ചെന്നൈ : തിരഞ്ഞെടുപ്പ് തമിഴ്നാട്ടിൽ ഉത്സവമാണ്, പണക്കൊഴുപ്പിന്റെ മേളം കൂടിയാണ് ഇവിടെ വോട്ടെടുപ്പ് ദിവസം. തിരഞ്ഞെടുപ്പ് കമ്മിഷൻ എത്രയൊക്കെ സ്‌ക്വാഡുകളെ അണിനിരത്തിയാലും പണമൊഴുക്ക് തടയാനൊന്നും അവർക്ക് കഴിയാറില്ല. കാരണം നോട്ട് പലമാർഗങ്ങളിലാണ് ഇവിടെ എത്തുന്നത്. വോട്ടെടുപ്പ് കഴിഞ്ഞും സമ്മാനപ്പെട്ടി ലഭിക്കുന്നവരും ഉണ്ടിവിടെ. വോട്ട് ചെയ്യുമെന്ന് ഉറപ്പുള്ളവർക്കാണ് ഇത്തരം ഗിഫ്റ്റുകൾ ലഭിക്കുന്നത്, ഗിഫ്റ്റ് എത്തിക്കാതെ സ്ഥാനാർത്ഥി പറ്റിക്കുക ഇല്ല എന്ന വിശ്വാസവും ഇവർക്കുണ്ട്. സ്ഥാനാർത്ഥിക്കും വോട്ടർക്കും തിരഞ്ഞെടുപ്പ് ഇത് അവസാനത്തെയല്ല ഇനിയും ഈ പരസ്പര സഹായം തുടരണം എന്ന് ഉറ്റ ബോദ്ധ്യമുള്ളത് കൊണ്ടാണത്.
ഇക്കുറിയും വോട്ടെടുപ്പ് കഴിഞ്ഞ ശേഷം ലഭിച്ച ഗിഫ്റ്റുകൾ തുറന്ന് നോക്കുന്ന തിരക്കിലാണ് തമിഴ്നാട്ടിലെ വോട്ടർമാർ. മിക്കയിടങ്ങളിലും ടെലിവിഷൻ, സാരി, വീട്ടിലേക്കുള്ള പലചരക്ക് സാധനങ്ങൾ, കറിവയ്ക്കാനുള്ള മാംസം എന്നിവയാണ് ലഭിച്ചത്. എന്നാൽ ചില മണ്ഡലങ്ങളിൽ സ്വർണനാണയം, മൂക്കുത്തി, വെള്ളി കൊലുസ് തുടങ്ങിയ സർപ്രൈസ് ഗിഫ്റ്റുകളും നൽകിയിട്ടുണ്ട്.
വോട്ടറുടെ മനസറിഞ്ഞ് വോട്ട് തേടുന്ന വിദ്യയാണ് തമിഴ്നാട്ടിലുള്ളത്. കാർഷിക കടമോ, ബാങ്ക് വായ്പയോ ഉള്ളവർക്ക് ഒരു മാസത്തെ തിരിച്ചടവാണ് ചില ഇടങ്ങളിൽ നൽകിയ ഓഫർ, ഇത് കൂടാതെ ജുവലറിയിൽ ആദ്യ അടവ് അടച്ച ശേഷമുള്ള സ്വർണച്ചിട്ടിയുടെ കൂപ്പൺ ലഭിച്ചവരുമുണ്ട്. ചെന്നൈ തിരുവൊട്ടിയൂരിൽ വോട്ടിട്ടശേഷം വോട്ടർമാർ നേരെ പോയത് ഇറച്ചികടയിലേക്കാണ് കോഴിയിറച്ചിയും ആട്ടിറച്ചിയും വാങ്ങാനുള്ള ടോക്കണുകളാണ് ഇവിടെ ചില സ്ഥലങ്ങളിൽ വിതരണം ചെയ്തത്. ഓൺലൈൻ വഴി വ്യാപകമായി പണം വിതരണം ചെയ്തതായും റിപ്പോർട്ടുകളുണ്ട്.