സീതാപഹരണത്തിന് പ്രകൃതി നിശ്ചയിച്ച സമയമടുക്കുമ്പോൾ അതിനെ ആർക്ക് തടയാനാകും? സീതാദേവിയുടെ പരുഷമായ വാക്കുകൾ വളരെനേരം ലക്ഷ്മണൻ സഹിച്ചുകേട്ടുനിന്നു. കൂടുതൽ പരിഹാസകൂരമ്പുകൾ തറയ്ക്കാൻ തുടങ്ങിയപ്പോൾ രാമനെ മനസിൽ ചിന്തിച്ചുകൊണ്ട് ലക്ഷ്മണൻ കോപതാപങ്ങളോടെ ആശ്രമം വിട്ടിറങ്ങി. ആശ്രമപരിസരത്ത് അതിമോഹത്തോടെ അക്ഷമനായി കാത്തുനിന്ന രാവണൻ ഇതുതന്നെയാണ് പറ്റിയ സമയമെന്ന് കണക്ക് കൂട്ടി. സന്യാസിവേഷമണിഞ്ഞു.ഇടത്തേ ചുമലിൽ യോഗദണ്ഡ്, ജട, മെതിയടി,കമണ്ഡലു എന്നിവയോടെ രാമലക്ഷ്മണന്മാരില്ലാത്ത പർണശാലയിലേക്ക് കടന്നു.
തന്റെ ശ്രമം പാഴാകുമോ എന്ന ഉത്കണ്ഠ രാവണനെ ഗ്രസിച്ചു.
എങ്കിലും രാമലക്ഷ്മണന്മാരുടെ സാന്നിദ്ധ്യമില്ല. ആശ്രമത്തിൽ സീത മാത്രം. ത്രിലോകസുന്ദരിയായ ദേവിയെ രാവണൻ ഇമവെട്ടാൻ പോലും മറന്ന് നോക്കിനിന്നു. ആഗ്രഹത്തോടും ആരാധനയോടും. തിങ്കൾ സാമീപ്യമില്ലാത്ത രോഹിണി നക്ഷത്രത്തെ ചൊവ്വാഗ്രഹം തീണ്ടുന്നപോലെ രാക്ഷസേന്ദ്രൻ കനകവർണമാർന്ന സീതയെ അടിമുടി വീക്ഷിച്ചു. കാനനത്തിലെ മാമരങ്ങൾ പോലും ഈ സമയം നിശ്ചലമായി. വേഗത്തിലൊഴുകിക്കൊണ്ടിരുന്ന ഗോദാവരി മന്ദഗതിയിലായി. എന്തുസംഭവിക്കുമെന്ന ആകാംക്ഷ പ്രകൃതിയിലും തങ്ങിനിന്നു. ശ്രീരാമനില്ലാത്ത തക്കം പാർത്ത് ദുഷ്ടനായ രാവണൻ ശിഷ്ട സാധുവിന്റെ വേഷത്തിൽ ഒച്ചവയ്ക്കാതെ നടന്നടുത്തു.
പുറമെ പുല്ലുമൂടിയ ആഴമേറിയ കിണർപോലെയാണ് ദുഷ്ടരാവണന്റെ നില. സുന്ദരിയും കീർത്തി കേട്ടവളുമായ വൈദേഹിയാണ് മുന്നിൽ. അടക്കാനാകാത്ത മോഹത്തോടെ ദുർബുദ്ധിയായ രാവണൻ ദേവീ സന്നിധിയോടടുത്തു. പീതാംബര ധാരിയായി കാനനമദ്ധ്യത്തിൽ മഹാലക്ഷ്മിയായ ദേവിയുടെ രൂപഭംഗി രാവണനേത്രങ്ങളെ മത്തുപിടിപ്പിച്ചു. മുനിവേഷധാരിയുടെ മനസിലാകട്ടെ കാമദേവൻ പെരുമ്പറ കൊട്ടി. സമ്മിശ്ര വികാരങ്ങളോടെ വിനയസ്വരത്തിൽ രാവണൻ ചോദിച്ചു: പത്മദള മാലചാർത്തി സ്വർണവർണമാർന്ന് തിളങ്ങുന്ന ദേവിയാരാണ്? ലക്ഷ്മിയോ, രതിയോ അപ്സരസ്ത്രീയോ ഐശ്വര്യദേവതയോ?
