നിവൃത്തിയില്ലാതെ ദേവേന്ദ്രന്റെ താത്പര്യം നടപ്പായി. വിമാനം യാഗാചാര്യന്മാരുടെ ആവാഹിക്കലിൽ ആകർഷിക്കപ്പെടുന്നതായി ദേവേന്ദ്രന് മനസിലായി. വിമാനം യാഗ കുണ്ഡത്തിനുസമീപമെത്തുകയും ചെയ്തു. ഭയാക്രാന്തനായ ദേവേന്ദ്രൻ തലപ്പാവ് വലിച്ചെറിഞ്ഞ് വിമാനവുമായി രക്ഷപ്പെട്ടു. തലപ്പാവും തക്ഷകനും യജ്ഞകുണ്ഡത്തിനു നേരെ മുകളിലെത്തി. ''അവനെ ആവാഹിക്കുവിൻ അവനെ ആവാഹിക്കുവിൻ" രാജാവ് ആക്രാന്തം കാട്ടി.
സർപസത്രത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ നേരത്തെ രാജാവ് അനുമതി നൽകിയിരുന്നു ഒരു ബാലമുനി യാഗശാലയിൽ പ്രവേശിച്ച് നിൽക്കട്ടെ, നിൽക്കട്ടെ, നിൽക്കട്ടെ എന്നു മൂന്നുപ്രാവശ്യം പറഞ്ഞു. ഉടനെ കർമ്മികൾ മന്ത്രം ചൊല്ലൽ നിറുത്തി. തലപ്പാവും തക്ഷകനും ഹോമകുണ്ഡത്തിനു മുകളിൽ നിശ്ചലമായി നിന്നു. നിരാശനായ രാജാവ് യജ്ഞാചാര്യനോട് എന്തു വേണമെന്നാരാഞ്ഞു. അങ്ങ് കുമാരനോട് നേരത്തെ വരം കൊടുക്കാം എന്നു പറഞ്ഞിട്ടുണ്ടെങ്കിൽ വാക്കു പാലിക്കണം. സത്യം നിഷേധിക്കപ്പെട്ടാൽ പലതരം വിപത്തുകളും നേരിടേണ്ടിവരും എന്നു മുന്നറിയിപ്പ് നൽകി.
'' കുമാരനെന്ത് വരമാണ് വേണ്ടത്?"" രാജാവ് ചോദിച്ചു. ''യജ്ഞം അവസാനിപ്പിക്കണം."" എന്നതായിരുന്നു ബാലമുനിയുടെ ആവശ്യം.
'' അത് പറ്റില്ല മറ്റെന്തെങ്കിലും വരം ചോദിച്ചോളൂ."" എന്നായി രാജാവ്.
'' എനിക്ക് മറ്റൊരുവരവും ആവശ്യമില്ല. യാഗം അവസാനിപ്പിച്ചാൽ മാത്രം മതി.""
രാജാവ് വീണ്ടും കർമ്മികളോട് അഭിപ്രായം ആരാഞ്ഞു. വരം വാഗ്ദാനം ചെയ്തു പോയിട്ടുണ്ടെങ്കിൽ അത് പാലിക്കുക മാത്രമേ നിർവാഹമുള്ളൂ. കർമ്മികൾ തീർത്തു പറഞ്ഞു. നിവൃത്തിയില്ലാതെ യാഗം നിറുത്താൻ രാജാവ് കല്പിച്ചു. തലപ്പാവില്ലാതെ തക്ഷകൻ ആകാശമാർഗേണ അകലുന്നത് രാജാവും കർമ്മികളും നിസഹായരായി നോക്കി നിന്നു. യാഗം തടയാൻ കാരണക്കാരനായ ബാലമുനി ആരായിരുന്നു എന്നുനോക്കാം.
