ആ അഞ്ചുവയസുകാരി തന്റെ അമ്മയുമൊത്ത് സൂപ്പർമാളിൽ ഷോപ്പിംഗിന് വന്നതായിരുന്നു. പുഷ്പവിശുദ്ധിയും നക്ഷത്രക്കണ്ണുകളുമുള്ള അവൾ നിഷ്കളങ്കതയുടെ ആൾരൂപമായിരുന്നു. അവളുടെ നിസർഗ സൗന്ദര്യമുള്ള പുഞ്ചിരി അവിടെ കൂടിയിരുന്നവരെയൊക്കെ ആനന്ദിപ്പിച്ചു. സാധനങ്ങളൊക്കെ വാങ്ങി പുറത്തിറങ്ങിയപ്പോൾ തുള്ളിയ്ക്കൊരുകുടം പേമാരി തകർത്തുപെയ്യുന്നു. മാളിന്റെ മുന്നിലെ റോഡിലൂടെ ഒരു ചെറുനദിപോലെ മഴവെള്ളം കലങ്ങി മറിഞ്ഞ് ഒഴുകുകയാണ്. റോഡിനിരുവശവുമുള്ള മരങ്ങൾ അതിശക്തമായ കാറ്റിൽ ഉലയുന്നുണ്ട്. എല്ലാ പൊടിപടലങ്ങളെയും അഴുക്കുകളെയും ദുർഗന്ധങ്ങളെയും മഴ ഒഴുക്കിക്കൊണ്ടുപോകുന്നു. പൊടിയിൽ പൊതിഞ്ഞ് രൂപവും വർണ്ണവും നഷ്ടപ്പെട്ട ചെടികളും മരങ്ങളുടെ അവരുടെ സ്വന്തം പച്ചപ്പിലേക്ക് തിരികെയെത്തി. എല്ലാ അഴുക്കുകളെയും മഴ കനിവോടെ കഴുകിയെടുത്ത് മരങ്ങളെയും കോൺക്രീറ്റ് വനത്തെയും പരിശുദ്ധമാക്കുന്ന കാഴ്ച ആ കുഞ്ഞിന് അതീവ സന്തോഷം പകർന്നു. അവൾ മഴയുടെ സംഗീതം ആസ്വദിച്ചു. മഴനാരുകൾ താളാത്മകമായി പെയ്തിറങ്ങുന്നത് അവൾ കൗതുകത്തോടെ ശ്രദ്ധിച്ചു. ഇരച്ചുപെയ്യുന്ന മഴയുടെ ഹുംകാരം അവൾക്ക് ഏറെ ഇഷ്ടമായി. തണുപ്പ് ആ കുഞ്ഞിൽ ഒരു പ്രത്യേക അനുഭൂതി പകർന്നു. അവൾ മഴയെ അതിരറ്റു സ്നേഹിക്കാൻ തുടങ്ങി.
അവിടെ കൂടിയിരുന്ന എല്ലാവരും മഴയെ ആസ്വദിച്ചവർ ആയിരുന്നില്ല. മഴയുടെ ഇന്ദ്രജാലത്തിൽ മയങ്ങി സമയബോധമില്ലാതെ നിന്നവർ ആണ് ഏറെയും. പക്ഷേ സമയത്തിനു പോകാൻ കഴിയാതെ സൂപ്പർമാിൽ കുടുങ്ങിപ്പോയവർ അസ്വസ്ഥരായിരുന്നു. അവർ അപ്രതീക്ഷിതമായി വന്ന ആ മഴയെ ശപിച്ചു.
എന്നാൽ നമ്മുടെ പിഞ്ചുബാലിക ആ മഴയത്ത് ഇറങ്ങി നടക്കാനും മഴയോട് കിന്നാരം പറയാനും ഏറെ ഇഷ്ടപ്പെട്ടു. അവൾ മഴയുടെ മായാവലയത്തിൽ പെട്ട് ആകെ ഉത്സാഹഭരിതയായി.
അമ്മയോട് അവൾ പറഞ്ഞു.
''അമ്മേ നമുക്ക് ഈ മഴയിലൂടെ നടക്കാം.""
''എന്ത്?""
അമ്മ ഇഷ്ടപ്പെടാതെ ചോദിച്ചു.
''എങ്കിൽ നമുക്ക് ഈ മഴയത്തുകൂടി ഓടിയാലോ?""
''നോ മോളേ! നമുക്ക് മഴ തോരുന്നത് വരെ കാത്തിരിക്കാം. മഴയത്ത് ഇറങ്ങാൻ പാടില്ല.""
ആ കുഞ്ഞ് അമ്മയുടെ ഉത്തരം കേട്ട് അഞ്ചുമിനിട്ട് കൂടി കാത്തിരുന്നു. എന്നിട്ടും മഴ തോർന്നില്ല. വീണ്ടും അവൾ ചോദിച്ചു.
''അമ്മേ... നമുക്ക് ഈ മഴയിലൂടെ ഓടിപ്പോയാലോ?""
