പനി കുറഞ്ഞില്ല...പാരസെറ്റമോൾ കഴിച്ച് സ്വയം ചികിത്സ ചെയ്ത് മൂന്നു ദിവസമായിട്ടും കുറവില്ലാത്തതിനാലാണ് ഡോക്ടർ ദേവസ്യയെ കണ്ടത്. പാരസെറ്റമോൾ ഉള്ളിലാക്കിയ വിവരവും മൂന്നുദിവസത്തെ പനി എന്നത് ഒരു ദിവസമായിട്ടും ക്രോപ്പു ചെയ്തു അവതരിപ്പിച്ചു. നല്ല പനിയുണ്ടെന്നും സമ്പൂർണ റെസ്റ്റ് വേണമെന്നും ഡോക്ടർ ഉപദേശിച്ചു. മരുന്നുകളുടെ ഒരു നീണ്ട കുറിപ്പടി തന്നു. ആഹാരത്തിന് അരമണിക്കൂർ മുൻപ്, അരമണിക്കൂർശേഷം, മൂന്നു മണിക്കൂർ ഇടവിട്ട്, രാവിലെ വെറും വയറ്റിൽ, രാത്രികിടക്കാൻ നേരത്ത്. മെഡിക്കൽ സ്റ്റോറിൽ ഡോക്ടർക്കു കൊടുത്ത ഫീസല്ലാതെ ഡോക്ടറുടെ തന്നെ ഉടമസ്ഥതയിലുള്ള മെഡിക്കൽ സ്റ്റോറിൽ നിന്നും എല്ലാ മരുന്നുകളും വാങ്ങി വിവിധ രൂപങ്ങളിലുള്ളവ കൂടാതെ ഒരു കുപ്പി സിറപ്പും ഉണ്ടായിരുന്നു. രൂപയെണ്ണിക്കൊടുത്ത് വീട്ടിലേക്ക് അയാളെ വെയിറ്റു ചെയ്ത ആട്ടോയിൽ മടങ്ങി.
ഗേറ്റു തുറന്നു വീട്ടിൽ കയറാനൊരുമ്പെട്ടപ്പോഴെ അയലത്തെ വീട്ടിലെ സുസ്മിത ചോദിച്ചു.
''ചേട്ടനെന്താ കാറെടുക്കാതെ ആട്ടോയിൽ?""
''പനി... നല്ല പനി.... മൂന്നു ദിവസമായി ഡോക്ടർ ദേവസ്യയെ കണ്ടു മരുന്നു... വാങ്ങി.""
വീട്ടിലോട്ട് കേറാൻ തുടങ്ങിയപ്പോൾ സുസ്മിതയുടെ അടുത്ത ചോദ്യം.
''ചേട്ടാ ആരെങ്കിലും അയാളുടെ അടുത്തു പോകുമോ? അയാളുടെ മെഡിക്കൽ സ്റ്റോറിലുള്ള മരുന്നു മുഴുവൻ എഴുതും. ഒരു പത്തു ദിവസത്തേക്ക്........ ചില മരുന്നുകഴിച്ചാൽ ദേഹം ചൊറിയും, നീരുവരും അപ്പോ അതു നിർത്താൻ പറയും. ബാക്കി ഗുളിക അയാൾ തിരിച്ചെടുക്കുകയുമില്ല.""
അടുത്ത വിശദീകരണം തുടങ്ങുന്നതിനു മുൻപ് അയാൾ പറഞ്ഞു.
''സുസ്മിതേ ഒന്നു കിടക്കട്ടേ നിക്കാൻ വയ്യാ!""
ഒരു വിധത്തിൽ അവളുടെ വായിൽ നിന്നും രക്ഷപ്പെട്ടു.
