എത്തിക്സ് (Ethics) അഥവാ നീതിശാസ്ത്രം ഇന്ന് വിപുലമായ ഗവേഷണങ്ങൾ നടക്കുന്ന ഒരു ശാസ്ത്രശാഖയാണ്. സിവിൽ സർവീസ് പരീക്ഷയിൽ ഒരു പേപ്പറായി പോലും ഇത് ഉൾപ്പെടുത്തിയിരിക്കുന്നു. അനിൽ സ്വരൂപ് എന്ന മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ ‘Ethical Dilemmas of a Civil Servant’ എന്ന തന്റെ പുസ്തകത്തിൽ ഈ വിഷയം വളരെ മനോഹരമായി കൈകാര്യം ചെയ്തിരിക്കുന്നു. ഹർദോയി എന്ന ഉത്തർപ്രദേശിലെ ജില്ലയിൽ സബ്ഡിവിഷണൽ മജിസ്ട്രേട്ടായി അദ്ദേഹം ജോലി ചെയ്യുമ്പോൾ മുനിസിപ്പൽ കോർപ്പറേഷന്റെ ചുമതല കൂടി നിർവ്വഹിച്ചിരുന്നു. പട്ടണം വൃത്തിയായി സൂക്ഷിക്കാൻ വേണ്ട നികുതി പോലും പിരിച്ചെടുക്കാൻ കഴിയുന്നില്ല എന്ന് അദ്ദേഹം മനസ്സിലാക്കി. ചരക്കുകൾ അതിർത്തി കടക്കുമ്പോൾ ചുങ്കം നൽകാത്ത വീരന്മാരിൽ എം.പിയുടെ മകനും ഉണ്ടായിരുന്നു. വാഹനത്തിനു പിഴ ചുമത്തിയപ്പോൾ അതു വിട്ടു കിട്ടാൻ സമ്മർദ്ദമുണ്ടായെങ്കിലും പിഴ ചുമത്തുക തന്നെ ചെയ്തു. പെട്ടെന്നു തന്നെ പട്ടണം ഭംഗിയായി ഭരിയ്ക്കാൻ വേണ്ട നികുതിപ്പണം പിരിഞ്ഞു കിട്ടാൻ തുടങ്ങി.
പഴയകാലത്ത് ജനങ്ങളെ നീതിബോധത്തോടെ ജീവിക്കാൻ പ്രേരിപ്പി ക്കുകയും രാജാക്കന്മാർക്ക് നീതി ബോധത്തോടെ ഭരണം നിർവഹിക്കാൻ ദിശാബോധം നൽകുകയും ഒക്കെ ചെയ്യുന്ന വിദ്വാന്മാർ രാജകൊട്ടാരങ്ങൾ അലങ്കരിച്ചിരുന്നു. ചാണക്യൻ, ബീർബൽ, തെന്നാലിരാമൻ, കുഞ്ചൻ നമ്പ്യാർ തുടങ്ങിയവരെ ഉദാഹരണമായി ചൂണ്ടിക്കാട്ടാം.
ചാണക്യൻ അർത്ഥശാസ്ത്രത്തിലെ പാണ്ഡിത്യം കൊണ്ടാണ് പ്രശസ്തനായത്. ശാസ്ത്രത്തെ വെറും കൊടുക്കൽ വാങ്ങൽ സാമ്പത്തിക ശാസ്ത്രത്തിന് ഉപരിയായി നീതിപൂർവകമായി രാജ്യത്തെ സമ്പത്ത് എല്ലാവരാലും അനുഭവിക്കപെടേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം തിരിച്ചറിഞ്ഞു. സമ്പത്ത് എങ്ങനെ നീതിപൂർവ്വം ഭരിക്കുന്നതിന് പ്രയോജനപ്പെടുത്താം എന്നും അദ്ദേ ഹം തിരിച്ചറിഞ്ഞു. രാജാവ് തന്റെ മന്ത്രിയെയും സൈന്യാധിപനെയും കൊണ്ട് എങ്ങനെ രാജ്യത്തെ അഭിവൃദ്ധിപ്പെടുത്തുന്നതിനായി പണിയെടുപ്പിക്കണം എന്നതിനെക്കുറിച്ച് ഒരുപാട് പാഠങ്ങൾ നൽകി. മനുഷ്യവിഭവശേഷിയുടെ ശരിയായ ഉപയോഗം എങ്ങനെയെന്ന് വളരെ വ്യക്തമായി അദ്ദേഹം മനസ്സിലാക്കി രാജാവിനെ ധരിപ്പിച്ചു.
സിബിയെപ്പോലെയോ സോളമനെപ്പോലെയോ നീതിബോധമുള്ള രാജാക്കന്മാർ മാത്രമല്ലല്ലോ രാജ്യം ഭരിച്ചിരുന്നത്. എങ്കിലും തെന്നാലിരാമനെ പോലെയുള്ളവർ നൽകുന്ന ഭരണപാടവത്തെ കുറിച്ചുള്ള നീതിശാസ്ത്ര കഥ കൾ ഉൾക്കൊള്ളാനും അതനുസരിച്ചു ഭരിക്കാനും പല രാജാക്കന്മാർക്കും കഴിഞ്ഞു.
