crude-oil-storage

ക്രൂഡോയിൽ വില ഇടിഞ്ഞു താഴ്ന്ന സമയത്ത് ഇന്ത്യ വാങ്ങി സൂക്ഷിച്ചിരിക്കുന്ന എണ്ണ ഇപ്പോൾ ഉപയോഗിച്ചുകൊണ്ട് രാജ്യത്തെ ഇന്ധന വില കുറയ്ക്കാൻ ശ്രമിക്കണമെന്ന് സൗദി അറേബ്യ ഉപദേശിച്ചിരിക്കുന്നു. സൗദി അടക്കമുള്ള ഒപെക്(OPEC) രാജ്യങ്ങൾ വെട്ടിക്കുറച്ച എണ്ണ ഉൽപാദനം പുനസ്ഥാപിച്ചു കൊണ്ട്, പെട്രോളിന്റെയും ഡീസലിന്റെയും വില താഴ്ത്താനുള്ള സാഹചര്യമൊരുക്കണമെന്ന ഇന്ത്യയുടെ പെട്രോളിയം മന്ത്രിയുടെ അഭ്യർത്ഥനയ്ക്ക് മറുപടിയായിട്ടാണ് ആ രാജ്യത്തെ എണ്ണ മന്ത്രിയുടെ മറുനിർദ്ദേശം.

മഹാമാരിയുടെ ആദ്യമാസങ്ങളിൽ അന്താരാഷ്ട്ര തലത്തിൽ എണ്ണ വില ഗണ്യമായി ഇടിഞ്ഞു വീപ്പക്ക് 19 ഡോളർ എന്ന നിരക്കിൽ എത്തിയിരുന്നു. ഈ അവസരം മുതലാക്കി ഇന്ത്യ കഴിഞ്ഞ ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ 16.71 ദശലക്ഷംവീപ്പയുടെ ക്രൂഡോയിൽ വാങ്ങുകയും അത് രാജ്യത്തെ എണ്ണയുടെ കരുതൽ സംഭരണികൾ പൂർണ്ണമായി നിറയ്ക്കാൻവിധം വിന്യസിക്കുകയും ചെയ്തു. അതുവഴി നമ്മുടെ മൊത്തം കരുതൽ സംഭരണം 38 ദശലക്ഷം വീപ്പ എന്ന നിലയിൽ എത്തുകയും ചെയ്തിരുന്നു. പക്ഷേ ഈ എണ്ണനിക്ഷേപം രാജ്യത്തെ ഇന്ധനവില കുറയ്ക്കാൻ പര്യാപ്തമാകില്ല. ഒരു ദിവസം ശരാശരി 4.2 ദശലക്ഷം വീപ്പയുടെ എണ്ണ കുടിച്ചുതീർക്കുന്ന ഇന്ത്യയ്ക്ക്, ഇപ്പോഴുള്ള കരുതൽ ശേഖരം മൊത്തമായി എടുത്ത് ഉപയോഗിച്ചാൽ തന്നെ അത് ഒമ്പത് ദിവസത്തെ ആവശ്യത്തിനേ തികയൂ. ഇക്കാരണം കൊണ്ടാണ് സൗദി മന്ത്രിയുടെ മറുപടി, നയതന്ത്ര മര്യാദയ്ക്ക് നിരക്കാത്തതാണെന്ന് ഇന്ത്യയുടെ പെട്രോളിയം മന്ത്രി പ്രതികരിച്ചത്.

ഈ യഥാർത്ഥ്യം നിലനിൽക്കുമ്പോൾ തന്നെ സൗദിയുടെ നിർദ്ദേശത്തിൽ ഒരു വിളിച്ചുണർത്തൽ അടങ്ങിയിട്ടുണ്ടെന്ന വസ്തുത കാണാതെപോകരുത്. എണ്ണ ഉപഭോഗത്തിൽ ലോകത്ത് മൂന്നാം സ്ഥാനത്തുള്ളതും, അതിന്റെ 85 ശതമാനവും ഇറക്കുമതിയിലൂടെ നേടുന്നതുമായ ഇന്ത്യയുടെ എണ്ണ സംഭരണശേഷി താരതമ്യേന കുറവാണ്. ഇന്ത്യയുടേത് 38 ദശലക്ഷം വീപ്പ ആയിരിക്കുമ്പോൾ, അമേരിക്കയുടേത് 670ദശലക്ഷവും, ചൈനയുടേത് 550 ദശലക്ഷവും, ജപ്പാന്റേത് 300 ദശലക്ഷവുമാകുന്നു. ഇന്ത്യയിൽ എണ്ണ സൂക്ഷിക്കുന്നത്, യുദ്ധം പോലുള്ള കാരണങ്ങളാൽ, ക്രൂഡോയിലിന്റെ ലഭ്യതയ്ക്ക് ഭംഗം വരുന്ന അടിയന്തര ഘട്ടങ്ങൾ തരണം ചെയ്യുന്നതിന് വേണ്ടി മാത്രമാകുന്നു. ക്രൂഡോയിലിന്റെ വിലക്കയറ്റത്തിൽ നിന്നുള്ള രക്ഷാമാർഗ്ഗമായി അവയെ നാം വീക്ഷിക്കുന്നില്ല.