നീണ്ട് കറുത്ത് അറ്റം തുടുത്ത കണ്ണുകൾ മനോഹരമായ പല്ലുകൾ, വിശാലവും തടിച്ചുരുണ്ടതുമായ അരക്കെട്ട്, തുമ്പിക്കൈ ചേലൊത്ത തുടകൾ, തടിച്ച്കൊഴുത്ത് അഗ്രം കൂർത്ത് പനങ്കായപോലുള്ള സ്തനങ്ങൾ, അമൂല്യരത്നാഭരണങ്ങളാൽ ശോഭിക്കുന്ന നീ ആരാണ്. ശക്തിയോടെ ഒഴുകുന്ന നദി തീരങ്ങളെ കാർന്നു തിന്നുംപോലെ നിന്റെ സൗന്ദര്യം എന്റെ കരൾ കവർന്നെടുക്കുന്നു. ഒരു കൈപ്പിടിയിലൊതുങ്ങുന്ന സുന്ദരമായ അരക്കെട്ട്. പനങ്കുലപോലുള്ള കേശഭാരം. മനസിളക്കുന്ന കുചകുംഭങ്ങൾ. ദേവന്മാരിലോ അസുരന്മാരിലോ മനുഷ്യരിലോ കിന്നരഗന്ധവർരിലോ ഇതുപോലെ മോഹവതിയായ ഒരുവളെ ഞാൻ കണ്ടിട്ടില്ല. അനുപമസുന്ദരിയായ നീ പാർക്കേണ്ടതിവിടെയല്ല. വനവാസത്തിന് ഒട്ടും അനുയോജ്യമല്ല നിന്റെ പ്രായം. എല്ലാം ചിന്തിക്കുമ്പോൾ എന്റെ മനസിളകി പോകുന്നു. രാക്ഷസന്മാരുടെ വാസസ്ഥാനമാണിത്. വേഗം മടങ്ങിപ്പോകുന്നതാണ് ഉത്തമം. രമ്യ ഹർമ്മ്യങ്ങളിലോ പുഷ്പസമൃദ്ധിയും സുഗന്ധവും ഒത്തുചേർന്ന ആരാമത്തിലോ ആണ് നീ വിഹരിക്കേണ്ടത്. നിനക്ക് ഒട്ടും അനുയോജ്യമല്ല ഈ ഘോര കാന്താരം. ലക്ഷണങ്ങൾ ഒത്തുചേർന്നാലേ കാന്തി കിട്ടൂ. നിന്നോട് കൂടിയാൽ നീയണിയുന്ന മാലകൾക്കും വേഷങ്ങൾക്കും അഴക് കൂടുകയുള്ളൂ. നിന്നെ ലഭിച്ച ഭർത്താവിന് പോലും ശ്രേഷ്ഠതയാണ്. നീ രുദ്രദേവന്മാരിൽ പ്രധാനിയാണോ? മരുത്തുക്കൾ, വസുക്കൾ എന്നിവരുടെ നായികയാണോ ഈ കൊടുകാട്ടിൽ ദേവഗന്ധർവ്വന്മാർ സാധാരണ വരാറില്ല. ദുഷ്ടജീവികൾ പാർക്കുന്ന ഇവിടം നിന്നിൽ ഭയം ജനിപ്പിക്കുന്നില്ലേ? മദയാനകൾ വിഹരിക്കുന്ന ഈ കാട്ടിൽ ഒറ്റയ്ക്കായിട്ടും പേടിയില്ലേ! നീ ആരുടെ പുത്രിയാണ്? എന്തിന് വന്നു.ആരും സഹായത്തിനില്ലേ? ദുഷ്ടബുദ്ധിയായ രാവണൻ ഇപ്രകാരം ദേവിയെ പ്രശംസിച്ചു. സന്യാസിവേഷധാരിയെ ദേവി അത്ഥി പൂജ ചെയ്തു. ശ്രേഷ്ഠമായ പീഠം ഇരിക്കാൻ കൊണ്ടുവച്ചു. പാദം കഴുകാൻ ജലം നൽകി. കമണ്ഡലു,യോഗദണ്ഡ് തുടങ്ങിയ സന്യാസീലക്ഷണങ്ങളൊത്ത അതിഥി കപടവേഷക്കാരനെന്നറിയാതെ ആദരവോടെ ദേവി പറഞ്ഞു: ഈ ആസനത്തിൽ ഇരുന്നാലും പാദം കഴുകാനുള്ള ജലമിതാ. കായ്കനികൾ യഥേഷ്ടം ഭുജിച്ച് ആലസ്യം മാറ്റിയാലും. ഇതൊന്നും കേൾക്കാതെയും ശ്രദ്ധിക്കാതെയും രാവണൻ സീതയുടെ ദേഹഭംഗിയിൽ മതിമറന്നു. കണ്ണുകൾ പിൻവലിക്കാൻ കഴിയുന്നില്ല. സീതയെ അപഹരിക്കാനായി ദുഷ്ടഹൃദയം വെമ്പി. സീതയാകട്ടെ മായാമാനിനെ പിടിക്കാൻ പോയ പ്രാണനാഥൻ ലക്ഷ്മണനുമായി വരുന്നുണ്ടോ എന്ന് ഇടയ്ക്കിടെ നോക്കിക്കൊണ്ടിരുന്നു.
(ഫോൺ: 9946108220)