കോഴിക്കോട്: കൊവിഡ് ബാധിതനായി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുളള മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോഗ്യസ്ഥിതി വിലയിരുത്താൻ രാവിലെ മെഡിക്കൽ ബോർഡ് ചേരും. ഇന്നലെ രാത്രിയിലെ പ്രാഥമിക പരിശോധനയിൽ മുഖ്യമന്ത്രിക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ഡോക്‌ടർമാർ വിലയിരുത്തി. സൂപ്രണ്ടിന്റെ നേതൃത്വത്തിലുളള ഏഴംഗ സംഘമാണ് ചികിത്സക്കായുളളത്.
മെഡിക്കൽ കോളജിലെ പരിശോധനയിൽ മുഖ്യമന്ത്രിയുടെ കൊച്ചുമകനും കൊവിഡ് സ്ഥിരീകരിച്ചു. മകൾ വീണ, മരുമകൻ മുഹമ്മദ് റിയാസ് എന്നിവരും കൊവിഡ് ബാധിച്ച് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മുഖ്യമന്ത്രി കണ്ണൂരിൽ ക്വാറന്റീനിൽ കഴിയവെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമായി കൊണ്ടിരിക്കെയാണ് മുഖ്യമന്ത്രിക്കും കൊവിഡ് സ്ഥിരീകരിക്കുന്നത്. കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് മുഖ്യമന്ത്രി സ്വീകരിച്ചിരുന്നു.