ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കാഡ് വർദ്ധന. കഴിഞ്ഞ 24 മണിക്കൂറിൽ 1,26,789 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതുവരെയുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. തുടർച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന രോഗികൾ ഒരു ലക്ഷം കടക്കുന്നത്.
മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, കർണാടക, യു.പി, ഡൽഹി, മദ്ധ്യപ്രദേശ്, തമിഴ്‌നാട്, ഗുജറാത്ത്, കേരളം, പഞ്ചാബ് സംസ്ഥാനങ്ങളിലാണ് രോഗികളുടെ എണ്ണം ഉയരുന്നത്. പുതിയ കേസുകളുടെ 84.21 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്. 59,000ത്തിലേറെ പേർക്കാണ് മഹാരാഷ്ട്രയിൽ മാത്രം രോഗം സ്ഥിരീകരിച്ചത്. ദേശീയ രോഗസ്ഥിരീകരണ നിരക്ക് 2.19 ശതമാനത്തിൽ നിന്ന് 8.40 ശതമാനമായി ഉയർന്നു.
ചികിത്സയിലുള്ളവരുടെ എണ്ണം 9 ലക്ഷം കടന്നു. രാജ്യത്തെ ആകെ പോസിറ്റീവ് കേസുകളുടെ 7.04 ശതമാനമാണിത്. രോഗമുക്തി വീണ്ടും കുറഞ്ഞ് 91.67 ശതമാനമായി. 24 മണിക്കൂറിനിടെ 59,258 പേരാണ് രോഗമുക്തരായത്. 685 പേർ കൂടി മരിച്ചു.
തമിഴ്നാട്ടിൽ നിയന്ത്രണം
കൊവിഡ് കേസുകൾ ഉയരുന്നതിനാൽ തമിഴ്‌നാട്ടിൽ നിയന്ത്രണങ്ങൾ ശക്തമാക്കി. കണ്ടെയ്ൻമെന്റ് സോണുകളിൽ സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തി. ശനിയാഴ്ച മുതൽ ആരാധനാലയങ്ങളിൽ പ്രവേശനം രാത്രി എട്ടുവരെയാക്കി ചുരുക്കി. മറ്റു സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് ഇ-പാസ് തുടരും.
മദ്ധ്യപ്രദേശിൽ ഇന്ന് വൈകിട്ട് ആറ് മുതൽ തിങ്കളാഴ്ച വൈകിട്ട് ആറുവരെ നഗരമേഖലകളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.
യു.പിയിൽ ലക്‌നൗ, കാൺപൂർ, വാരണാസി, പ്രയാഗ്‌രാജ് എന്നിവിടങ്ങളിൽ ഏപ്രിൽ 30 വരെ രാത്രി കർഫ്യൂ.
കൊവിഡ് മുക്തനായ ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൽക്കർ ആശുപത്രിവിട്ടു.
രാജ്യത്ത് കുത്തിവച്ച വാക്സിൻ ഡോസുകളുടെ എണ്ണം 9 കോടി കടന്നു.