കൊൽക്കത്ത : തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇന്ത്യൻ പ്രധാനമന്ത്രിയും, ബി ജെ പിയുടെ സമുന്നത നേതാവുമായ നരേന്ദ്ര മോദിയുടെ ചെവിയിൽ രഹസ്യമായി എന്തോ പറയുന്ന മുസൽമാന്റെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ പതിവുപോലെ ഈ ചിത്രം സംഘപരിവാർ അജണ്ടയുടെ ഭാഗമായി ചിത്രീകരിച്ചതാണെന്നും, മുസ്ലീം വോട്ടുകൾ സ്വന്തമാക്കുന്നതിനുള്ള ബി ജെ പിയുടെ പി ആർ വർക്കാണെന്നുമുള്ള ആക്ഷേപവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്നിരുന്നു. ഈ ചിത്രത്തിന്റെ സത്യാവസ്ഥ തേടിയുള്ള ഒരു ദേശീയ മാദ്ധ്യമത്തിന്റെ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ചിത്രത്തിലെ യുവാവിനെ കണ്ടെത്തിയ ചാനൽ സംഘം അയാൾ മോദിയുമായി സംസാരിച്ച കാര്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
സുൾഫിക്കർ അലി എന്നയാളാണ് പ്രധാനമന്ത്രിയുടെ അടുത്തെത്തി സ്വകാര്യമായി സംസാരിച്ചത്. പ്രധാനമന്ത്രിയുമായി അടുത്ത് പങ്കിട്ട നാൽപ്പത് നിമിഷങ്ങൾ ഒരിക്കലും മറക്കില്ലെന്നാണ് സുൾഫിക്കർ അലി മാദ്ധ്യമങ്ങളോട് പറഞ്ഞത്. മോദിയുടെ അടുത്തെത്തിയപ്പോൾ എന്താകുവാനാണ് ആഗ്രഹം എന്നാണ് അദ്ദേഹം തന്നോട് ചോദിച്ചതെന്ന് സുൾഫിക്കർ വെളിപ്പെടുത്തുന്നു. എന്നാൽ തനിക്ക് എം എൽ എയോ എം പിയോ ഒന്നും ആകേണ്ടതില്ലെന്നും ഈ രാജ്യത്തിനായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായും അദ്ദേഹത്തിനോട് മറുപടിയായി പറഞ്ഞു. കൂട്ടത്തിൽ ഒരു ആഗ്രഹമെന്നവണ്ണം ഒരുമിച്ച് ഒരു ഫോട്ടോ വേണമെന്നും അഭ്യർത്ഥിച്ചു. അതേസമയം പ്രചാരണത്തിനെ പ്രധാനമന്ത്രിയുടെ അരികിലേക്ക് ചെല്ലാൻ തന്നെ ആരും പ്രേരിപ്പിച്ചില്ലെന്നും ഇയാൾ വ്യക്തമാക്കുന്നു.