തിരുവനന്തപുരം: ത്രികോണ മത്സരം നടന്ന നേമത്ത് ഇടതുമുന്നണിക്കും തിരുവനന്തപുരത്ത് യു ഡി എഫിനും വോട്ട് ചെയ്‌തതായി എസ് ഡി പി ഐ വെളിപ്പെടുത്തിയെങ്കിലും ഇതുസംബന്ധിച്ച് പ്രതികരണത്തിന് ഇരു മുന്നണികളിലേയും നേതാക്കളാരും തയ്യാറായിരുന്നില്ല. അതിനിടെ എസ് ഡി പി ഐ അങ്ങോട്ട് പോയി പിന്തുണയ്‌ക്കില്ലെന്നും അവരുടെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ടോയെന്ന് ശിവൻകുട്ടിയും ശിവകുമാറും വ്യക്തമാക്കണമെന്നുമായിരുന്നു ബി ജെ പിയുടെ പ്രതികരണം. നേമത്ത് പതിനായിരം വോട്ടുകളും തിരുവനന്തപുരത്ത് മൂവായിരം വോട്ടുകളും തങ്ങൾക്ക് ഉണ്ടെന്നാണ് എസ് ഡി പി ഐ അവകാശപ്പെടുന്നത്. ഇതുസംബന്ധിച്ച വിവാദങ്ങൾക്ക് നേമത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി ശിവൻകുട്ടി ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ്. കേരളകൗമുദി ഓൺലൈനിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ശിവൻകുട്ടിയുടെ വാക്കുകൾ
ഞാൻ അങ്ങോട്ട് പോയി എസ് ഡി പി ഐയോട് വോട്ട് ചോദിച്ചോയെന്ന ബി ജെ പിയുടെ ചോദ്യത്തിന് മറുപടി പറയാൻ ഉദ്ദേശിക്കുന്നില്ല. എന്തെല്ലാം തോന്നിവാസമാണ് വിളിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത്. അങ്ങോട്ട് പോയി വോട്ട് ചോദിച്ചിട്ടുണ്ടോയെന്ന് ഇപ്പോൾ വ്യക്തമാക്കേണ്ട കാര്യമില്ല. വോട്ടൊക്കെ രഹസ്യമായി ചെയ്യേണ്ട കാര്യമാണ്. പണ്ട് നായനാർ വോട്ട് ചെയ്‌തത് കാണിച്ചത് കേസൊക്കെ ആയത് ഓർമ്മയില്ലേ? ആരോടൊക്കെ വോട്ട് ചോദിച്ചെന്ന് പരസ്യപ്പെടുത്തേണ്ട കാര്യമാണോ? ഒരു സ്ഥാനാർത്ഥിയെന്ന നിലയിൽ ബി ജെ പിക്കാരനും കോൺഗ്രസുകാരനും എനിക്ക് രഹസ്യമായി വോട്ട് ചെയ്‌തിട്ടുണ്ട്. അതൊക്കെ എനിക്ക് വ്യക്തമാക്കാൻ പറ്റുമോ?
പരാജയഭീതിയിൽ നിന്ന് ഉയർന്നുവന്ന ആക്ഷേപമാണ് ബി ജെ പി നടത്തുന്നത്. എൽ ഡി എഫ് നേമത്ത് ജയിക്കും. തിരഞ്ഞെടുപ്പ് കാലത്ത് ആരൊക്കെ ആർക്കൊക്കെ വോട്ട് ചെയ്‌തെന്ന് പാർട്ടികളോ സ്ഥാനാർത്ഥികളോ വ്യക്തമാക്കേണ്ട. അത് തിരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് എതിരാണ്.
എസ് ഡി പി ഐ ആരോപണം
ത്രികോണ മത്സരം നടന്ന നേമത്ത് ഇടതുമുന്നണിക്കാണ് വോട്ട് ചെയ്‌തത്. തിരുവനന്തപുരത്ത് യു ഡി എഫിനും വോട്ട് ചെയ്‌തു. കഴക്കൂട്ടത്ത് മനസാക്ഷി വോട്ടാണ് ചെയ്‌തത്. ബി ജെ പിയുടെ സാദ്ധ്യത തടയാനാണ് നേമത്ത് ഇടതിനെയും തിരുവനന്തപുരത്ത് യു ഡി എഫിനേയും പിന്തുണച്ചത്.
പാർട്ടിക്ക് സ്ഥാനാർത്ഥികളില്ലാത്തിടത്ത് ഇരുമുന്നണികളും സഹായം തേടിയിരുന്നു. എസ് ഡി പി ഐ വാമനപുരത്തും നെടുമങ്ങാട്ടുമാണ് മത്സരിച്ചത്. നേമത്ത് പതിനായിരവും തിരുവനന്തപുരത്ത് മൂവായിരവും വോട്ടുകൾ എസ് ഡി പി ഐയ്‌ക്ക് സ്വന്തമായുണ്ട്.