ldf-udf-and-nda

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി എണ്‍പത്തിയഞ്ചോ അതിലധികമോ സീറ്റുകള്‍ നേടാൻ സാദ്ധ്യതയുണ്ടെന്ന് സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ട് പറയുന്നു. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട് തിരുവനന്തപുരത്ത് കോവളം മണ്ഡലത്തിൽ മാത്രമാണ് യുഡിഎഫ് വിജയിക്കുക എന്നാണ് റിപ്പോർട്ട് പറയുന്നത്.

ജില്ലയിലെ മറ്റ് സീറ്റുകളിലെല്ലാം എല്‍ഡിഎഫ് വിജയം നേടുമെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം ഇത്തവണ 93 സീറ്റുകള്‍ വരെ നേടാൻ കഴിയുമെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്.

സിറ്റിംഗ് സീറ്റുകളില്‍ 90 ശതമാനവും നിലനിര്‍ത്താനാവുമെന്നാണ് മുന്നണി കരുതുന്നുണ്ട്. മഞ്ചേശ്വരം, നേമം, കോന്നി എന്നീ മണ്ഡലങ്ങളില്‍ ബിജെപിക്ക് അനുകൂലമായ ഫലം ഉണ്ടാവില്ലെന്നാണ് എൽഡിഎഫിന്റെ കണക്കുകൂട്ടൽ.

മഞ്ചേശ്വരത്തും കോന്നിയിലുമായാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഇത്തവണ മത്സരിച്ചത്. കഴക്കൂട്ടത്ത് 5000-10,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തങ്ങള്‍ വിജയിക്കുമെന്നും തിരുവനന്തപുരം മണ്ഡലത്തില്‍ അട്ടിമറി വിജയം നേടാനാവുമെന്നാണ് എൽഡിഎഫ് വിലയിരുത്തുന്നുണ്ട്.

കഴക്കൂട്ടത്ത് എൽഡിഎഫിന്റെ കടകംപള്ളി സുരേന്ദ്രൻ, യുഡിഎഫിന്റെ എസ്എസ് ലാൽ, എൻഡിഎയുടെ ശോഭാ സുരേന്ദ്രൻ എന്നിവരാണ് മത്സരിക്കുന്നത്. തിരുവനന്തപുരം സെൻട്രലിലാകട്ടെ, എൽഡിഎഫിന്റെ ആന്റണി രാജു, യുഡിഎഫിന്റെ വിഎസ്‌ ശിവകുമാർ, എൻഡിഎയുടെ കൃഷ്ണകുമാർ എന്നിവർ തമ്മിലാണ് മത്സരം.