pak-national-assembly

ഇസ്ലാമാബാദ് : പാകിസ്ഥാൻ സൈന്യത്തെ വിമർശിക്കുന്നവരുടെ വായടപ്പിക്കാൻ പുതിയ നിയമവുമായി പാക് സർക്കാർ. ഇന്നലെ പാർലമെന്റിൽ പാസാക്കിയ നിയമപ്രകാരം സൈന്യത്തെ വിമർശിച്ചു എന്ന് തെളിഞ്ഞാൽ അമ്പതിനായിരം രൂപ പിഴയോ രണ്ട് വർഷം തടവോ ആണ് ശിക്ഷ. കടുത്ത കുറ്റങ്ങളിൽ ഏർപ്പെടുന്നവർ ജയിൽ ശിക്ഷയ്‌ക്കൊപ്പം പിഴയും അടയ്‌ക്കേണ്ടിവരും.

പുതിയ നിയമം നാഷണൽ അസംബിളിയിൽ ഭരണകക്ഷിയ അംഗമായ അംജദ് അലി ഖാനാണ് കൊണ്ടുവന്നത്. ഈ ബിൽ ചർച്ച ചെയ്യുന്നതിനിടയിൽ രൂക്ഷവിമർശനവുമായി പ്രതിപക്ഷം രംഗത്തുവന്നിരുന്നു. രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെ നിയമം ഉപയോഗിക്കുമെന്ന ആശങ്കയാണ് അവർ പങ്കുവച്ചത് .പാക് സർക്കാർ സൈന്യത്തിന്റെ കളിപ്പാവയാണെന്ന് ഏറെക്കാലമായി പ്രതിപക്ഷം ശബ്ദമുയർത്തുന്നുണ്ട്. ഇമ്രാൻ ഖാന്റെ തിരഞ്ഞെടുപ്പ് ജയത്തിന് പിന്നിൽ സൈന്യമാണെന്നും ആരോപണം ഉയർന്നിരുന്നു. ബിൽ വോട്ടിനിട്ടപ്പോൾ ടൈ ആയിരുന്നെങ്കിലും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണിന്റെ വോട്ട് കൂടി ചേർത്ത് ബിൽ സർക്കാർ പാസാക്കിയെടുക്കുകയായിരുന്നു.


പുതിയ നിയമ ഭേദഗതി പ്രകാരം പാക് സായുധ സേനയും, ഉദ്യോഗസ്ഥരും പരിഹാസത്തിൽ നിന്നും അപകീർത്തികളിൽ നിന്നും മുക്തമാവുമെന്നും സർക്കാർ അനുകൂലികൾ അഭിപ്രായപ്പെടുന്നു. സായുധ സേനയെ വിമർശിക്കുന്നവർ സിവിൽ കോടതിയിലാണ് വിചാരണ നേരിടേണ്ടത്.