടിവുമായി 11.95 ലക്ഷം ടൂവീലറുകളാണ് കഴിഞ്ഞമാസം പുതുതായി നിരത്തിലെത്തിയത്. 50.72 ശതമാനമാണ് ത്രീവീലർ വില്പന നഷ്ടം; 38,034 ത്രീവീലറുകളാണ് മാർച്ചിലെ വില്പന. 2020 മാർച്ചിൽ വില്പന 77,173 എണ്ണമായിരുന്നു.
1.16 ലക്ഷം യൂണിറ്റുകളിൽ നിന്ന് വാണിജ്യ വാഹന വില്പന 67,372ലേക്ക് ഇടിഞ്ഞു; നഷ്ടം 42.20 ശതമാനം. മാർച്ചിൽ എല്ലാ വിഭാഗം ശ്രേണികളിലുമായി ആകെ വിറ്റഴിഞ്ഞത് 16.49 ലക്ഷം വാഹനങ്ങളാണ്. 2020 മാർച്ചിലെ 23.11 ലക്ഷം യൂണിറ്റുകളേക്കാൾ 28.64 ശതമാനം കുറവ്.
മാരുതിക്കുതിപ്പ്
ഇന്ത്യയിലെ ഏറ്റവും സ്വീകാര്യതയുള്ള വാഹന ബ്രാൻഡെന്ന അപ്രമാദിത്തം മാരുതി സുസുക്കി തുടരുകയാണ്. മാർച്ചിൽ പാസഞ്ചർ വാഹന ശ്രേണിയിൽ ടോപ് 5 ബ്രാൻഡുകളുടെ വിപണി വിഹിതം ഇങ്ങനെ:
മാരുതി സുസുക്കി : 46.26%
ഹ്യുണ്ടായ് : 16.34%
ടാറ്റാ മോട്ടോഴ്സ് : 8.77%
മഹീന്ദ്ര : 5.48%
കിയ മോട്ടോഴ്സ് : 5.45%