in

വാഷിംഗ്ടൺ: ഇന്ത്യൻ ദമ്പതിമാരെ അമേരിക്കയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശികളായ ബാലാജി ഭരത് രുദ്രാവർ (32), ഭാര്യ ആർതി ബാലാജി രുദ്രാവർ(30) എന്നിവരെയാണ് ന്യൂജഴ്‌സിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഐടി ഉദ്യോഗസ്ഥനായിരുന്നു ബാലാജി. ദമ്പതിമാരുടെ നാലുവയസ്സുകാരിയായ മകൾ വീടിന്റെ ബാൽക്കണിയിൽ ഒറ്റയ്ക്ക് നിന്ന് കരയുന്നത് ശ്രദ്ധയിൽപ്പെട്ട അയല്‍വാസികള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് വിവരമറിഞ്ഞത്. മരണകാരണം വ്യക്തമല്ല. ആർതി ഏഴ് മാസം ഗർഭിണിയായിരുന്നുവെന്നും തങ്ങൾ അമേരിക്കയിലേക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്നുവെന്നും ബാലാജിയുടെ പിതാവ് ഭരത് രുദ്രാവർ പറഞ്ഞു.

മകന്റേത് സന്തുഷ്ട കുടുംബമായിരുന്നു. അയല്‍വാസികളുമായി നല്ല അടുപ്പത്തിലായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം എട്ട്-പത്ത് ദിവസങ്ങൾക്കുള്ളിൽ മൃതദേഹങ്ങൾ ഇന്ത്യയിലെത്തിക്കുമെന്ന് യു.എസ് അധികൃതർ അറിയിച്ചിട്ടുണ്ട്. പേരക്കുട്ടി മകന്റെ സുഹൃത്തിനൊപ്പമാണ് ഇപ്പോഴുള്ളത് - ഭരത് രുദ്രാവര്‍ പറഞ്ഞു. 2014 ല്‍ വിവാഹിതരായ ബാലാജിയും ആര്‍തിയും 2015 ലാണ് ന്യൂജഴ്‌സിയിലേക്ക് പോയത്.