sivankutty

തിരുവനന്തപുരം: നേമത്ത് എൽ ഡി എഫും തിരുവനന്തപുരത്ത് യു ഡി എഫും എസ് ഡി പി ഐ വോട്ട് സ്വീകരിച്ചതിനെ കുറിച്ച് മറുപടി പറയണമെന്ന് ബി ജെ പി. എസ് ഡി പി ഐ അങ്ങോട്ടുപോയി പിന്തുണ നൽകിയതാകില്ലെന്നും ഇതിന് പിന്നിൽ ആസൂത്രിതമായ ആലോചനയുണ്ടെന്നും ബി ജെ പി തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷൻ വി വി രാജേഷ്. വിഘടനവാദികളുമായി കൂട്ടുകെട്ട് ഉണ്ടാക്കിയത് ജനങ്ങൾ തിരച്ചറിഞ്ഞെന്നും രാജേഷ് പറഞ്ഞു.

നേമത്ത് കുമ്മനം രാജശേഖരന്റെ വിജയം തടയാൻ ഇടതുപക്ഷമാണ് ഉചിതമെന്ന് തിരിച്ചറിഞ്ഞ് വി ശിവൻകുട്ടിക്ക് ഒപ്പം നിന്നുവെന്നായിരുന്നു എസ് ഡി പി ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടളയുടെ വെളിപ്പെടുത്തൽ. നേമത്ത് പതിനായിരം വോട്ട് എസ് ഡി പി ഐക്ക് ഉണ്ടെന്നാണ് അവകാശവാദം. തിരുവനന്തപുരത്തെ മൂവായിരത്തോളം വോട്ട് വി എസ് ശിവകുമാറിന് നൽകിയെന്നും എസ് ഡി പി ഐ നേതാവ് പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ ശിവൻകുട്ടിയും ശിവകുമാറും മറുപടി പറയണമെന്നാണ് ബി ജെ പി ആവശ്യം.

എസ് ഡി പി ഐ മത്സരിച്ച നെടുമങ്ങാടും വാമനപുരത്തും ഒഴികെ ഇരുമുന്നണികളും എസ് ഡി പി ഐയോട് വോട്ട് അഭ്യർത്ഥിച്ചിരുന്നുവെന്നാണ് എസ് ഡി പി ഐ നേതാവ് പറഞ്ഞത്. നേരിയ വോട്ടുവ്യത്യാസംപോലും വലിയ ചലനങ്ങൾ ഉണ്ടാക്കാനിടയുളള തലസ്ഥാന ജില്ലയിൽ എസ് ഡി പി ഐ ധാരണ പുതിയ വിവാദങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്.