അരമതിലിന്റെ രണ്ടു വശത്തുമായി നിന്ന് സുസ്മിതയുമായി വളരെനേരം സംസാരിക്കാറുണ്ട്. പത്രത്തിലെ തലക്കെട്ടുകൾ, പത്രവാർത്തകൾ, സിനിമകൾ യൂടൂബിലെ പുതിയ ഷോർട്ട് ഫിലിമുകൾ, വാട്ട്സ്അപ്പിലെ രസം പകരുന്ന മെസേജുകൾ അങ്ങനെ എല്ലാം.... പക്ഷേ അയാൾക്ക് ഏറെ ഇഷ്ടം അവരുടെ വീട്ടിലെ പാർടൈം ജോലിക്കാരി ശ്രീമതി കൊടുക്കുന്ന ചൂടൻ വാർത്തകളാണ്. അതുകേൾക്കേണ്ട താമസം സുസ്മിത ജോലിയും കളഞ്ഞ് മതിലിനപ്പുറത്തു നിന്നും വിളിക്കും.
''ഉണ്ണിച്ചേട്ടാ..... ഉണ്ണിച്ചേട്ടാ....!""
ആ വിളിയിൽത്തന്നെ ഏതോ ബ്രേക്കിംഗ് ന്യൂസ് ഉണ്ടെന്ന് അയാൾക്ക് മനസിലാകും. ഉണ്ടുകൊണ്ടിരിക്കുമ്പോഴാണ് വിളി എങ്കിൽ അയാൾ ഊണു പകുതിയാക്കി കൈകഴുകി മതിലിനടുത്തുവരും. പാർവ്വതിയുടെ മോൾ ഡ്രൈവറുമായി ഒളിച്ചോടിയത്, റിട്ടയേർഡ് ഡെപ്യൂട്ടി കളക്ടർ വേലക്കാരിയോട് അശ്ലീലം പറഞ്ഞത്, ശാന്തിക്കൊച്ചമ്മ പൂജാരിക്കു ലവ് ലെറ്റർ കൊടുത്തത്, പുതുതായി നാലു നില ഫ്ളാറ്റിൽ താമസത്തിനു വന്ന ബ്യൂട്ടീഷ്യന്റെ ചിത്രങ്ങൾ വാട്ട്സ് ആപ്പിൽ പ്രചരിച്ചത്...
അയാൾ എല്ലാം കൗതുകത്തോടെ കേൾക്കുകയും കൂടുതൽ അഭിപ്രായം പറയാതിരിക്കുകയും ചെയ്തു. പട്ടാളത്തിൽ നിന്നും റിട്ടയർ ചെയ്ത അയാൾക്ക് യുദ്ധകാല കഥകൾ പറയാൻ ധാരാളമുണ്ടായിരുന്നെങ്കിലും ഒരു റേഡിയോ ആയ സുസ്മിതയോട് അയാൾ കഥകൾ പറഞ്ഞില്ല. വാർത്താ ചാനൽ പോലെ ഓരോ ദിവസവും ഓരോ ചൂടൻ വാർത്തകളുമായി അവൾ മതിലിനടുത്തെത്തും.
വൈകിട്ട് ഭാര്യ ഓഫീസിൽ നിന്നും വരുമ്പോൾ സുസ്മിതയുമായി സംസാരിച്ചു നിൽക്കുമ്പോൾ അവൾ ചോദിക്കും.
''ഇതുവരെ ഇന്നത്തെ വാർത്തകൾ കഴിഞ്ഞില്ലേ?""
സുസ്മിതയെ ശ്രീജക്ക് വളരെ ഇഷ്ടമാണ്. നേരെവാ നേരെ പോ എന്ന സ്വഭാവക്കാരി. ഗൾഫിലുള്ള ഭർത്താവിനെയും എൻജിനീയറിംഗിനു പഠിക്കുന്ന മകനെയെയും ജീവശ്വാസം പോലെ കരുതുന്നവൾ. പുതിയ താമസക്കാർ വന്നു എന്നറിഞ്ഞപ്പോഴെ ശ്രീജക്ക് വിഷമമായിരുന്നു. ഒരമ്മയും എൻജിനിയറിംഗിനു പഠിക്കുന്ന മകനും മാത്രം. സുസ്മിതയെ കണ്ടപ്പോഴും അവളുടെ ഉള്ളു കാളി. താൻ പോയിക്കഴിഞ്ഞാൽ ഭർത്താവു മാത്രം. ഭർത്താവിനെ അവൾക്കു വിശ്വാസമാണെങ്കിലും മതിലിനപ്പുറത്തു വരുന്ന കക്ഷി എങ്ങനെയായിരിക്കുമെന്ന് അവൾക്ക് സംശയമുണ്ടായിരുന്നു.
