gun-usage

വാഷിംഗ്ടൺ: അമേരിക്കയിൽ തോക്കുപയോഗിച്ച് കൊണ്ടുള്ള ആക്രമണങ്ങൾ വർദ്ധിച്ചതോടെ അനുമതിയില്ലാതെ വിപണിയിലെത്തുന്ന നാടൻ തോക്കുകളുടെ നി‌‌ർമാണവും ഉപയോഗവും നിയന്ത്രിക്കാൻ പുതിയ നിയമവുമായി ബൈഡൻ ഭരണകൂടം. പ്രസിഡന്റിന്റെ പ്രത്യേക അധികാരമുപയോഗിച്ചാണ് നിയമനിർമ്മാണം നടത്തിയത്. തോക്ക്​ ഒരു മഹാമാരിയാണെന്നും അത്​ അവസാനിക്കണമെന്നും ബൈഡൻ പറഞ്ഞു.

ഉത്തരവു പ്രകാരം അടുത്ത 30 ദിവസത്തിനിടെ നീതിന്യായ വകുപ്പ്​ നാടൻ തോക്കുകളുടെ എണ്ണം കുറക്കാൻ പ്രത്യേക നിയമം നടപ്പാക്കണം. നിർമ്മിച്ച ഇടവും സ്ഥാപനവും കണ്ടെത്താനാകാത്ത, സീരിയൽ നമ്പറില്ലാത്ത തോക്കുകൾക്കാണ് നിയന്ത്രണം. വിവിധ സംസ്ഥാനങ്ങളിൽ പിടിച്ചെടുക്കുന്ന​ തോക്കുകളിൽ 40 ശതമാനവും നാടൻ തോക്കുകളാണെന്നാണ് റിപ്പോട്ടുകൾ.

അതേ സമയം, ഭരണഘടനയുടെ രണ്ടാം ഭേദഗതി പ്രകാരം തോക്ക്​ കൈവശംവയ്ക്കൽ നിയമവിധേയമാണെന്നിരിക്കെ ഇത്​ മറികടക്കൽ ബൈഡന്​ എളുപ്പമാകില്ല. തങ്ങളുടെ മൗലികാവകാശത്തിനുമേൽ സർക്കാർ കടന്നുകയറുന്നതിനെതിരെ ജനം രംഗത്തെത്തിയാൽ നിയമം പ്രാബല്യത്തിൽ വരുന്നത് എളുപ്പമാകില്ല.

ടെക്​സാസിലെ ബ്രിയാനിൽ തോക്കുധാരി ഒരാളെ വെടിവച്ചുകൊല്ലുകയും അഞ്ചു പേരെ പരിക്കേൽപ്പിക്കുകയും ചെയ്​ത്​ മണിക്കൂറുകൾക്കിടെയായിരുന്നു പുതിയ ഉത്തരവിറക്കിയത്​. മാർച്ചിൽ മാത്രം 18 പേർ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.