ന്യൂഡൽഹി: ഇന്ത്യയിലും ജപ്പാനിലുമടക്കം കൊവിഡ് ഭീതി വീണ്ടും കനത്തതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ഇടിയുന്നു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഇന്ധനവില്പനയെ ബാധിച്ചേക്കുമെന്ന വിലയിരുത്തലുകളാണ് തിരിച്ചടിയാകുന്നത്. കഴിഞ്ഞമാസം ബാരലിന് 66 ഡോളർ വരെയായിരുന്ന ക്രൂഡോയിൽ വില (ഡബ്ള്യു.ടി.ഐ ക്രൂഡ്) ഇന്നലെയുള്ളത് 59.17 ഡോളറിലാണ്. ബ്രെന്റ് ക്രൂഡ് വില 69.63 ഡോളറായിരുന്നത് 63.69 ഡോളറിലുമെത്തി.
ഇന്ത്യയുടെ വാങ്ങൽവില (ഇന്ത്യൻ ബാസ്‌കറ്റ്) ബാരലിന് 68 ഡോളറിൽ നിന്ന് 61.58 ഡോളറായും കുറഞ്ഞിട്ടുണ്ട്. ഉത്‌പാദനം വെട്ടിക്കുറച്ച് വില കൂട്ടുന്ന പദ്ധതി പുനഃപരിശോധിക്കണമെന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ ആവശ്യം പരിഗണിക്കാനുള്ള, സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ഉത്‌പാദക രാജ്യങ്ങളുടെ (ഒപെക്) നീക്കവും എണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്. മൂന്നുമാസത്തേക്ക് പ്രതിദിനം 20 ലക്ഷം ബാരൽ വീതം ഉത്‌പാദനം കൂട്ടാനാണ് ആലോചന. അതേസമയം, സൗദിയിൽ നിന്നുള്ള ക്രൂഡോയിൽ കുറയ്ക്കാൻ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. ഇറാനുമേലുള്ള അമേരിക്കൻ ഉപരോധം നീങ്ങുന്ന മുറയ്ക്ക് ഇറാനിൽ നിന്നുള്ള ഇറക്കുമതി കൂട്ടാനാണ് നീക്കം.
2020-21ൽ ഇന്ത്യ ഏറ്റവുമധികം ക്രൂഡോയിൽ ഇറക്കുമതി ചെയ്‌തത് ഇറാക്കിൽ നിന്നാണ്. സൗദി അറേബ്യ രണ്ടാമതും യു.എ.ഇ മൂന്നാമതുമാണ്. നൈജീരിയയാണ് നാലാമത്; അമേരിക്ക അഞ്ചാംസ്ഥാനത്തും.
പെട്രോൾ, ഡീസൽ
വില നിശ്‌ചലം
അന്താരാഷ്‌ട്ര ക്രൂഡോയിൽ വില കുറഞ്ഞെങ്കിലും കഴിഞ്ഞ ഒരാഴ്‌ചയിലേറെയായി പെട്രോൾ, ഡീസൽ വില എണ്ണക്കമ്പനികൾ പരിഷ്‌കരിച്ചിട്ടില്ല. തിരുവനന്തപുരത്ത് പെട്രോളിന് 92.44 രൂപയും ഡീസലിന് 86.90 രൂപയുമാണ് വില.