രണ്ടു ദിവസം കൊണ്ട് അവർ ആജന്മ കൂട്ടുകാരായി. സുസ്മിതയെക്കുറിച്ച് നല്ലതു പറയാനെ അവൾക്കുണ്ടായിരുന്നുള്ളൂ.
ഡോക്ടർ ദേവസ്യ കൊടുത്ത മരുന്ന് അയാൾ കഴിച്ചു ആഹാരത്തിനു മുൻപുള്ളത്, ആഹാരത്തിനുശേഷമുള്ളത്, ഒരു മണിക്കൂർ കഴിഞ്ഞുള്ളത്. ശ്രീജ ഒരു ചാർട്ടുണ്ടാക്കിയിട്ടാണ് മരുന്നുകൾ കൊടുത്തത്. കൊടുത്തത്. പനിക്ക് ചെറിയ ശമനമുണ്ടെന്നു തോന്നി...... വിശപ്പുണ്ട്..... ഒരു കിണ്ണം കഞ്ഞി, ചമ്മന്തിയും ചേർത്ത് കഴിച്ചതാണ്. വിശന്നു പൊരിയുന്നു. ഫ്ളാസ്കിൽ നിന്നും ചൂടുവെള്ളമെടുത്ത് പതിയെ പതിയെ കുടിച്ചു.
പനി പകരുമെന്ന ഭീതിയാൽ ശ്രീജ വേറൊരു മുറിയിലാണ് കിടന്നത്. ഉറക്കം വരുന്നില്ല. ടിവി കാണാനുള്ള മൂഡില്ല. വൈദ്യുതി വിളക്കിന്റെ പ്രകാശം എന്തോ അസ്വാരസ്യങ്ങൾ ഉണ്ടാക്കുന്നു. ലൈറ്റ് അണച്ചു ജനലിനു സമീപമുള്ള ചാരുകസേരയിൽ ഒരു തലയിണ ഇട്ട് ചാരികിടന്നു. കർട്ടൺ മാറ്റി വച്ച് അയാൾ ആകാശത്തിലേക്ക് നോക്കിയിരുന്നു. സുസ്മിത താമസിക്കുന്ന ഒരു നില വീടിന്റെ മുകളിലൂടെ അയാൾക്ക് ആകാശം കാണാമായിരുന്നു. നക്ഷത്രങ്ങൾ കാണാമായിരുന്നു. ഇടക്ക് പാഞ്ഞുപോയ ഉൽക്കകളേയും അയാൾ കണ്ടു. ഉറക്കം വരുന്നില്ല.. എന്തെങ്കിലും എടുത്തു വായിക്കാമെന്നു വച്ചാൽ മുകളിൽ കയറിപോകണം. വേണ്ട ചുമ്മാ കിടന്നു. 'ടിംഗ് " എവിടെയോ മണി ഒന്നടിക്കുന്ന ശബ്ദം കേട്ടു.
''ഹോ, മണി ഒന്നായി ഇത്രേം ഗുളിക എഴുതിയ ദേവസ്യക്ക് ഒരു ഉറക്ക ഗുളിക കൂടി എഴുതാമായിരുന്നില്ലേ""
എന്നു ചിന്തിച്ചു.
