covid

ഭോപ്പാല്‍: ഗുരുതരാവസ്ഥയിലായ കൊവിഡ് രോഗിയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ തിരക്കേറിയ റോഡിലെ കടയ്ക്കുമുന്നില്‍ ഇറങ്ങി ജ്യൂസ് കുടിക്കുന്ന ആരോഗ്യ പ്രവര്‍ത്തകന്റെ വീഡിയോ വൈറലാകുന്നു. രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം ആശങ്കാജനകമായി കുതിച്ചുയരുന്നതിനിടെയാണ് ആരോഗ്യപ്രവര്‍ത്തകന്റെ ഈ തോന്നിയവാസം. ഇത് ചോദ്യംചെയ്യുന്ന നാട്ടുകാരോട് ഇയാള്‍ തട്ടിക്കയറുന്നതും വീഡിയോയില്‍ കാണാം. പിപിഇ കിറ്റ് ധരിച്ചിരുന്ന ഇയാള്‍ കൃത്യമായി മാസ്‌ക് ധരിച്ചിരുന്നില്ല. ഒരു വഴിയാത്രക്കാരനാണ് ഈ വീഡിയോ ചിത്രീകരിച്ചത്.

മദ്ധ്യപ്രദേശിയെ ഷാദോള്‍ ജില്ലയിലാണ് സംഭവമുണ്ടായത്. ആരോഗ്യ പ്രവര്‍ത്തകന്റെ നടപടി കൊവിഡ് പ്രോട്ടോകോള്‍ ലംഘനമാണെന്നും തിരക്കുള്ള റോഡില്‍ കൊവിഡ് രോഗിയുമായി വാഹനം നിര്‍ത്തിയത് രോഗവ്യാപനത്തിന് കാരണമാകുമെന്നും ചൂണ്ടികാണിച്ചിരുന്നുവെങ്കിലും അയാൾക്ക് ഒരു കുലുക്കവുമുണ്ടായിരുന്നില്ല. കൃത്യമായി മാസ്‌ക് ധരിക്കാതെ രോഗിയുമായി പോകുന്നത് ശരിയാണോ എന്ന് ചോദ്യച്ചോൾ തനിക്ക് കൊവിഡില്ല എന്നായിരുന്നു ആരോഗ്യ പ്രവര്‍ത്തകന്റെ മറുപടി.

കൊവിഡ് വ്യാപനം ഏറ്റവും അധികമുള്ള 10 സംസ്ഥാനങ്ങളില്‍ ഒന്നാണ് മദ്ധ്യപ്രദേശ്. സംസ്ഥാനത്ത് 3,41,887 ആറ്റീവ് കേസുകളാണ് ഉള്ളത്. മരണം 54000 കടന്നു. ഈ സാഹചര്യത്തിന്‍ രാത്രി കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരുന്നു.