covid-india

ന്യൂഡൽഹി: രണ്ടാംഘട്ട കൊവിഡ് വ്യാപനം രൂക്ഷമായ രാജ്യത്ത് അതീവഗുരുതര സ്ഥിതിയെന്ന് റിപ്പോർട്ട്. പ്രതിദിനം കൊവിഡ് സ്ഥിരീകരിച്ചവരുടെ കണക്കിൽ ഇന്ന് ഇന്ത്യ പുതിയ റെക്കോർഡിട്ടു. 1,31,968 പേർക്കാണ് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതർ 1.3 കോടി കവിഞ്ഞു. മരണനിരക്കും രാജ്യത്ത് കുതിക്കുകയാണ്. ഒരു ദിവസം മാത്രം 780 പേരാണ് മരണമടഞ്ഞത്. കഴിഞ്ഞ വർഷം ഉണ്ടായ ആദ്യഘട്ട വ്യാപനത്തെ വച്ചു നോക്കുമ്പോൾ അതിവേഗമുള‌ള രോഗവ്യാപനമാണ് ഇപ്പോൾ നടക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ നാലാം തവണയാണ് രാജ്യത്ത് പ്രതിദിന രോഗബാധ ഒരു ലക്ഷം കടക്കുന്നത്. 1,67,642 പേരാണ് ഇതുവരെ രാജ്യത്ത് രോഗം ബാധിച്ച് മരിച്ചത്. ലോകത്ത് ഏ‌റ്റവുമധികം കൊവിഡ് രോഗബാധയുള‌ള രാജ്യങ്ങളിൽ മൂന്നാമതാണ് ഇന്ത്യ. അമേരിക്കയും ബ്രസീലുമാണ് ഇക്കാര്യത്തിൽ ഇന്ത്യയ്‌ക്ക് മുൻപിലുള‌ളത്. പ്രതിദിന കൊവിഡ് കണക്കിൽ രാജ്യം ഒന്നാമതാണ്.

ഇന്നലെ നടന്ന മുഖ്യമന്ത്രിമാരുടെ യോഗത്തിൽ ഏപ്രിൽ 11നും 14നുമിടയിൽ 'വാക്‌സിൻ ഉത്സവം' നടത്തണമെന്ന് സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പരമാവധി ആളുകൾക്ക് വാക്‌സിനേഷൻ അന്ന് നടപ്പാക്കണം. എന്നാൽ വിവിധ സംസ്ഥാനങ്ങളിൽ വാക്‌സിൻ ക്ഷാമം രൂക്ഷമാണെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. രോഗം മൂർച്ഛിച്ച മഹാരാഷ്‌ട്രയിലും കൊവിഡ് വാക്‌സിൻ ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്.

മഹാരാഷ്‌ട്രയിലെ വിവിധ ജില്ലകൾ വാക്‌സിനേഷൻ പൂർണമായും നിർത്തി. ആവശ്യത്തിന് ഡോസ് വാക്‌സിൻ ലഭിക്കാത്തതിനാലാണിത്. മുംബയിലും നവി മുംബയിലും ഇരുപതോളം വാക്‌സിനേഷൻ കേന്ദ്രങ്ങളാണ് പൂട്ടിയത്. മുംബയിൽ മാത്രം 8938 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.

എന്നാൽ വാക്‌സിന്റെ കാര്യത്തിൽ സംസ്ഥാനങ്ങളോട് പക്ഷപാദിത്വം കാട്ടിയെന്ന ആരോപണം കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർദ്ധൻ തള‌ളി. ആകെ രോഗികളുടെ എണ്ണത്തിൽ മഹാരാഷ്‌ട്രയ്‌ക്ക് പിന്നിലായി കേരളം, കർണാടക,ആന്ധ്രാ പ്രദേശ്, തമിഴ്നാ‌ട് എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ്. കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

കർണാടകയിൽ ആറ് നഗരങ്ങളിൽ നാളെമുതൽ രാത്രി 10 മുതൽ രാവിലെ 5 വരെ കർ‌ഫ്യു ഏർപ്പെടുത്തി. ഇന്നലെ 6570 പുതിയ കേസുകളാണ് കർണാടകയിൽ റിപ്പോർട്ട് ചെയ്‌തത്. ഉത്തർപ്രദേശും നോയ്‌ഡ,അലഹബാദ്, മീറ‌റ്റ്, ഗാസിയാബാദ് എന്നീ നഗരങ്ങളിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി.

ഡൽഹിയിൽ 7437 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഇവിടെ എല്ലാ പ്രായക്കാർക്കും വാക്‌സിനേഷൻ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജിരിവാൾ ആവശ്യപ്പെട്ടു. ഡൽഹി രാജീവ് ഗാന്ധി ആശുപത്രിയിൽ കൊവിഡിതര ചികിത്സകൾ പൂർണമായും നിർത്തി. 4021 പേർക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തിലും സ്ഥിതി വളരെ മോശമാണ്. സംസ്ഥാനത്തെ ഭവ്‌നഗറിൽ സർക്കാർ ആശുപത്രിയിൽ കൊവിഡ് രോഗികളെ നിലത്ത് കിടത്തി ചികിത്സിക്കുന്നതിന്റെ വീഡിയോ ഇന്നലെ കോൺഗ്രസ് നേതാവ് ശക്തിസിംഗ് ഗോഹിൽ പുറത്ത് വിട്ടിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കാനുള‌ളവർ നിരയായി സ്‌ട്രെച്ചറിൽ കിടക്കുന്നതിന്റെയും ദൃശ്യങ്ങൾ വീഡിയോയിലുണ്ടായിരുന്നു.