പെട്ടെന്നാണ് അയാൾ അതു ശ്രദ്ധിച്ചത്്. ൈറ്റിയണിഞ്ഞ ഒരു രൂപം മതിലിന്റെ അരികുപറ്റി നടന്നു വരുന്നു. ഉണ്ണി അനങ്ങാതെ കിടന്നു. അയാളുടെ നെഞ്ചിടിപ്പ് കൂടി.... ധൈര്യം ചോർന്നു പോകുന്നതു പോലൊരു തോന്നൽ... തന്റെ വീടിന്റെ ജനലും മതിലുമായി മൂന്നു മീറ്ററോളം അകലമുണ്ട്. മതിലുചേർന്നു വരുന്ന രൂപം അയാൾ കിടന്ന ചാരുകസേരക്ക് സമീപമുള്ള ജനാലയ്ക്ക് എതിർവശമെത്തിയപ്പോൾ നിന്നു. അയാൾ വിയർത്തു ശ്രീജയെ വിളിക്കാൻ ബദ്ധപ്പെട്ടു... വാക്കുകൾ വരുന്നില്ല... ശരീരം തളർന്നതുപോലെ... നല്ല പരിചയമുള്ള മുഖം സുസ്മിത... സുസ്മിത തന്നെ..... നക്ഷത്രങ്ങളുടേയും ആകാശത്തിന്റെയും അരണ്ട വെളിച്ചത്തിൽ അയാൾക്ക് ആ രൂപം ഏതെന്ന് വ്യക്തമായി. സുസ്മിത തന്നെ. എന്തെങ്കിലും ചോദിക്കാനോ എഴുന്നേൽക്കാനോ ആകാതെ അയാൾ ചാരുകസേരയിൽ കിടന്നു. സുസ്മിത പതിയെ വീട്ടിന്റെ പിറകിലേക്ക് നടക്കുന്നു. ഉണ്ണി ഒരു വിധം എണീറ്റു ലൈറ്റിടാൻ അയാൾക്ക് ഭയമായി. തപ്പിത്തടഞ്ഞ് ശ്രീജ കിടക്കുന്ന മുറിയിൽ ചെന്നു. അവൾ നല്ല ഉറക്കം പതിയെ അവളുടെ ചെവിയിൽ മന്ത്രിച്ചു.
''ശ്രീജേ എണീക്ക്......""
''എന്താ ചേട്ടൻ ഇതുവരെ ഉറങ്ങിയില്ലേ?""
ഉറക്കത്തിൽ വിളിച്ചുണത്തിയ ദേഷ്യം അവൾ മറച്ചുവച്ചതാണെന്ന് മനസ്സിലായി...
''ചൂടു വെള്ളം ഫ്ളാസ്കിൽ ഉണ്ട്.""
''നീ എണീക്കൂ ഒരു കാര്യം നിന്നെക്കാണിച്ചു തരാം""
വളരെ പതിയെ ആണ് അയാൾ അതുപറഞ്ഞത്.
''ലൈറ്റിടൂ എന്നിട്ട് കാര്യം പറയാം.""
അവൾ പറഞ്ഞു.
''വേണ്ട ലൈറ്റിടണ്ട. നീ എന്റെ കൂടെ പതിയെ വാ ആരോ നമ്മുടെ വീട്ടിന്റെ പുറകുവശത്ത് ഉണ്ട്. ഞാൻ കണ്ടതാണ് നമുക്ക് മുകളിലത്തെ ജനാല വഴി നോക്കാം.""
അതു പറഞ്ഞപ്പോൾ അവൾ പേടിച്ചു. അവൾ കട്ടിലിൽ കുറച്ചു നേരം ഇരുന്നു.
''പുറകുവശത്തെ വാതിൽ ഞാൻ നന്നായി അടച്ചിട്ടുണ്ട്. രണ്ടു പ്രാവശ്യം നോക്കിയതാ.. കള്ളന്മാരാരെങ്കിലും ആണോ എന്തോ?""
അവൾക്ക് സംശയം ഉണ്ടായിരുന്നു.
താൻ കണ്ടത് സുസ്മിതയാണെന്ന കാര്യം അയാൾ ശ്രീജയിൽ നിന്നും മറച്ചു വച്ചു. തനിക്ക് തോന്നിയതാണെങ്കിലോ !
