റാന്നി: മന്ദമരുതിക്കു സമീപമുള്ള മാടത്തരുവി വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥികളായ രണ്ടു പേർ മുങ്ങിമരിച്ചു. റാന്നി ചേത്തയ്ക്കൽ പാലയ്ക്കാട്ട് പദ്മാലയത്തിൽ അജിയുടെയും പ്രസീജയുടെയും മകൻ അഭിജിത്ത് (ജിത്തു - 14), പിച്ചനാട്ട് പ്രസാദിന്റെയും ജയയുടെയും മകൻ അഭിഷേക് (ശബരി - 14) എന്നിവരാണ് മരിച്ചത്. പരിയാരത്ത് ജിജുവിന്റെ മകൻ ദുർഗാദത്തൻ (14) രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടാണ് സംഭവം.
കൂട്ടുകാരും അയൽവാസികളുമാണ് ഇവർ. പാറയുടെ മുകളിൽ വച്ചിരുന്ന മൊബൈൽ ഫോൺ എടുക്കാൻപോയ ദുർഗാദത്തൻ മടങ്ങിയെത്തിയപ്പോൾ കൂട്ടുകാരെ കാണാനില്ലായിരുന്നു. ദുർഗാദത്തന്റെ നിലവിളി കേട്ട് നാട്ടുകാർ ഒാടിക്കൂടി. പാറയിൽ നിന്ന് കയറിൽ കെട്ടിയിറങ്ങി നടത്തിയ തെരച്ചിലിൽ ഗുഹപോലുള്ള ഭാഗത്തുനിന്ന് മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.അഗ്നിരക്ഷാസേനയും പൊലീസുമെത്തി മൃതദേഹങ്ങൾ റാന്നിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. കൊവിഡ് പരിശോധനയ്ക്ക് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
റാന്നി സിറ്റാഡൽ സ്കൂളിലെ ഒൻപതാം ക്ളാസ് വിദ്യാർത്ഥിയാണ് അഭിജിത്ത്. കൊല്ലമുള ലിറ്റിൽ ഫ്ളവർ സ്കൂളിലെ ഒൻപതാം ക്ളാസ് വിദ്യാർത്ഥിയാണ് അഭിഷേക്. കാഞ്ഞിരപ്പള്ളി അഗ്നിരക്ഷാ സേനയിലെ ഉദ്യോഗസ്ഥനാണ് അഭിഷേകിന്റെ പിതാവ് പ്രസാദ്. ഗൗരി പ്രസാദാണ് സഹോദരി. അഭിജിത്തിന്റെ സഹോദരൻ ആകാശ്.