rbi

മുംബയ്: മോറട്ടോറിയം കാലത്ത് വായ്‌പാ ഇടപാടുകാരിൽ നിന്ന് ഈടാക്കിയ പിഴപ്പലിശ തിരിച്ചുനൽകാൻ അതത് ഡയറക്‌ടർ ബോർഡുകളുടെ നയപ്രകാരമുള്ള തീരുമാനം ഉടനെടുക്കണമെന്ന് ബാങ്കുകളോടും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളോടും (എൻ.ബി.എഫ്.സി) റിസർവ് ബാങ്ക് നിർദേശിച്ചു. രണ്ടുകോടി രൂപവരെയുള്ള വായ്‌പകളുടെ പിഴപ്പലിശ ഉപഭോക്താക്കൾക്ക് കേന്ദ്രസർക്കാർ തിരിച്ചുനൽകിയിരുന്നു. ഈയിനത്തിൽ കേന്ദ്രത്തിനുണ്ടായ ബാദ്ധ്യത 6,500 കോടി രൂപയാണ്. രണ്ടുകോടി രൂപയ്ക്ക് മുകളിലുള്ള വായ്‌പകളും പിഴപ്പലിശ റീഫണ്ടിംഗിന് അർഹമാണെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. ഇതുപ്രകാരം 7,500 കോടി രൂപ കൂടി ഉപഭോക്താക്കൾക്ക് തിരിച്ചുകൊടുക്കണം.

കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞവർഷം മാർച്ച് ഒന്നുമുതൽ ആഗസ്‌റ്റ് 31 വരെയുള്ള വായ്‌പാ തിരിച്ചടവുകൾക്കാണ് റിസർവ് ബാങ്ക് മോറട്ടോറിയം പ്രഖ്യാപിച്ചത്. ഇക്കാലയളവിലെ പലിശ ഈടാക്കാമെങ്കിലും പിഴപ്പലിശ ഒഴിവാക്കണമെന്നാണ് സുപ്രീംകോടതി വിധിച്ചത്. പിഴപ്പലിശ റീഫണ്ട് ചെയ്യുമ്പോൾ മോറട്ടോറിയം പൂർണമായോ ഭാഗികമായോ സ്വീകരിച്ചവരെ മാത്രമല്ല, മോറട്ടോറിയം വേണ്ടെന്നുവച്ചവരെയും പരിഗണിക്കണമെന്ന് റിസർവ് ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തേ, കേന്ദ്രം റീഫണ്ട് നൽകിയപ്പോഴും മോറട്ടോറിയം സ്വീകരിക്കാത്ത വായ്‌പാ ഇടപാടുകാർക്കും ഗുണം കിട്ടിയിരുന്നു.

ഉപഭോക്തൃ സംതൃപ്തി

കുറയുന്നു

രാജ്യത്ത് ഉപഭോക്താക്കളുടെ ആത്മവിശ്വാസം കുറയുന്നതായി റിസർവ് ബാങ്കിന്റെ സർവേ റിപ്പോർട്ട്. കറന്റ് സിറ്റുവേഷൻ ഇൻഡക്‌സ് മാർച്ചിൽ 53.1 ആണ്. ജനുവരിയിൽ ഇത് 55.5 ആയിരുന്നു. സൂചിക 100ന് മുകളിലാണെങ്കിലേ ഉപഭോക്താക്കൾ സംതൃപ്‌തരാണെന്ന് പറയാനാകൂ. കഴിഞ്ഞ സെപ്‌തംബറിൽ ഇത് 49.9 ആയിരുന്നു.

തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു, മുംബയ് തുടങ്ങി 13 നഗരങ്ങളിലായാണ് സർവേ സംഘടിപ്പിച്ചത്. സാമ്പത്തികസ്ഥിതി, തൊഴിൽ, വരുമാനം, വിലനിലവാരം, ചെലവ് എന്നിവയിലൂന്നിയാണ് സർവേ നടത്തിയത്.