ശ്രീജയേയും കൂട്ടിലൈറ്റിടാതെ ഉണ്ണി മുകളിലത്തെ വടക്കുഭാഗത്തെ മുറിയിൽ കയറി. ശ്രീജയോട് കർട്ടൻ മാറ്റി ജനാല വഴി നോക്കാൻ പറഞ്ഞു. അരണ്ട വെളിച്ചത്തിൽ ഒരു സ്ത്രീ രൂപം നടന്ന് നീങ്ങുന്നത് അവൾ കണ്ടു. അവൾ അയാളുടെ കൈ മുറുകെപ്പിടിച്ചു. അവൾ വിറയ്ക്കുന്നുണ്ടായിരുന്നു. പനിയുടേതല്ലാത്ത ഒരു വിറയൽ ഉണ്ണിയേയും ബാധിച്ചിരുന്നു. അതിനാൽ ശ്രീജയുടെ വിറയൽ അയാൾക്ക് അനുഭവപ്പെട്ടില്ല. അയാളും ജനാല വഴി നോക്കി. ആ രൂപം കുറച്ചുകൂടി മുന്നിലേക്കു പോയാൽ ദൂരെയുള്ള തെരുവു വിളക്കിന്റെ വെട്ടത്തിൽ മുഖം കാണാം. രണ്ടുപേരും ജനാലകർട്ടൻ മാറ്റി ആ രൂപത്തെ നോക്കിനിന്നു. സുസ്മിതയാണ് അതെന്ന് അയാൾക്ക് ഉറപ്പായി. ശ്രീജ അങ്ങനെയൊന്നും പറയുന്നില്ല. ആ രൂപം കുറച്ചു കൂടി മുന്നോട്ടു നീങ്ങി. മുഖത്ത് തെരുവിളക്കിന്റെ ദുർബലമായ വെളിച്ചം അടിച്ചു.
''ചേട്ടാ ഇത് സുസ്മിതയല്ലേ. അവളീ രാത്രിയിൽ എന്തെടുക്കുന്നു.""
ശബ്ദം കുറച്ച് ഇടർച്ചയോടെയാണ് അവൾ പറഞ്ഞത്.
''എനിക്കും തോന്നി ഒന്നുറപ്പിക്കാനാ നിന്നെ ക്കൂടി വിളിച്ചത്.""
അവർ രണ്ടുപേരും ആ രൂപത്തെ നോക്കി നിന്നു. പെട്ടെന്ന് ആ രൂപം പുറത്തെ ബാത്ത്റൂമിന്റെ മുകൾ വശത്തേക്ക് കയറി. പത്തടിപ്പൊക്കമുള്ള ബാത്ത് റൂമിന്റെ പുറത്തേക്ക് പറന്നു കയറുന്നപോലെയാണ് അത് കയറിയത്. ആ കാഴ്ച കണ്ടപ്പോൾ ശ്രീജയ്ക്ക് തലക്കറക്കമുണ്ടായി. ഉണ്ണിയെ അവൾ മുറുകെ പടിച്ചു ധൈര്യം സംഭരിച്ചു നിന്നു.
''ദാ നീ ഈ കട്ടിലിൽ കിടക്ക്.""
ശ്രീജയെ അയാൾ കട്ടിലിൽ കിടത്തി. കട്ടിലിൽ കിടന്നുകൊണ്ടു നോക്കിയാൽ ജനാല കാണാമായിരുന്നു. ശ്രീജയെ കട്ടിലിൽ കിടത്തിയതിനുശേഷം അയാൾ ജനാലവഴി ബാത്ത്റൂമിന്റെ മുകളിൽ നോക്കി. ജനാലയുടെ താഴെയുള്ള സൺഷേഡ് ബാത്ത്റൂമിന്റെ മുകൾ ഭാഗവുമായി ബന്ധിപ്പിച്ചിരുന്നു. ഉണ്ണി നോക്കുമ്പോൾ ആ രൂപം ബാത്ത്റൂമിന്റെ മുകളിൽനിന്നും സൺഷേഡിലേക്ക് നടന്നു വരികയാണ്. അയാൾ കർട്ടൺ നീക്കിവച്ച് ശ്രീജയുടെ കൂടെ കിടന്നു. ശ്രീജയുടെ ചെവിയിൽ അയാൾ പറഞ്ഞു.
