സി.പി.എം പ്രവർത്തകന്റെ അറസ്റ്റ് രേഖപ്പെടുത്തി, വാഹനങ്ങളും പിടിച്ചെടുത്തു
സി.പി.എം നേതാക്കൾ പെരിങ്ങത്തൂരിൽ
കണ്ണൂർ: പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂർ (22) കൊല്ലപ്പെട്ട സംഭവത്തിൽ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്ത സി.പി.എം പ്രവർത്തകൻ ഷിനോസിന്റെ അറസ്റ്റ് ചൊക്ളി പൊലീസ് രേഖപ്പെടുത്തി. ഇന്നലെ രാത്രി മൻസൂറിന്റെ വിലാപ യാത്രക്കിടെ പ്രദേശത്ത് സി.പി.എം ഓഫീസുകൾക്ക് നേരെ വ്യാപക അക്രമം നടന്നു. ഇതുമായി ബന്ധപ്പെട്ട് 20 ലീഗ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 20 വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. ആക്രമണത്തിൽ പെരിങ്ങത്തൂർ, പെരിങ്ങളം ലോക്കൽ കമ്മിറ്റി ഓഫീസുകളും പി കൃഷ്ണപിള്ള സ്മാരക മന്ദിരവും ലീഗ് പ്രവർത്തകർ തീവച്ച് നശിപ്പിച്ചിരുന്നു. മൻസൂറിന്റെ വീടിന് സമീപത്തുള്ള കീഴ്മാടം, കൊച്ചിയങ്ങാടി, കടവത്തൂർ ബ്രാഞ്ച് കമ്മിറ്റി ഓഫീസുകളും അഗ്നിക്കിരയാക്കി. നിരവധി കടകൾക്ക് നേരെയും ആക്രമണം നടന്നു. കൊലപാതകത്തിൽ നേരിട്ട് ബന്ധപ്പെട്ടവരെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചു എന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റിലായ ഷിനോസിൽ നിന്ന് പൊലീസിന് കൂടുതൽ വിവരങ്ങൾ ലഭിച്ചതായാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ അഞ്ചോളം സി.പി.എം പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ പൊലീസ് തയ്യാറായിട്ടില്ല.
സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ, ജില്ലാ സെക്രട്ടറി എം.വി ജയരാജൻ, പി.ഹരീന്ദ്രൻ, കെ.പി. മോഹനൻ എന്നിവർ ആക്രമണം നടന്ന സ്ഥലം ഇന്ന് രാവിലെ സന്ദർശിച്ചു. ഇന്നലെ രാത്രി നടന്ന അക്രമത്തിന് ലീഗ് മൗനാനുവാദം നൽകുകയാണെന്ന് നേതാക്കൾ ആരോപിച്ചു. അതേസമയം, സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണ് കൊല നടന്നതെന്ന് യു.ഡി.എഫ് ആരോപിച്ചു.
മൻസൂറിന്റെ മൃതദേഹം ഇന്നലെ രാത്രി 8.45 ഓടെ ഖബറടക്കി. വോട്ടെടുപ്പിന് പിന്നാലെയാണ് കണ്ണൂർ പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിനെ ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയത്. മൻസൂർ കൊല്ലപ്പെട്ടത് ബോംബേറിലാണെന്നാണ് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. കാൽമുട്ടിലെ മുറിവ് വെട്ടേറ്റതല്ലെന്നും ബോംബേറ് മൂലമുണ്ടായതെന്നുമാണ് കണ്ടെത്തൽ. ഇടത് കാൽമുട്ടിന് താഴെയായിരുന്നു ഗുരുതര പരിക്ക്. ബോംബ് സ്ഫോടനത്തിൽ ചിതറിപ്പോയത് കൊണ്ട് തലശേരിയിലെയും വടകരയിലെയും ആശുപത്രികളിൽ നിന്ന് പരിക്ക് തുന്നിച്ചേർക്കാൻ കഴിഞ്ഞിരുന്നില്ല.
സമാധാനയോഗം തുടങ്ങി
പ്രദേശത്ത് സമാധാനം പുന:സ്ഥാപിക്കുന്നതിനായി ജില്ലാ കളക്ടർ ടി.വി സുഭാഷിന്റെ നേതൃത്വത്തിൽ കളക്ടറേറ്റിൽ സമാധാനയോഗം നടക്കുകയാണ്. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് ഹാജി, ജനറൽ സെക്രട്ടറി കരീം ചേളേരി എന്നിവരാണ് ലീഗിനെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുക്കുന്നത്. സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, സംസ്ഥാന കമ്മറ്രി അംഗം പി. ജയരാജൻ എന്നിവരും യോഗത്തിൽ പങ്കെടുക്കും.