ജയ്‌പൂർ:ഛത്തീസ്ഗഢിലെ ബസ്തർ വനമേഖലയിൽ ശനിയാഴ്ച ഏറ്റുമുട്ടലിനിടെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയ സി.ആർ.പി.എഫ് കോബ്ര കമാൻഡർ രാകേശ്വർ സിംഗ് മൻഹാസിനെ മോചിപ്പിച്ചു.
അഞ്ചു ദിവസത്തോളം മാവോയിസ്റ്റ് കസ്റ്റഡിയിൽ കഴിഞ്ഞ ജവാനെ സംസ്ഥാന സർക്കാർ നിയോഗിച്ച മദ്ധ്യസ്ഥർ നടത്തിയ ചർച്ചയിലാണ് മോചിപ്പിക്കാൻ ധാരണയായത്. മോചനത്തിന് മാവോയിസ്റ്റുകൾ ഉപാധികൾ വച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. ഉപാധികൾ എന്താണെന്നും അവ സർക്കാർ അംഗീകരിച്ചോ ഇല്ലയോ എന്നും വ്യക്തമായിട്ടില്ല.
ബസ്‌തറിലെ പ്രശസ്‌ത സാമൂഹ്യപ്രവർത്തകൻ ധരംപാൽ സൈനി, ഗോണ്ട്വാന സമാജ് നേതാവ് തേലം ബൊറേയ എന്നിവരെയാണ് മദ്ധ്യസ്ഥതയ്‌ക്ക് നിയോഗിച്ചത്. ബീജാപൂരിലെ ഏതാനും മാദ്ധ്യമപ്രവർത്തകരും വനിതാപ്രതിനിധി ഹേംല സുഖ്‌മതിയും ചർച്ചയിൽ പങ്കെടുത്തതായി ഉന്നത പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
മാവോയിസ്റ്റുകൾ ജവാനെ ഗ്രാമീണർക്ക് കൈമാറുകയായിരുന്നു. ഇന്നലെ വൈകിട്ട് നാലരയോടെ മദ്ധ്യസ്ഥർക്കൊപ്പം ബീജാപ്പൂരിലെ സി.ആർ.പി.എഫ് ക്യാമ്പിൽ എത്തിയ മൻഹാസിനെ ബസഗുഡയിലെ സേനയുടെ ഫീൽഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൻഹാസിന്റെ തിരിച്ചുവരവ് സംബന്ധിച്ച് ഔദ്യോഗിക സന്ദേശം ലഭിച്ചെന്നും അദ്ദേഹം പൂർണ ആരോഗ്യവാനാണെന്നും ഭാര്യ മീനു വാർത്താ ഏജൻസിയോട് പറഞ്ഞു. ജമ്മു സ്വദേശിയായ മൻഹാസിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ കേന്ദ്ര സർക്കാരിന് കത്തയച്ചിരുന്നു.
അജ്ഞാത കേന്ദ്രത്തിൽ മൻഹാസ് ഇരിക്കുന്ന ചിത്രം കഴിഞ്ഞ ദിവസം മാവോയിസ്റ്റുകൾ പുറത്തുവിട്ടിരുന്നു.
കഴിഞ്ഞ മേയിൽ മാവോയിസ്റ്റുകൾ തടവിലാക്കിയ പൊലീസ് കോൺസ്റ്റബിൾ സന്തോഷ് കട്ടമിനെ സാമൂഹിക പ്രവർത്തകരുടെ മദ്ധ്യസ്ഥ ശ്രമങ്ങളെത്തുടർന്ന് ഒരാഴ്ചയ്ക്ക് ശേഷം മോചിപ്പിച്ചിരുന്നു.
ഏപ്രിൽ മൂന്നിന് സുക്മ ജില്ലയിലെ ബീജാപൂർ അതിർത്തിയിലെ വനമേഖലയിൽ സുരക്ഷാ സൈന്യം തെരച്ചിൽ നടത്തുന്നതിനിടെ മാവോയിസ്റ്റുകൾ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. 22 ജവാന്മാർ വീരമൃത്യു വരിച്ചു. ഒരു സ്ത്രീ ഉൾപ്പെടെ അഞ്ചു മാവോയിസ്റ്റുകളും കൊല്ലപ്പെട്ടു.