ന്യൂഡൽഹി: രാജ്യത്ത് ആവശ്യത്തിന് കൊവിഡ് വാക്സിൻ ഡോസുകളുണ്ടെന്ന് കേന്ദ്രസർക്കാർ ആവർത്തിക്കുന്നതിനിടെ, വാക്സിൻ കിട്ടാനില്ലെന്ന് ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര, ഒഡിഷ, ആന്ധ്ര എന്നീ സംസ്ഥാനങ്ങൾ നൂറുകണക്കിന് വാക്സിനേഷൻ കേന്ദ്രങ്ങൾ അടച്ചുപൂട്ടി.
ഇന്നലെ പൂനെയിൽ 100ലേറെ വാക്സിൻ കേന്ദ്രങ്ങൾ അടച്ചതായി എൻ.സി.പി എം.പി സുപ്രിയ സുലെ ടീറ്റ് ചെയ്തു. മുംബയിലെ 26 വാക്സിൻ കേന്ദ്രങ്ങൾ കൂടി താത്കാലികമായി അടച്ചു. ഇതിൽ 23 കേന്ദ്രങ്ങളും നവി മുംബയിലാണ്. സത്ര, സാംഗ്ലി പനവേൽ എന്നിവിടങ്ങളിലും വാക്സിനേഷൻ നടപടികൾ നിറുത്തിവച്ചതായി സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് ടോപെ അറിയിച്ചു.
കേന്ദ്രം മഹാരാഷ്ട്രയോട് വിവേചനം കാണിക്കുന്നതായി രാജേഷ് ടോപെ വിമർശിച്ചു.
'ഗുജറാത്തിനെക്കാൾ ഇരട്ടിയാണ് മഹാരാഷ്ട്രയിലെ ജനസംഖ്യയെങ്കിലും രണ്ട് സംസ്ഥാനത്തിനും ഒരു കോടി വീതം ഡോസുകളാണ് നൽകിയത്. ഒരാഴ്ച സംസ്ഥാനത്ത് 40 ലക്ഷം ഡോസ് വാക്സിൻ വേണം. ഇപ്പോൾ കേന്ദ്രം 17 ലക്ഷം ഡോസാണ് അനുവദിച്ചത്.' -രാജേഷ് പറഞ്ഞു.
കൊവിഡ് പ്രതിരോധത്തിൽ മഹാരാഷ്ട്ര പരാജയപ്പെട്ടെന്നും അതിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് വാക്സിൻ ക്ഷാമമുണ്ടെന്ന് പരാതിപ്പെടുന്നതെന്നും കഴിഞ്ഞദിവസം കേന്ദ്രആരോഗ്യമന്ത്രി വിമർശിച്ചിരുന്നു.
ഒഡിഷയിൽ 700ഓളം കേന്ദ്രങ്ങൾ പൂട്ടി
വാക്സിൻ ക്ഷാമത്തെ തുടർന്ന് ഒഡിഷയിൽ 700ഓളം കേന്ദ്രങ്ങൾ ഇന്നലെ അടച്ചുപൂട്ടി. സംസ്ഥാനത്തെ സാഹചര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി നവീൻ പട്നായിക്ക് കേന്ദ്രആരോഗ്യമന്ത്രി ഹർഷവർദ്ധന് കത്തയച്ചു. സംസ്ഥാനത്തിന്റെ കൈവശമുള്ള കൊവിഷീൽഡ് വാക്സിൻ ഡോസുകൾ ഇന്നത്തോടെ പൂർണമായും തീരുമെന്നും 25 ലക്ഷം ഡോസ് വാക്സിൻ ഉടൻ എത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിദിനം 2.5 ലക്ഷം പേർക്കാണ് ഒഡിഷയിൽ വാക്സിൻ കുത്തിവയ്ക്കുന്നത്.
ആന്ധ്രയിലും ക്ഷാമം
ആന്ധ്രയിലെ നെല്ലൂരിലും വെസ്റ്റ് ഗോധാവരി ജില്ലകളിൽ കൊവിഡ് വാക്സിൻ ക്ഷാമമെന്ന് റിപ്പോർട്ട്. ഉടൻ വാക്സിനെത്തിച്ചില്ലെങ്കിൽ കുത്തിവയ്പ് നിറുത്തി വയ്ക്കേണ്ടി വരും. കേന്ദ്രത്തോട് ഒരു കോടി വാക്സിൻ ഡോസുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഛത്തീസ്ഗഢ്, ഹരിയാന, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലും വാക്സിൻ ക്ഷാമമുണ്ടെന്ന് പരാതിപ്പെട്ടിട്ടുണ്ട്.
5 ലക്ഷം ഡോസുകൾ മഹാരാഷ്ട്ര പാഴാക്കി: കേന്ദ്രം
വാക്സിൻ ക്ഷാമമുണ്ടെന്ന മഹാരാഷ്ട്ര സർക്കാരിന്റെ പരാതിയിൽ വീണ്ടും വിമർശനവുമായി കേന്ദ്രം. സംസ്ഥാന സർക്കാരിന്റെ ആസൂത്രണ പിഴവ് മൂലം മഹാരാഷ്ട്രയിൽ അഞ്ചുലക്ഷം വാക്സിൻ ഡോസുകളാണ് പാഴാക്കിയതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. അടുത്ത അഞ്ചുദിവസത്തേക്ക് 23 ലക്ഷം വാക്സിൻ ഡോസുകൾ മഹാരാഷ്ട്രയിൽ നിലവിൽ ലഭ്യമാണ്. എല്ലാ സംസ്ഥാനങ്ങളിലും മൂന്ന് - നാല് ദിവസത്തേക്കുള്ള വാക്സിൻ ശേഖരമുണ്ട്. അത് വിവിധ ജില്ലകളിലേക്ക് വിതരണം ചെയ്യേണ്ട ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണെന്നും ജാവദേക്കർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.