മുഖ്യമന്ത്രിക്കും ഉമ്മൻചാണ്ടിക്കും കൊവിഡ്
42 ദിവസത്തിന് ശേഷം രോഗികൾ 4000 കടന്നു
കൂടുതൽ നിരീക്ഷണ കേന്ദ്രങ്ങൾ തുറക്കും
തിരുവനനതപുരം: ഒന്നര മാസമായി താഴോട്ടായിരുന്ന കൊവിഡ് ഗ്രാഫ് തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ രണ്ടാം തരംഗത്തിന്റെ സൂചന നൽകി കുതിച്ചുയരുന്നതിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളും ജാഗ്രതയും കർശനമാക്കി ആരോഗ്യ വകുപ്പ്. വരുന്ന മൂന്നാഴ്ച നിർണായകമാണെന്നാണ് മുന്നറിയിപ്പ്.
അതിനിടെ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും കൊവിഡ് സ്ഥിരീകരിച്ചു. തിരഞ്ഞടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരും വോട്ടിടാൻ പോയവരും പനി, ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കിൽ കൊവിഡ് പരിശോധന നടത്തണം.
ഇന്നലെ 4353 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഫെബ്രുവരി 24ന് ശേഷം രോഗികൾ 4000 കടന്നത് ആദ്യമാണ്. 42 ദിവസത്തിന് ശേഷമുള്ള വർദ്ധന കൊവിഡിന്റെ ശക്തമായ തിരിച്ചുവരവിന്റെ സൂചനയാണെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു.
തദ്ദേശസ്ഥാപനങ്ങളുടെ നിയന്ത്രണത്തിൽ നിരീക്ഷണ കേന്ദ്രങ്ങൾ വീണ്ടും തുറക്കാനും ആശുപത്രികളിൽ കൂടുതൽ കിടക്കകൾ ഒരുക്കാനും ആലോചിക്കുന്നു. ജില്ലാ കളക്ടർമാർ തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് ഉടൻ നിർദേശം നൽകും.
നിലതെറ്റിച്ച തിരഞ്ഞെടുപ്പ്
നിയന്ത്രണങ്ങളെല്ലാം പാളിയ തിരഞ്ഞെടുപ്പ് കാലത്തിന് ശേഷം രോഗികളുടെ എണ്ണത്തിൽ വർദ്ധന ആരോഗ്യ വകുപ്പ് പ്രതിക്ഷിച്ചതാണ്. 36 ദിവസങ്ങൾക്ക് ശേഷം ചൊവ്വാഴ്ച രോഗികളുടെ എണ്ണം 3000 കടന്നു. 3502 കേസുകളാണ് അന്ന് റിപ്പോർട്ട് ചെയ്തത്. ബുധനാഴ്ചയും 3502. ഇന്നലെ 4000 കടക്കുകയും ചെയ്തു.
ക്വാറന്റൈൻ നിർബന്ധം
കൊവിഡ് പ്രോട്ടോക്കോളിൽ മാറ്റം വരുത്തിയിട്ടില്ലെന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർ ഏഴു ദിവസത്തിൽ കൂടുതൽ ഇവിടെ കഴിയുന്നുണ്ടെങ്കിൽ ആദ്യത്തെ ഏഴു ദിവസം ക്വാറന്റൈനിൽ കഴിയണമെന്നും ചീഫ് സെക്രട്ടറി വി.പി ജോയ് അറിയിച്ചു. എട്ടാം ദിവസം ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തണം.
തിര. കമ്മിഷൻ ഓഫീസ് അടച്ചു
തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഓഫീസിൽ അഞ്ച് പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയടക്കം പത്ത് പേർ നിരീക്ഷണത്തിലാവുകയും ചെയ്തതോടെ ഓഫീസ് അടച്ചു. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഇന്ന് കൊവിഡ് പരിശോധന നടത്തും
മുഖ്യമന്ത്രിയും ഉമ്മൻചാണ്ടിയും
ആശുപത്രിയിൽ
കണ്ണൂരിലെ വസതിയിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടി. തിരുവനന്തപുരത്തെ വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ഉമ്മൻചാണ്ടി രാത്രി വൈകി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
മുഖ്യമന്ത്രിക്ക് ലക്ഷണങ്ങളൊന്നുമില്ല. ഉമ്മൻചാണ്ടിക്ക് പനി അനുഭവപ്പെട്ടതിനെ തുടർന്നാണ് പരിശോധന നടത്തിയത്. മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് തിരഞ്ഞെടുപ്പ് ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഒരു മാസം മുമ്പ് മുഖ്യമന്ത്രി കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതാണ്. കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രിയുമായും ഉമ്മൻചാണ്ടിയുമായും സമ്പർക്കത്തിൽ വന്നവരോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.