ഏതാനും ദിവസങ്ങൾക്ക് മുൻപാണ് തൃശൂർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളായ ജാനകിയും നവീനും 'ബോണി എമ്മി'ന്റെ ലോകപ്രശസ്ത ഗാനമായ 'റാസ്പുട്ടി'ന് ചുവടുവയ്ക്കുന്നതിന്റെ 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിലൂടെയും മറ്റുമായി ശ്രദ്ധ നേടുന്നത്. വീഡിയോ വൈറലായി മാറിയതോടെ മുഖ്യധാരാ മാദ്ധ്യമങ്ങളും ഇവരെ തേടിയെത്തി.
എന്നാൽ മനസ്സിൽ വിദ്വേഷ ചിന്ത പുലർത്തുന്ന ചിലർക്ക് ഇരുവരുടെയും മതം കണ്ടെത്തി അവരെ വർഗീയ പരാമർശങ്ങൾ കൊണ്ട് അവഹേളിക്കാനാണ് തോന്നിയത്. ഇത്തരത്തിൽ അങ്ങേയറ്റം മോശം പരാമർശങ്ങളുടെ കമന്റ് ബോക്സുകളിലൂടെയും സോഷ്യൽ മീഡിയാ വാളുകളിലൂടെയും ഇവർ രംഗത്ത് വരികയും ചെയ്തിരുന്നു.
അയ്യോ ഞങ്ങൾക്ക് ഡാൻസ് ചെയ്യാൻ അറിയാൻ പാടില്ലേ...... 😥😥😥
Posted by Amrutha Rahim on Thursday, 8 April 2021
ഇത്തരക്കാരുടെ ദുഷിച്ച ചിന്തകളെയും ഉദ്ദേശ്യങ്ങളെയും ശക്തമായി പ്രതിരോധിച്ചുകൊണ്ട് സോഷ്യൽ മീഡിയ ജാനകിയേയും നവീനിനെയും പിന്തുണയ്ക്കുകയും ചെയ്തു. ഇരുവരുടെയും ചടുലമായ നൃത്തച്ചുവടുകളെ പ്രശംസിച്ച സോഷ്യൽ മീഡിയ ഇനിയും ഇത്തരത്തിൽ വീഡിയോകൾ ചെയ്യണമെന്ന് പറഞ്ഞുകൊണ്ട് സുഹൃത്തുക്കളായ ഈ വിദ്യാർത്ഥികളെ അഭിനന്ദിക്കുകയും ചെയ്തു.
വർഗീയ ചിന്താഗതികൾ വച്ചുപുലർത്തുന്നവരെ പരിഹസിച്ചുകൊണ്ട് മാദ്ധ്യമപ്രവർത്തകയും അധ്യാപികയും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹിമിന്റെ ഭാര്യയുമായ അമൃത റഹിമും തന്റെ ഒറ്റവരി സോഷ്യൽ മീഡിയാ കുറിപ്പുമായി രംഗത്തുവന്നിട്ടുണ്ട്.
തന്റെ ഭർത്താവിനോടൊത്തുള്ള ചിത്രം പങ്കുവച്ചുകൊണ്ട് 'അയ്യോ ഞങ്ങൾക്ക് ഡാൻസ് ചെയ്യാൻ അറിയാൻ പാടില്ലേ...'-എന്നാണ് അമൃത കുറിച്ചിരിക്കുന്നത്. ഈ പോസ്റ്റിന് മുമ്പായി ജാനകിയുടെയും നവീനിന്റെയും ഡാൻസ് വീഡിയോ പങ്കുവച്ചുകൊണ്ട് 'ജാനകി ഓംകുമാറിന്റെ അച്ഛനും അമ്മയ്ക്കും വേണ്ടി കൂട്ട പ്രാർത്ഥന നടക്കുന്നൂന്നറിഞ്ഞു വന്നതാ...ന്നാ പിന്നെ കൂടിയിട്ട് പോകാല്ലോ'- എന്നും അമൃത റഹിം പറയുന്നുണ്ട്.