''വേണ്ട മോളേ. നമ്മൾ നനഞ്ഞ് കുതിരും. പനി പിടിക്കുകയും ചെയ്യും.""
''ഇല്ലമ്മേ! ഒരിക്കലുമില്ല. അമ്മ രാവിലെ അങ്ങനെയല്ലേ പറഞ്ഞത്""
''എന്ത്? രാവിലെ ഞാൻ എന്തു പറഞ്ഞു? മഴയത്ത് ഇറങ്ങി ഓടാമെന്നും നനയില്ലെന്നും ഞാനെപ്പോഴാണ് പറഞ്ഞത്?""
''അമ്മ ഓർക്കുന്നില്ലേ?""
''അച്ഛനോട് അമ്മ അച്ഛന്റെ കാൻസറിനെക്കുറിച്ച് സംസാരിച്ചപ്പോൾ അമ്മ പറഞ്ഞത് ഓർക്കുന്നില്ലേ?""
''എന്ത്?""
''ഈ പ്രതിസന്ധിയിലൂടെ ദൈവം നമ്മെ കടത്തിവിട്ടാൽ ഏതു പ്രതിസന്ധിയിലൂടെയും നമുക്ക് പോകാമെന്ന്?""
ആ അമ്മ മാത്രമല്ല, മഴ തോരുന്നതും കാത്ത് അവിടെ കൂടി നിന്നവരെല്ലാം ആ കൊച്ചുമിടുക്കിയുടെ നിഷ്കളങ്കമായ വാക്കുകൾ കേട്ട് ഒരു നിമിഷം നിശ്ചേഷ്ടരായി. ആരും ഒന്നും സംസാരിക്കാതെ പരസ്പരം മുഖാമുഖം നോക്കി നിന്നു. എല്ലാവരും മഴയുടെ ഇരമ്പലിൽ മാത്രം ശ്രദ്ധിച്ചു. കുറേ നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല. ആരും അവിടെ നിന്നുപോകാനും ശ്രമിച്ചില്ല. മഴയുടെ താളത്തിൽ ലയിച്ച് അവർ നിന്നു. ആരും മഴയുടെ താണ്ഡവത്തെ കുറ്റപ്പെടുത്തിയില്ല.
മകളോട് എന്താണ് പറയേണ്ടതെന്ന് ആ അമ്മ കുറച്ചുനേരം ആലോചിച്ചു. ചിലർ മകളുടെ ഉത്തരം വളരെ വില കുറഞ്ഞതായി കണ്ട് അവളെ ശകാരിച്ചേക്കാം. ചിലരാകട്ടെ വെറുതെ ചിരിച്ചുകളഞ്ഞേക്കാം. മറ്റു ചിലർ അവൾ പറഞ്ഞത് തീർത്തും അഗണിച്ചേക്കാം. മകളുടെ വിശ്വാസത്തിന് ഇളക്കം തട്ടാതിരിക്കാനായി ആ അമ്മ ഇങ്ങനെ പറഞ്ഞു.
''ശരിയാണ് പൊന്നേ. മോള് പറഞ്ഞത് വളരെ ശരിയാണ്. നമുക്ക് മഴയിലൂടെ ഓടാം. ഒരു പക്ഷേ നമ്മൾ നനയുകയാണെങ്കിൽ ഇപ്പോൾ നമുക്ക് ഒരു കുളി ആവശ്യമുണ്ടെന്ന് ദൈവത്തിനറിയാം.""
അങ്ങനെ അവർ ഇരുവരും ആ പേമാരിയിൽ ഇറങ്ങി ഓടി. എല്ലാവരും നോക്കിനിന്നു. പിന്നെ കുറേപേർ ഷോപ്പിംഗ് ബാഗ് തലയ്ക്കു മുകളിൽ പിടിച്ച് ആ മഴയിലൂടെ ഓടി. അവരൊക്കെ നനഞ്ഞു. ആ അമ്മയും മകളും ദൂരെപോയി മറയുകയും ചെയ്തു.
എല്ലാവരും മഴ നനഞ്ഞു കഴിഞ്ഞപ്പോൾ സ്വയം പറഞ്ഞു.
''അതെ ഞാൻ ഓടി. ഞാൻ നനഞ്ഞു. എനിക്ക് ഇപ്പോൾ ഒരു നനയൽ ആവശ്യമായിരുന്നു.""
അത്രേ ഉള്ളൂ. എല്ലാ അനുഭവങ്ങളും ഇങ്ങനെതന്നെയാണ്. ഒരു പ്രത്യേക കാര്യം സംഭവിക്കുന്നത് നമ്മുടെ ആത്മാവിന് അനുഭവത്തിലൂടെ കൂടുതൽ ബലം നൽകാനുള്ള അവസരമാണെന്നു വിശ്വസിക്കുക. സമാധാനത്തിനുള്ള ഏറ്രവും നല്ല വഴിയാണത്!