പാലക്കാട്: തനിക്കെതിരെയുളള ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് കുറിപ്പ് മുഖ്യമന്ത്രിയുടെ അറിവോടെയുളള ഗൂഢാലോചനയെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ. അപകീർത്തിപ്പെടുത്തുന്ന കുറിപ്പിന് ഹരീഷ് വാസുദേവനെതിരെ വാളയാർ പൊലീസ് സ്റ്റേഷനിൽ കുട്ടികളുടെ അമ്മ പരാതി നൽകി. കേസിലെ പ്രതികൾ തങ്ങളുടെ വീട്ടിൽ വന്നുതാമസിച്ചുവെന്നൊക്കെ പറയുന്നത് അടിസ്ഥാനരഹിതമാണെന്നാണ് അമ്മയുടെ ആരോപണം.
വാസ്‌തവം അറിയാനോ വിവരം അന്വേഷിക്കാനോ ഒരു തവണയെങ്കിലും ഇങ്ങോട്ട് വരികയോ സംസാരിക്കുകയോ ചെയ്യാത്തവർക്കൊക്കെ എന്ത് വേണമെങ്കിലും പറയാമല്ലോ. പ്രതികളെ വെറുതെ വിട്ട 2019ൽ സർക്കാരിനേയും ഡി വൈ എസ് പി സോജനേയും വിമർശിച്ചയാളാണ് ഇപ്പോൾ മറുകണ്ടം ചാടി തങ്ങൾക്കെതിരെ തിരിഞ്ഞിരിക്കുന്നത്. ധർമ്മടം മണ്ഡലത്തിൽ മത്സരിച്ചത് വിജയിച്ച് എം എൽ എ ആവാനല്ല, പ്രതിഷേധത്തിന്റെ ഭാഗമായിട്ടായിരുന്നു മത്സരമെന്നും പെൺകുട്ടികളുടെ അമ്മ വ്യക്തമാക്കി.
ഏപ്രിൽ ആറിന് മുമ്പാണ് വാളയാർ കേസിന്റെ അന്വേഷണത്തിന്റെ വിശദാംശങ്ങളടങ്ങിയ കുറിപ്പ് ഹരീഷ് വാസുദേവൻ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്‌തത്. ആദ്യം കുട്ടി മരിച്ചപ്പോൾ മാതാപിതാക്കൾ പരാതിപ്പെട്ടില്ല. പ്രതി കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നത് അമ്മ നേരിട്ട് കണ്ടിട്ടും പരാതി നൽകിയില്ല. പ്രതിയെ വീട്ടിൽ വിലക്കിയില്ല. മൊഴികളിൽ വൈരുദ്ധ്യം, പ്രതികളിലൊരാളുടെ പേര് മറച്ചുവെച്ചു, പ്രതികളെ സഹായിക്കുന്ന നിലപാട് എടുത്തു തുടങ്ങിയ ആരോപണങ്ങളാണ് ഹരീഷ് വാസുദേവൻ ഫേസ്‌ബുക്ക് കുറിപ്പിലൂടെ ഉന്നയിച്ചത്.