pony-room

മൂന്നാം വയസ്സിൽ ഒരു കുഞ്ഞു കുതിരയുടെ പാവ സമ്മാനമായി കിട്ടിയത് മുതലാണ് ബ്രിട്ടീഷ് വംശജയായ മുപ്പത്തേഴുകാരി സ്റ്റെഫാനി നസെല്ലോയുടെ ജീവിതം മാറി മറിഞ്ഞത്. പാഠ്യവിഷയങ്ങളിൽ സ്റ്റെഫാനി അത്ര മിടുക്കിയല്ലാത്തതിനാൽ സഹപാഠികൾ നിരന്തരമായി അവളെ കളിയാക്കിയിരുന്നു. അതോടെയാണ് സ്‌റ്റെഫാനി പാവക്കുതിരയുമായി കൂട്ടുകൂടിയത്. അന്നുമുതലാണ് സ്റ്റെഫാനി പാവക്കുതിരകളെ ശേഖരിക്കാൻ തുടങ്ങിയത്. ഇതുവരെ 4500 പാവകളെയാണ് സ്റ്റെഫാനി ശേഖരിച്ചത്. അതായത് 30,000 പൗണ്ട് വിലമതിക്കുന്ന പാവകൾ, ഇന്ത്യൻ നിരക്കിൽ ഏകദേശം ഇരുപത്തിരണ്ട് ലക്ഷം രൂപ വില വരും ഈ പാവകൾക്ക്. മാത്രമല്ല രസകരമായ മറ്റൊരു വസ്തുത എന്തെന്നാൽ സ്റ്റെഫാനി ഈ പാവകളെ മറിച്ചു വിൽക്കാൻ തീരുമാനിച്ചാൽ കുറഞ്ഞത് 58 ലക്ഷം രൂപ വില വരും ഈ പാവശേഖരത്തിന്. വിപണിയിൽ ഇന്ന് ലഭ്യമല്ലാത്ത പല തരത്തിലുള്ള പാവക്കുതിരകൾ സ്റ്റെഫാനിയുടെ പാവ ശേഖരത്തിൽ കാണാൻ കഴിയും.

പാവകൾ പലതും 1980കളിലെ അതേ ബോക്സുകളിൽ തുറക്കുകപോലും ചെയ്യാതെയാണ് സൂക്ഷിച്ചിട്ടുള്ളത്. തന്റെ പാവകളെ സൂക്ഷിക്കാൻ മാത്രം വീട്ടിൽ ഒരു മുറി തന്നെ ഒരുക്കിയിട്ടുണ്ട് സ്റ്റെഫാനി. 13 അലമാരകളിലായാണ് ഈ പാവശേഖരം സൂക്ഷിച്ചിരിക്കുന്നത്.

തന്റെ എല്ലാ പാവകളേയും ഒരുപോലെ ഇവർ പ്രണയിക്കുന്നുണ്ടെങ്കിലും ഡയമണ്ട് ഡ്രീംസ്, പെപ്പർമിന്റ് ക്രഞ്ച് എന്നീ പാവകളോട് അൽപം ഇഷ്ടം കൂടുതലുണ്ട്. 450 ഡോളർ വിലയുള്ള ഗ്രീക്ക് മിന്റ് കുതിര പാവയാണ് കൂട്ടത്തിൽ വില കൂടിയത്.

'ഈ മുറി മഹാ മാന്ത്രികശക്തിയുള്ള സ്ഥലമാണ്. ദുഃഖത്തോടെയും നിരാശയോടെയും ഒരിക്കലും നിങ്ങൾക്ക് ഈ മുറിയിൽ നടക്കാനാവില്ല. മഴവില്ലിന് താഴെ നിധിയുണ്ടെന്ന് കരുതി അത് തേടിപ്പോവില്ലേ, അതുപോലെയാണ് ഈ മുറിയും. ഇതിൽ നിറയെ മഴവില്ലുകളും നിധിയുമാണെ"ന്നാണ് സ്‌റ്റെഫാനി പറയുന്നത്.

തന്റെ പാവകളുടെ ശേഖരം ഇനിയും കൂട്ടാനാണ് സ്റ്റെഫാനിയുടെ തീരുമാനം. പാവക്കടകൾ, സെക്കൻഡ് ഹാൻഡ് ഷോപ്പുകൾ, ഓൺലൈൻ ഷോപ്പിംഗ് ഇടങ്ങൾ തുടങ്ങി എവിടെ നിന്നും സ്‌റ്റെഫാനി തനിക്കിഷ്ടമുള്ള പാവക്കുതിരകളെ കണ്ടെത്തും. 'ദ പോണി റൂം" എന്ന പേരിൽ ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും അക്കൗണ്ടുകളുണ്ട് സ്റ്റെഫാനിക്ക്. സ്റ്റെഫാനിയുടെ പാവകളെ കുറിച്ചുള്ള പുതിയ വിശേഷങ്ങളറിയാൻ നിരവധിപ്പേർ ഈ അക്കൗണ്ടുകളിലെത്താറുണ്ട്.