നമ്മുടെ രാജ്യത്ത് കരുതലായി എണ്ണ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ മേൽനോട്ടം വഹിക്കാനായി'ഇന്ത്യൻ സ്ട്രാറ്റജിക് പെട്രോളിയം ലിമിറ്റഡ് 'എന്ന ഉന്നത സ്ഥാപനം ഉണ്ടെന്നുള്ളത് നേര് തന്നെ. പക്ഷേ ഇതിന്റെ കീഴിൽ ആകെയുള്ളത് മാംഗ്ലൂർ, വിശാഖപട്ടണം, പാടൂർ(ഉടുപ്പി) എന്നിവിടങ്ങളിലെ ഭൂഗർഭ എണ്ണ സംഭരണ സൗകര്യങ്ങൾ മാത്രമാണ്. എണ്ണ നിറച്ച അറകളെ വിലക്കയറ്റത്തെ പ്രതിരോധിക്കാനുള്ള ആയുധങ്ങളായി വീക്ഷിക്കേണ്ട സാഹചര്യത്തിൽ ഇത്തരം നിക്ഷേപ സൗകര്യങ്ങൾ ഇനിയും ഏറെ ഉയർത്തിയാൽ സൗദി അറേബ്യയുടെ നിർദ്ദേശത്തിലെ നല്ല അംശം ഒരുപരിധിവരെയെങ്കിലും പ്രാവർത്തികമാക്കാൻ കഴിയും. നൂറു ദിവസത്തേക്കുള്ള സംഭരണശേഷി യിലേക്ക് നാം ഉയരേണ്ടതുണ്ട്. എണ്ണ വിലക്കയറ്റത്തിൽ നിന്നുള്ള മറ്റൊരു രക്ഷാകവചമായി തീരാവുന്ന സങ്കേതമാണ് ക്രൂഡോയിലിൻറെ അവധിവ്യാപാരമെന്നത്. ഒരു നിശ്ചിത വിലയ്ക്ക് ഭാവിയിലെ ഒരു തീയതിയിൽ ഇത്ര എണ്ണ ലഭ്യമാക്കും എന്നുള്ള കരാറിലൂന്നിയ ഏർപ്പാടാണിത്. അവധി ക്കമ്പോളത്തിൽ ജാഗ്രതയോടെ പങ്കെടുക്കുവാൻ കഴിഞ്ഞാൽ അത് എണ്ണ വില വർധനവിന്റെ ഭാരം കുറയ്ക്കാനുള്ള മാർഗ്ഗമാകും. എന്നാൽ നമ്മുടെ രാജ്യം ക്രൂഡോയിലിന്റെ അവധി ക്കച്ചവടരംഗത്ത് അത്ര സജീവമല്ല. സ്വർണം, വെള്ളി തുടങ്ങിയ ഉൽപ്പന്നങ്ങളോടൊപ്പം എണ്ണയുടെയും അവധിവ്യാപാരത്തിൽ ഏർപ്പെട്ടിട്ടുള്ള മുംബൈയിലെ മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് സംവിധാനവുമായി ഒ.എൻ.ജി.സി പോലെയുള്ള സ്ഥാപനങ്ങൾ ഇടപാട് നടത്തുന്നുണ്ട്. എന്നാൽ അന്താരാഷ്ട്രതലത്തിലുള്ള ഇടപാടുകൾ വിരളമാണ്.

അടുത്തിടെ അബുദാബിയിൽ പ്രവർത്തനമാരംഭിച്ച മർബൻ ക്രൂഡ് ഫ്യൂച്ചേഴ്സിനെപോലുള്ള ആഗോള അവധി വ്യാപാര ഇടങ്ങളുടെ സാധ്യതകൾ ഇന്ത്യ മനസ്സിലാക്കുകയും വിനിയോഗിക്കുകയും ചെയ്യേണ്ടതുണ്ട്. എണ്ണവിലയുടെ ഗതി ശരിയായി പഠിക്കുകയും കൃത്യസമയത്ത് അവധിവ്യാപാരതട്ടകങ്ങളിൽ പ്രവേശിക്കുന്നതും ഗുണകരമാകും. മുകളിൽ പറഞ്ഞ രണ്ട് പരിഹാരമാർഗ്ഗങ്ങളും പ്രാവർത്തികമാക്കാൻ കൂടുതൽസമയം വേണ്ടിവരും. ഈ വഴികളിലൂടെ നീങ്ങുമ്പോൾ തന്നെ, ഉടനടി ഗുണം കിട്ടുവാനുള്ള മാർഗം എണ്ണവിലയുടെ 65% കയ്യടക്കിവച്ചിരിക്കുന്ന നികുതികളുടെ തോത് 50% എന്ന നിലയിലേക്കെങ്കിലും താഴ്ത്തുക എന്നുള്ളതാണ്. ജി എസ് ടി യിലേക്കുള്ള മാറ്റത്തിനു സമയം വേണ്ടിവരും. മഹാമാരിയുടെ ആരംഭഘട്ടത്തിൽ, ആഗോള ഇന്ധനവില കുറഞ്ഞു വന്ന അവസരത്തിൽ, ഒരു ലിറ്റർ പെട്രോളിന് 13 രൂപയും ഡീസലിന് 10 രൂപയും അധിക തീരുവ കേന്ദ്രസർക്കാർ ചുമത്തിയിരുന്നു.എണ്ണ വിലക്കയറ്റത്തിന്റെ ഈ കാലഘട്ടത്തിൽ അധിക തീരുവ പിൻവലിക്കുന്നത് നീതിയുക്തമായ നടപടി ആകും.