തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം പന്ത്രണ്ട് വരെ ശക്തമായ വേനൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥ ഗവേഷണ കേന്ദ്രം അറിയിച്ചു. തൃശൂർ മുതൽ തിരുവനന്തപുരം വരെ എല്ലാ ജില്ലകളിലും ഇന്ന് മഴയുണ്ടാകുമെന്നാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ നിഗമനം.
അഞ്ചു മുതൽ 20 മില്ലി മീറ്റർ വരെ മഴയുണ്ടാകുമെന്നാണ് വിലയിരുത്തൽ. എന്നാൽ വടക്കൻ കേരളത്തിൽ മഴ ശക്തമാകില്ല. ചിലയിടങ്ങളിൽ 30 മുതൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റിന് സാദ്ധ്യതയുണ്ട്. മദ്ധ്യ കേരളത്തിലും തെക്കൻ കേരളത്തിലും ഇന്നലെ വ്യാപകമായി മഴ പെയ്‌തിരുന്നു. മാർച്ച് ഒന്നു മുതൽ ഇന്നലെ വരെ കേരളത്തിൽ ലഭിച്ചത് 20 ശതമാനം അധിക മഴയാണ്.