ആലപ്പുഴ: മന്ത്രി തിലോത്തമന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ സി പി ഐ പുറത്താക്കി. ചേർത്തലയിലെ ഇടതു സ്ഥാനാർത്ഥി പി പ്രസാദിനെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണത്തെ തുടർന്നാണ് നടപടി. ചേർത്തല കരുവ ബൂത്ത് സെക്രട്ടറിയുടെ ചുമതലയുണ്ടായിരുന്ന പി പ്രദ്യോതിനെയാണ് പുറത്താക്കിയത്. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഇറങ്ങാത്തതിനെ തുടർന്നാണ് നടപടി. തിലോത്തമനെ സ്ഥാനാർത്ഥിയാക്കാത്തതിലെ അതൃപ്‌തിയെ തുടർന്നാണ് ഇദ്ദേഹം തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഇറങ്ങാത്തത് എന്നാണ് വിലയിരുത്തൽ.
തിലോത്തമനെ സ്ഥാനാർത്ഥിയാക്കാത്തതിനെ തുടർന്ന് തിരഞ്ഞെടുപ്പിന്റെ തുടക്കം മുതൽ സി പി ഐയിൽ പ്രദേശികമായ എതിർപ്പുണ്ടായിരുന്നു. പി പ്രസാദ് ചേർത്തലയിൽ സ്ഥാനാർത്ഥിയായി എത്തിയപ്പോൾ പാർട്ടിയുടെ പല ഘടകങ്ങളും സജീവമായിരുന്നില്ല. ഇത് മണ്ഡലത്തിലെ സി പി ഐയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കിയിരുന്നു. തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ വിലയിരുത്തലിൽ ഇക്കാര്യം വിശദമായി ചർച്ച ചെയ്യുകയും തുടർന്ന് പ്രദ്യോതിനെതിരെ നടപടിയെടുക്കുകയുമായിരുന്നു.
മന്ത്രി പങ്കെടുത്ത യോഗത്തിലാണ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ നടപടിയുണ്ടായത്. പ്രാഥമിക അംഗത്വത്തിൽ നിന്നാണ് ആറു മാസത്തേക്കാണ് പുറത്താക്കിയത്. കൂടുതൽ പേർക്കെതിരെ വരുംദിവസങ്ങൾ നടപടിയുണ്ടാകുമെന്നാണ് സൂചന.