''അത് ഇപ്പോൾ ജനാലക്കരികിലെത്തും കിടന്ന് ബഹളമുണ്ടാക്കരുത്. ഉറങ്ങുന്നതുപോലെ കിടന്നാൽ മതി.""
''ഞാനും അങ്ങോട്ട് നോക്കി കിടക്കാം.""
അവൾ പറഞ്ഞു.
അവരുടെ ദൃഷ്ടികൾ ജനലിലെ കർട്ടൺ മാറ്റിയ ഭാഗത്ത് തറപ്പിച്ചു നിർത്തിയിരുന്നു. ഒരു നിഴൽ ജനലിന്റെ അപ്പുറത്ത് കണ്ടു. ജനൽവഴി മുറിക്കകത്തേക്ക് അത് നോക്കുന്നു. പെട്ടെന്ന് ലൈറ്റിടാമെന്ന് അയാൾ വിചാരിച്ചു. പക്ഷേ ശരീരം അനങ്ങുന്നില്ല. ജനലിനു പിറകിൽ സൺഷെയ്ഡിൽ നിന്നശേഷം അത് തിരിച്ചു നടന്നു. ധൈര്യം സംഭരിച്ച് ഉണ്ണി എണീറ്റ് ജനാലവഴി നോക്കി. പുറത്തെ ബാത്ത് റൂമിന്റെ മുകളിൽ നിൽക്കുന്നു. താഴോട്ട് ഇറങ്ങുന്നത് എങ്ങനെയാണെന്ന് കാണാൻ വേണ്ടി അയാൾ കണ്ണിമവെട്ടാതെ നിന്നു. ഒരു സെക്കന്റുപോലുമെടുക്കാതെ ആ രൂപം... സുസ്മിതയുടെ രൂപം താഴെ വന്നു. തെരുവുവിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ അയാൾക്ക് ആ മുഖം വായിച്ചെടുക്കാൻ പറ്റി... സുസ്മിത തന്നെ. വന്നവഴിയെ അവൾ നീങ്ങുന്നു. ശ്രീജയെ അയാൾ വീണ്ടും വിളിച്ച് കിഴക്കുഭാഗത്തുള്ള ജനാലവഴി നോക്കാൻ പറഞ്ഞു. രണ്ടുപേർക്കും ആ രൂപം അരമതിലുചേർന്ന് നീങ്ങുന്നത് കാണാൻ കഴിഞ്ഞു. നടക്കുകയല്ല നീങ്ങുകയാണ്. മതിലിനു അപ്പുറത്തേക്ക് ഞൊടിയിടയിൽ ആ രൂപം എത്തി മറഞ്ഞു.
അയാൾ കർട്ടൺ ശരിയാക്കിയിട്ടു. ലൈറ്റിട്ടു. രണ്ടുപേരും നന്നായി ഭയന്നിരുന്നു.
''ലൈറ്റു കിടക്കട്ടേ നമുക്കു താഴെപ്പോയിക്കിടക്കാം.""
രണ്ടുപേരും നന്നായി വിയർത്തിരുന്നു. മുകളിലത്തെ മുറിയിലെ ലൈറ്റോഫാക്കാതെ അവർ താഴത്തെ കിടപ്പുമുറിയിൽ പോയി അവിടെകിടന്നു. ഉണ്ണിയാണ് ആദ്യം മൗനം ഭംജ്ഞിച്ചത്.
''ശ്രീജേ ഞാനൊരു കാര്യം പറഞ്ഞാൻ നീ കിടന്നു നിലവിളിക്കരുത്.""
