തിരുവനന്തപുരം : വോട്ടെടുപ്പിനോടനുബന്ധിച്ച് അക്രമസംഭവങ്ങൾ നടന്ന കാട്ടായിക്കോണത്തും പരിസര പ്രദേശങ്ങളും ശാന്തം. എന്നാൽ സംഘർഷ സാദ്ധ്യതയ്ക്ക് അയവ് വന്നിട്ടില്ല. പ്രവർത്തകർക്കെതിരെ പൊലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് ഇന്നലെ പോത്തൻകോട് പൊലീസ് സ്റ്റേഷൻ മാർച്ചിന് ആഹ്വാനം ചെയ്തിരുന്നുവെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുന്നതിനാൽ പ്രകടനമോ മറ്റ് സമര പരിപാടികളോ നടത്താൻ പാടില്ലെന്ന് കാട്ടി പൊലീസ് നോട്ടീസ് നൽകിയതിനാൽ അവസാന നിമിഷം മാർച്ച് ഉപേക്ഷിക്കുകയായിരുന്നു. കാട്ടായിക്കോണത്തെ പൊലീസ് നടപടിയിൽ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചു. അതിനിടെ പോത്തൻകോട് എസ്.ഐ.ക്കെതിരെ പാർട്ടി വാട്സ്പ ആപ്പ് ഗ്രൂപ്പുകളിൽ എസ്.ഐ.യുടെ ഫോട്ടോ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
സംഭവദിവസം കാർ അടിച്ചുതകർത്ത കേസിൽ എട്ടോളം സി.പി.എം. പ്രവർത്തകരെ പ്രതികളാക്കി പൊലീസ് കേസെടുത്തു. കാറിലെത്തി സി.പി.എം. പ്രവർത്തകരെ മർദ്ദിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ബി.ജെ.പി.പ്രവർത്തകർക്കെതിരെയും കേസെടുത്തു. ഇന്നലെ കാട്ടായിക്കോണത്തും പരിസരങ്ങളിലും പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് വ്യാപാരികൾ കടകളടച്ചിരുന്നു.