തിരുവനന്തപുരം : കൊവിഡ് കാലത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും വോട്ടെടുപ്പിനുമെല്ലാം പ്രത്യേകതകൾ ഏറെയുണ്ടായിരുന്നു. എന്നാൽ ഈ പ്രത്യേകത വോട്ടെണ്ണലിലും കൊണ്ടുവരാൻ ഒരുങ്ങുകയാണ് തിരഞ്ഞെടുപ്പുകമ്മിഷൻ. ഇക്കുറി ഫലപ്രഖ്യാപനം മിന്നൽ വേഗത്തിൽ ആക്കുവാനാണ് തീരുമാനം. അതിനായി ഇരട്ടി വേഗത്തിൽ വോട്ടെണ്ണാനാവുന്ന ബീഹാർ മോഡൽ കേരളത്തിലും നടപ്പിലാക്കാൻ ഒരുങ്ങുകയാണ്.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഒരേ സമയം ഒരു മണ്ഡലത്തിലെ പതിനാല് ബൂത്തുകളിലെ വോട്ടായിരുന്നു എണ്ണിയിരുന്നത്. എന്നാൽ ഇക്കുറി ഇത് 28 ആയി വർദ്ധിപ്പിക്കുവാനാണ് തീരുമാനം. ഇതിനായി വോട്ടെണ്ണൽ കേന്ദ്രത്തിൽ നാല് ഹാളുകളിലായിട്ടാവും മേശകൾ സജ്ജീകരിക്കുക. ഒരു മണ്ഡലത്തിൽ ശരാശരി മുന്നൂറിനടുത്ത് ബൂത്തുകളാണുള്ളത്. വോട്ടെണ്ണൽ ആരംഭിച്ച് അഞ്ച് മിനിട്ടുകൾക്കകം തന്നെ ഇക്കുറി ഫലസൂചനകൾ പുറത്തുവരും. അരമണിക്കൂറിനുള്ളിൽ മണ്ഡലത്തിലെ പകുതി വോട്ടുകൾ എണ്ണിക്കഴിയും. ഇതിനായി ഉദ്യോഗസ്ഥരുടെ എണ്ണത്തിലും വർദ്ധന വരുത്തിയിട്ടുണ്ട്.
തപാൽ വോട്ടുകൾ എണ്ണുമ്പോൾ യന്ത്രങ്ങളിലെ വോട്ടുകൾ കൂടി എണ്ണിത്തുടങ്ങും ഇതിനായി എല്ലാ മണ്ഡലങ്ങളിലും രണ്ട് ഉപവരണാധികാരികളെക്കൂടി നിയമിക്കും. കൊട്ടിഘോഷിക്കുന്ന ബീഹാർ മോഡൽ അവിടെ ആദ്യമായി ഉപയോഗിച്ചത് കഴിഞ്ഞ നവംബറിലാണ്. എന്നാൽ പുതിയ മോഡലിൽ ഫലം പതിവിലും താമസിച്ചാണ് എത്തിയത്. അത് യന്ത്രം കൈകാര്യം ചെയ്യുന്നതിൽ ഉദ്യോഗസ്ഥർക്കുണ്ടായിരുന്ന പരിചയക്കുറവെന്നാണ് കരുതുന്നത്. കേരളത്തിൽ പുതിയ പരിഷ്‌കാരം ഫലപ്രദമാകുമെന്നാണ് തിരഞ്ഞെടുപ്പുകമ്മിഷന്റെ പ്രതീക്ഷ.