കണ്ണൂർ: കണ്ണൂരിൽ മുസ്ലീം യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകം അന്വേഷിക്കുന്ന അന്വേഷണ സംഘത്തെ മാറ്റണമെന്ന് കെ സുധാകരൻ എം പി. അന്വേഷണത്തിന് നേതൃത്വം കൊടുക്കുന്ന ഉദ്യോഗസ്ഥൻ സി പി എമ്മിന്റെ സന്തതസഹചാരിയാണ്. പൊലീസ് സേനയിലെ സി പി എം ക്രിമിനൽ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസിൽ യു എ പി എ ചുമത്തണം. അല്ലെങ്കിൽ കോടതിയെ സമീപിക്കും. ഷുഹൈബിനെ കൊന്ന അതേ രീതിയിലാണ് മൻസൂറിനേയും കൊന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കേസിൽ പ്രതികളെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കുറ്റ കൃത്യത്തിൽ നേരിട്ട് പങ്കുളളവരെ തിരിച്ചറിഞ്ഞെങ്കിലും ഇവർ ഒളിവിലാണ്. കൊലപാതക കേസുമായി ബന്ധപ്പെട്ട് ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തിട്ടുണ്ട്. അക്രമികൾ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന മൂന്ന് ഇരുചക്ര വാഹനങ്ങളും പൊലീസ് കണ്ടെത്തി. ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.