ജരൽകാരു എന്നു പേരായ ഒരു മുനികുമാരൻ കുടുംബജീവിതത്തിലും മറ്റും താത്പര്യമില്ലാതെ അല്പാഹാരം മാത്രം കഴിച്ച് ധ്യാനത്തിലും തപസിലും മുഴുകി കഴിഞ്ഞിരുന്നു. യാചിച്ചു കിട്ടുന്ന വക കൊണ്ട് വല്ലപ്പോഴും വിശപ്പുമാറ്റുന്നതായിരുന്നു ജരൽക്കാരുവിന്റെ രീതി. ആഹാരക്കുറവ് കാരണം മുനികുമാരന്റെ ശരീരം ഉണങ്ങിയും ചുരുങ്ങിയും കൃശഗാത്രനായിരുന്നു. കുടുംബപ്രാരാബ്ധമൊന്നും ഇല്ലാതിരുന്നതിനാൽ സ്വതന്ത്രനായി എവിടെയും പോകാൻ ജരൽക്കാരുവിനാകുമായിരുന്നു. ഇങ്ങനെ സഞ്ചരിക്കുന്നതിനിടയിൽ വലിയൊരു ഗർത്തത്തിനു മുകളിൽ ഉണങ്ങി ദ്രവിച്ച ഒരു ചെടിയുടെ വേരിൽ കുറേ ആത്മാക്കൾ തലകീഴായി തൂങ്ങിക്കിടക്കുന്നത് ജരൽക്കാരു കാണാനിടയായി. ഇതുകണ്ട് മനസലിഞ്ഞ ജരൽക്കാരു നിങ്ങളിങ്ങനെ കിടക്കുന്നതിന്റെ കാര്യം എന്തെന്ന് തിരക്കി.
'' കുഞ്ഞേ ഞങ്ങളുടെ കുടുംബത്തിൽ ജീവിച്ചിരിക്കുന്ന ഒരു കുമാരൻ മാത്രമേ ഇപ്പോഴുള്ളൂ. അവൻ വിവാഹം കഴിച്ച് കുഞ്ഞുങ്ങളുണ്ടായാൽ മാത്രമേ ഞങ്ങൾക്ക് ഈ നരകത്തിൽ നിന്ന് മോചനമുള്ളൂ. അവൻ എവിടെയാണെന്ന് ഞങ്ങൾക്കറിയില്ല. ജരൽക്കാരു എന്നാണവന്റെ പേര്. കുമാരൻ എവിടെവച്ചെങ്കിലും അവനെ കാണാനിടയായാൽ ഞങ്ങളുടെ പരിതാപകരമായ അവസ്ഥ അവനെ ബോദ്ധ്യപ്പെടുത്താനും വിവാഹം കഴിക്കാനും അവനോട് പറയണം.""എന്ന് ആത്മാക്കൾ മറുപടി പറഞ്ഞു. ഈ ദ്രവിച്ച വേരിൽ തൂങ്ങിക്കിടക്കുന്നത് തന്റെ പിതൃക്കളാണെന്ന് മനസിലായ ജരൽക്കാരു തന്റെ അലസജീവിതത്തിന്റെ പരിണിത ഫലം നേരിൽ മനസിലാക്കി. ഇനി താൻ മരിച്ചാലും ഇതിലൊരാളായി തൂങ്ങിക്കിടക്കാൻ മാത്രമല്ലേ കഴിയൂ എന്നും അവൻ ചിന്തിച്ചു. മനസ് മാറിയ ജരൽക്കാരു '' അയ്യോ! ഞാൻ തന്നെയാണ് നിങ്ങൾ പറയുന്ന ജരൽക്കാരു. ഇനി ഞാൻ നിങ്ങൾ ഉപദേശിക്കുന്നതുപോലെ ജീവിക്കാം" എന്നു പറഞ്ഞു. ജരൽക്കാരു വിവാഹം കഴിക്കാൻ തീരുമാനിച്ചു.
(തുടരും)
(ലേഖകന്റെ ഫോൺ: 9447750159)