കൃഷ്ണദേവരായരുടെ കൊട്ടാരം കവിയായിരുന്ന ബുദ്ധിമാനായ തെന്നാലിരാമനെ കുറിച്ചുള്ള കഥകൾ ഏറെ പ്രസിദ്ധമാണ്. ഒരിക്കൽ ജയിൽ സന്ദർശിച്ച രാജാവ് കൊടുംകുറ്റവാളികളുടെ മാപ്പപേക്ഷ സ്വീകരിച്ചു. തെന്നാലിരാമന്റെ വീട് കവർച്ച ചെയ്തു അദ്ദേഹത്തിന്റെ മുഴുവൻ സ്വത്തും മോഷ്ടിച്ചു കൊണ്ടു വന്നാൽ അവരെ കൊട്ടാരം 'ഇന്റലിജൻസ്' ഉദ്യോഗസ്ഥരായി നിയമിക്കാം എന്നു പറഞ്ഞു. തെന്നാലിരാമൻ കള്ളന്മാരുടെ തന്റെ വീട്ടു പരിസരത്തെ സാന്നിധ്യം മനസ്സിലാക്കി ഉറക്കെ ഭാര്യയോട് പറഞ്ഞു, 'സ്വർണ്ണവും പണവും എല്ലാം പെട്ടിയിലാക്കി നമുക്ക് കുളത്തിൽ നിക്ഷേപി ക്കാം. നമ്മുടെ തോട്ടത്തിൽ വീട് കവർച്ച ചെയ്യാനായി രണ്ട് കള്ളന്മാർ എത്തി യിരിക്കുന്നു'. ഭാരമുള്ള പെട്ടി രണ്ടുപേരും ചേർന്ന് കുളത്തിൽ ഇറക്കുന്നത് കണ്ടു കള്ളന്മാർ രാത്രി മുഴുവൻ വെള്ളം കോരി കുളം വറ്റിച്ചു. പെട്ടി പുറത്തെടുത്തു നോക്കുമ്പോൾ കരിങ്കല്ല്!! രാവിലെ തെന്നാലിരാമൻ തോട്ടം നനച്ച തിന് കള്ളന്മാർക്ക് നന്ദി പറഞ്ഞു.
കൊടുംകുറ്റവാളികളിൽ നിന്നും രക്ഷപ്പെടാനും അവരെ കൊണ്ടു പോലും തനിക്കു വേണ്ടി പണിയെടുപ്പിക്കാനും കഴിഞ്ഞതിന്റെ ചാരിതാർ ത്ഥ്യവും കള്ളന്മാരെ ജയിലിലേക്കു തന്നെ തിരിച്ചയക്കാനായതിന്റെ ആശ്വാ സവും തെന്നാലിരാമന്! രാജാവ് കാണിച്ചേക്കാമായിരുന്ന വലിയ മണ്ടത്തര ത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കാനും അദ്ദേഹത്തിന്റെ സമയോചിതമായ ഇടപെടൽ കൊണ്ട് കഴിഞ്ഞു. അക്ബർ ബീർബൽ കഥകളും ഇത്തരത്തിൽ പ്രസിദ്ധമാണല്ലോ.
നമ്മുടെ സ്വന്തം കുഞ്ചൻനമ്പ്യാരുടെ ചെമ്പകശ്ശേരി, തിരുവിതാംകൂർ രാജാക്കന്മാരുമായി ബന്ധപ്പെട്ട കഥകൾ ഏറെ പ്രശസ്തം. കാര്യക്കാരന്റെ ഭാര്യക്ക് പോലും സുരക്ഷ ലഭിക്കാത്ത നാട്ടിലെ അവസ്ഥ രാജാവിന്റെ പേര് പറഞ്ഞുകൊണ്ട് വർണ്ണിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. തനിക്ക് കിട്ടുന്ന 'റേഷനെ' കുറിച്ചും രാജാവ് ഏർപ്പാടാക്കിയ ഊണിനെ കുറിച്ചും പോലും ഭംഗ്യന്തരേണ രാജാവിനെ ധരിപ്പിക്കാനും തനിക്ക് അർഹതപ്പെട്ടത് നേടിയെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
തിരുത്തൽ ശക്തികൾക്ക് ഏത് ശരിയും വെളിച്ചത്തു കൊണ്ടുവരാൻ ആവുന്നത് ഹാസ്യത്തിലൂടെ ആകുമ്പോൾ അത് എത്ര മനോഹരമാണ്. അത്തരം തിരുത്തൽ ശക്തികൾ ജനാധിപത്യത്തിൽ കൂടുതൽ ശക്തിപ്പെടേണ്ട താണ്. എന്നാലിന്നും നിർത്താതെ പൊട്ടിച്ചിരിച്ചു പോകുന്ന ഇത്തരം കഥകൾ കേൾക്കണമെങ്കിൽ കുഞ്ചൻനമ്പ്യാർ, ബീർബൽ ഇവരൊക്കെ തന്നെ വേണം. ഏറ്റവും ശക്തരായ രാജാക്കന്മാരുടെ സദസിൽ ആയിരുന്നു ഏറ്റവും ശക്തരും ജനപ്രിയരും ആയിരുന്ന ഇത്തരം 'കാവ്യ നീതിമാന്മാർ' വാണിരുന്നത് എന്നത് ഏറെ ശ്രദ്ധേയം.