''ഇല്ല ചേട്ടൻ പറയൂ...""അവളുടെ ഭയം വിട്ടുമാറിയിട്ടില്ലായിരുന്നു.
''നമ്മുടെ സുസ്മിതയ്ക്ക് എന്തോ സംഭവിച്ചിട്ടുണ്ട്. അതാണ് അവളുടെ രൂപം ഇങ്ങനെ നീങ്ങിയതും ബാത്ത്റൂമിന്റെ മുകളിൽ പറന്നുകയറുമ്പോലെ കയറിയതും മതിലിലൂടെ അപ്പുറത്തെത്തിയതും.""
''എനിക്കും അങ്ങനെ തോന്നുന്നു. എന്തോ കാര്യമായിട്ട് സംഭവിച്ചു കാണും മകൻ വീട്ടിലുണ്ടല്ലോ. നാളെ രാവിലെ അറിയാം.""
അവളുടെ ഉറക്കമെല്ലാം പോയിരുന്നു.
എനിക്ക് ഒരു ഐഡിയ തോന്നുന്നു. സുസ്മിതയുടെ ഫോണിൽ ഒന്നു വിളിച്ചാലെന്താ""
അയാൾ പറഞ്ഞു.
ടിംഗ് ടിംഗ് എവിടെയോ ഘടികാരത്തിൽ രണ്ടു മണി അടിച്ചു. കൂമന്റെ ശബ്ദം മുഴങ്ങി. ചീവിടിന്റെ ശബ്ദവും ഉച്ചത്തിൽ കേട്ടു. എവിടെയോ ഒരു നായ നീട്ടി ഓരിയിടുന്നു.
''നാളെ രാവിലെ എന്തെങ്കിലും വിശേഷമുണ്ടെങ്കിൽ നമുക്ക് അറിയാമല്ലോ ? കിടന്നുറങ്ങാൻ നോക്ക് .......""
''അർജ്ജുനൻ, ഫല്ഗുനൻ, പാർത്ഥൻ, വിജയൻ...""
ഉരുവിട്ടുകൊണ്ട് ഉണ്ണി കിടന്നു. മൂന്നാലു പ്രാവശ്യം പറഞ്ഞിട്ടും അയാളുടെ ഭയം കെട്ടടങ്ങിയില്ല.
ശ്രീജയുടെ കൂർക്കംവലി കേൾക്കുന്നു. അവൾ ഉറങ്ങി. അയാളും പതിയെ ഉറക്കത്തിലേക്ക് വഴുതിവീണു.
രാവിലെ ഉറക്കമുണർന്നപ്പോൾത്തന്നെ തലേദിവസത്തെ സംഭവത്തെക്കുറിച്ച് അയാൾ ആലോചിച്ചു. സ്വപ്നമാണോ മിഥ്യയാണോ പനിപിടിച്ച മനസിന്റെ തോന്നലാണോ ഒന്നുമല്ല. താൻ മാത്രമാണ് ഇത് കണ്ടിരുന്നു എങ്കിൽ ഒരു കെട്ടിച്ചമച്ച കഥയെന്നെ പറയാൻ പറ്റുള്ളൂ. ഇത് ശ്രീജയും കണ്ടു. ബെഡ് റൂമിൽ നിന്നും അയാൾ എണീറ്റു ഇന്നലെ രാത്രി കിടന്ന ഈസിചെയറും മാറ്റിയ കർട്ടനും ഉണ്ട്. മുകളിലത്തെ മുറിയിൽ പോയി തലേ ദിവസം ഓൺ ചെയ്ത ലൈറ്റ് കിടക്കുന്നു. താഴെ മുറിയിൽ വന്ന് ശ്രീജയെ വിളിച്ചുണർത്തി. തലേദിവസത്തെ കാര്യങ്ങൾ അവൾ വള്ളിപുള്ളി തെറ്റാതെ പറഞ്ഞു.
