കൊച്ചി: കൊവിഡിനെ തുടർന്ന് ക്ലാസുകൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറിയതോടെ കുട്ടികളിലെ ഇന്റർനെറ്റ് ഉപയോഗം അസാധാരണമാംവിധമാണ് വർദ്ധിച്ചിരിക്കുന്നത്. വിദ്യാഭ്യാസത്തിനും കൂടുതൽ അറിവ് നേടുന്നതിനുമെല്ലാമുളള അവസരം ഉണ്ടെങ്കിലും സൈബർ ലോകത്ത് പതിയിരിക്കുന്ന അപകടങ്ങളും ഏറെയാണ്. അവ ചിലപ്പോൾ കുട്ടികളുടെ മുമ്പോട്ടുളള ജീവിതത്തെ തന്നെ സാരമായി ബാധിച്ചുവെന്നും വരാം.
ട്രാഫിക് സുരക്ഷാ നിയമങ്ങളെ കുറിച്ച് പഠിക്കുന്നത് പോലെതന്നെ ഇന്റർനെറ്റ് സുരക്ഷയെ കുറിച്ചും കുട്ടികൾക്ക് അറിവ് പകർന്നു കൊടുക്കേണ്ടത് അത്യാവശ്യമാണ്. സമൂഹമാദ്ധ്യമങ്ങളും ഇന്റർനെറ്റും ഉപയോഗിക്കുമ്പോൾ കുട്ടികളുടെ സൈബർ സുരക്ഷ ഉറപ്പുവരുത്താൻ അറിഞ്ഞിരിക്കേണ്ട ചില സുപ്രധാന കാര്യങ്ങൾ പങ്കുവയ്‌ക്കുകയാണ് എ ഡി ജി പി ശ്രീജിത്ത് ചെയ്യുന്നത്.
കുട്ടികൾ ഓൺലൈനിലൂടെയുളള ചൂഷണത്തിന് ഇരയാകുന്നതിന് വഴിയൊരുക്കുന്ന പ്രധാനഘടകമാണ് ഓൺലൈൻ ഗെയിമുകൾ. ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്ഫോമുകളിൽ കുട്ടികൾ സ്വകാര്യ വിവരങ്ങൾ പങ്കുവയ്‌ക്കുകയോ അപരിചിതരുമായി സൗഹൃദം സ്ഥാപിക്കുകയോ ചെയ്യുന്നില്ലയെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. വ്യക്തിഗത ചാറ്റിനായി ക്ഷണിക്കുന്ന പരസ്യങ്ങൾ ഒരു കാരണവശാലും ക്ലിക്ക് ചെയ്യരുതെന്ന് കുട്ടികളെ പറഞ്ഞു മനസിലാക്കുകയാണ് ഇതിനുളല ആദ്യപടി.
സൈബർ ബുളളിയിംഗിന് ഇരയായതിനെ തുടർന്ന് ആളുകൾ ജീവനൊടുക്കുന്ന വാർത്തകൾ ഇന്ന് സാധാരണമാണ്. ഓൺലൈൻ വഴിയുളള സൗഹൃദ കൂട്ടായ്‌മകളിൽ ഒപ്പമുളളവരെ കൂട്ടംചേർന്ന് വ്യക്തിപരമായി അധിക്ഷേപിക്കുന്നത് അതിന് ഇരയാകുന്ന കുട്ടികളുടെ മാനസികനില തന്നെ തെറ്റുന്നതിലേക്ക് നയിച്ചെന്ന് വരാം. ഏകദേശം 59 ശതമാനം കൗമാരക്കാരും ഏതെങ്കിലും തരത്തിലുളള സൈബർ ബുളളിയിംഗിന് ഇരകളാകുന്നുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ബുളളിയിംഗ് നടത്തിയാൽ കാരണക്കാരായവർ കേസുകളിൽ കുടുങ്ങാൻ സാദ്ധ്യതയേറെയാണ് എന്ന മുന്നറിയിപ്പും കുട്ടികൾക്ക് നൽകേണ്ടതുണ്ട്.
സൈബർ ബുളളിയിംഗിനെ കുറിച്ച് കുട്ടികൾ പരാതിപ്പെട്ടാൽ അത് നിസാരമായി കാണാതെ കുട്ടികൾക്ക് വേണ്ട മാനസിക പിന്തുണയും സുരക്ഷിതത്വബോധവും കൊടുക്കേണ്ടതും മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്. ഓൺലൈനിൽ കുട്ടികൾക്ക് ഏതെങ്കിലും തരത്തിലുളള ബുദ്ധിമുട്ടുകൾ നേരിടുന്നതായി തിരിച്ചറിഞ്ഞാൽ അവരോട് തുറന്നു സംസാരിക്കുകയും വേണ്ടിവന്നാൽ അധികൃതരുടെ സഹായം തേടുകയും ചെയ്യേണ്ടതുണ്ട്. ബോധിനി കൊച്ചി എന്ന യൂട്യൂബ് ചാനലിലൂടെയാണ് കുട്ടികളുടെ സൈബർ സുരക്ഷയെ കുറിച്ചുളള വിവരങ്ങൾ എ ഡി ജി പി പങ്കുവച്ചിരിക്കുന്നത്.