സി.പി.എം, ബി.ജെ.പി, കോൺഗ്രസ് നേതാക്കൾക്ക് ഭീഷണി
തക്കം പാർത്ത് തീവ്രവാദ ബന്ധമുള്ള സംഘടനകൾ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് പൊട്ടിപ്പുറപ്പെട്ട രാഷ്ട്രീയ സംഘർഷങ്ങളിൽ പകപോക്കലും കണക്ക് തീർക്കലും കൊലപാതകങ്ങൾക്കും കലാപങ്ങൾക്കും വഴിവച്ചേക്കുമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്. ഫലപ്രഖ്യാപനം വരെ സംസ്ഥാനത്ത് തികഞ്ഞ ജാഗ്രത പുലർത്താൻ പൊലീസിന് നിർദ്ദേശം നൽകണമെന്നും ഇന്റലിജൻസ് നൽകിയ രഹസ്യറിപ്പോർട്ടിൽ പരാമർശിക്കുന്നു.
കണ്ണൂർ മോഡൽ രാഷ്ട്രീയ കൊലപാതകങ്ങൾക്കും അക്രമങ്ങൾക്കും സാദ്ധ്യതയുള്ളതായാണ് ഇന്റലിജൻസിന്റെ കണ്ടെത്തൽ. കഴിഞ്ഞ അഞ്ചുവർഷം സംസ്ഥാനത്തുണ്ടായ രാഷ്ട്രീയ ഏറ്റുമുട്ടലിലും അക്രമങ്ങളിലും പരാജയം സംഭവിച്ചവരാണ് കണക്കുതീർക്കലുകളുടെ കോപ്പൊരുക്കങ്ങൾക്ക് പിന്നിലെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് തെക്കൻ കേരളത്തിൽ പ്രശ്നസാദ്ധ്യതയുള്ളത്. മദ്ധ്യകേരളത്തിൽ തൃശൂർ,കോട്ടയം, ഇടുക്കി ജില്ലകളിലും സംഘർഷ സാദ്ധ്യതയുള്ളതായി നിരീക്ഷണമുണ്ട്. വടക്കൻ കേരളത്തിൽ കണ്ണൂർ , കോഴിക്കോട് , മലപ്പുറം ജില്ലകളാണ് തന്ത്രപ്രധാന കേന്ദ്രങ്ങൾ.
പകപോക്കലിന് പട്ടിക
ഇടതുസർക്കാരിന്റെ കാലത്ത് ആർ.എസ്.എസ്, എസ്.ഡി.പി.ഐ ആക്രമണങ്ങളിൽ സി.പി.എം- ഡി.വൈ.എഫ്.ഐ പ്രവർത്തകരും സി.പി.എം ആക്രമണത്തിൽ ആർ.എസ്.എസ്, കോൺഗ്രസ് പ്രവർത്തകരും കൊല്ലപ്പെട്ട സ്ഥലങ്ങളിലാണ് കണക്കുതീർക്കലിന് സാദ്ധ്യതയുള്ളത്. ഡി.വൈ.എഫ്.ഐ പ്രവർത്തകർ കൊല്ലപ്പെട്ട തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട്, ആർ.എസ്.എസ് പ്രവർത്തകൻ കൊല്ലപ്പെട്ട ശ്രീകാര്യം, സി.പി.എം പ്രവർത്തകൻ കൊല്ലപ്പെട്ട കായംകുളം തുടങ്ങിയ സ്ഥലങ്ങളും പകപോക്കലുകളുടെ പട്ടികയിലുള്ളത്. തിരഞ്ഞെടുപ്പിന് പിന്നാലെ പോത്തൻകോട്, കാട്ടായിക്കോണം പ്രദേശങ്ങളിലും കായംകുളം, ഹരിപ്പാട് മേഖലകളിലും പൊട്ടിപ്പുറപ്പെട്ട രാഷ്ട്രീയ സംഘർഷങ്ങൾ നിയന്ത്രിച്ചില്ലെങ്കിൽ കൈവിട്ട് പോകാനും ജീവഹാനിയ്ക്കും ഇടയാക്കുമെന്ന സൂചനയും റിപ്പോർട്ടിലുണ്ട്.
തീവ്രവാദ സംഘടനകൾ തയ്യാറെടുക്കുന്നു
ഇന്നലെ കണ്ണൂരിൽ ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിലും രഹസ്യാന്വേഷണ വിഭാഗങ്ങൾ പ്രത്യാക്രമണങ്ങൾ പ്രതീക്ഷിക്കുന്നു. കേന്ദ്ര- സംസ്ഥാന സർക്കാരുകളോട് വിയോജിപ്പുള്ള ചില തീവ്ര സ്വഭാവമുള്ള സംഘടനകൾ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പ്രതികാര മോഹവുമായി രംഗത്തുള്ളതായും ഇന്റലിജൻസിന്റെ വെളിപ്പെടുത്തലുണ്ട്. മുസ്ളിം തീവ്രവാദ സംഘടനകൾ ,മാവോയിസ്റ്റുകൾ തുടങ്ങിയവയും രാഷ്ട്രീയ പ്രതിയോഗികൾക്ക് നേരെ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടുണ്ട്. ഭരണപരമായി യാതൊരു സ്വാധീനവുമില്ലാത്തതിനാൽ അണികളെ നിലനിറുത്താനും സംഘടനപ്രവർത്തനം കാര്യക്ഷമമാണെന്ന് വരുത്തിതീർക്കാനും ആക്രമണങ്ങൾ അനിവാര്യമായതിനാൽ കെയർടേക്കർ സർക്കാർ തുടരുന്ന സമയം അതിനായി തിരഞ്ഞെടുക്കാൻ സാദ്ധ്യതയുണ്ടെന്നും റിപ്പോർട്ടിൽ സൂചനയുണ്ട്.
തിരഞ്ഞെടുപ്പിന് മുന്നോടിയായി അക്രമികളെയും ക്രിമിനലുകളെയും അമർച്ച ചെയ്യുന്നതിൽ പൊലീസിനുണ്ടായ പരാജയവും തിരഞ്ഞെടുപ്പിന് മുന്നോടിയായി പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതും അക്രമങ്ങൾക്കും ക്രമസമാധാന പ്രശ്നങ്ങൾക്കും കാരണമാകുമെന്ന മുന്നറിയിപ്പും ഇന്റലിജൻസ് നൽകിയിട്ടുണ്ട്. സി.പി.എം, കോൺഗ്രസ്, ബി.ജെ.പി തുടങ്ങിയ പ്രധാന പാർട്ടികളുടെ ചില പ്രാദേശിക - ജില്ലാ നേതാക്കൾക്കും വധഭീഷണിയുള്ളതിനാൽ അത്തരക്കാർക്ക് സംരക്ഷണം നൽകാനും ശത്രുപക്ഷത്തുള്ളവരെ നിരീക്ഷിക്കാനും ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.