''ചേട്ടാ എനിക്ക് വീടിന്റെ മുൻവശത്ത് പോകാൻ ഇപ്പോ പേടി തോന്നുന്നു."" അവൾ ആത്മാർത്ഥമായി പറഞ്ഞു. 'പകലല്ലേ ഇനിയെന്തുപേടിക്കാൻ ! ഇനി നമുക്ക് രണ്ടുപേർക്കും കൂടി സുസ്മിതയുടെ വീട്ടിലേക്ക് മുൻവശത്തുനിന്ന് നോക്കാം....''' ഒറ്റക്ക് പോകാൻ അയാൾക്കും പേടിയായിരുന്നു.
അവർ രണ്ടുപേരും മുൻവശത്തെത്തി സുസ്മിതയുടെ വീട്ടിലേക്ക് നോക്കി.
മുറ്റത്തുകിടക്കുന്ന പത്രമെടുക്കാനായി സുസ്മിത വീട്ടീൽ നിന്നിറങ്ങിവന്നു. തലേദിവസം അവർ കണ്ട അതേ നൈറ്റി. സുസ്മിത അവരുടെ നേർക്കുതിരിഞ്ഞ പ്പോൾ അവർ രണ്ടുപേരുടേയും അടിവയറ്റിൽ നിന്നും ഒരു കത്തൽ.
അവരുടെ പരിഭ്രമം സുസ്മിത കണ്ടു.
''ചേട്ടാ പനിയൊക്കെമാറിയോ? എന്താ രാവിലെ ഭർത്താവും ഭാര്യയും കൂടെ കുന്തം വിഴുങ്ങിയതുപോലെ നിൽക്കുന്നത്.""
വളരെ കാഷ്വലായി അവൾ ചോദിച്ചു.
അവർ രണ്ടുപേരും തലയാട്ടുകമാത്രം ചെയ്തു.
''ങാ ചേട്ടാ ഒരു കാര്യം ഇപ്പോഴാ ഓർത്തത് ഇന്നലെ ഞാനൊരു സ്വപ്നം കണ്ടു രസകരമായ സ്വപ്നം.""
''സ്വപ്നം""
ഉണ്ണി അതേറ്റു പറഞ്ഞു.
''അതേ സ്വപ്നം... ഞാനീ മതിലു കടന്ന് നിങ്ങളുടെ വീട്ടിനരികിലൂടെ നടക്കുന്നു. ചേട്ടനവിടെ കിടക്കുന്നു.""
അവൾ സ്വപ്നം പറയാൻ തുടങ്ങിയപ്പോൾ ധൈര്യം സംഭരിച്ച് ഉണ്ണി പറഞ്ഞു.
''ബാക്കി ഞാൻ പറയാം, നീ നടന്ന് ഞങ്ങടെ വെളിയിലെ ബാത്ത്റൂമിന്റെ മുകളിൽ കയറി എന്നിട്ട് സൺഷെയ്ഡ് വഴി മുകളിലത്തെ ജനാലക്കരികിൽ വന്നു അകത്തേക്ക് നോക്കി.""
''ഞാനൊന്ന് ഇടക്ക് പറഞ്ഞോട്ടെ.""
അവൾ ഇടയ്ക്കു കയറി പറഞ്ഞു.
''മുകളിലത്തെ മുറിയിൽ ചേട്ടനും ചേച്ചിയും കിടക്കുന്നു.""
''അതുകഴിഞ്ഞ് നീ വന്ന വഴി വീട്ടിലേക്ക് പോയി.""
''ചേട്ടാ അതിശയമായിരിക്കുന്നു. ഞാൻ കണ്ട സ്വപ്നം ചേട്ടനും കണ്ടിരിക്കുന്നു ഇതെന്തായാലും ഒരതിശയം തന്നെ. നോക്കൂ ശ്രീജച്ചേച്ചി മനസിന്റെ ഒരൈക്യമേ...""
ഇതുകേട്ടതും ശ്രീജ തലകറങ്ങി വീണു.