സൂപ്പർസ്റ്റാർ രജനീകാന്തിന്റെ പ്രിയപ്പെട്ട ലൊക്കേഷനുകളിലെന്നാണ് റാമോജിറാവ് ഫിലിം സിറ്റി. ''ഇത്രയേറെ സുരക്ഷിതവും സമാധാനവുമുള്ള ലൊക്കേഷൻ വേറെയില്ല"യെന്നാണ് റാമോജി റാവ് ഫിലിം സിറ്റിയെപ്പറ്റി രജനികാന്ത് പറയാറ്.
കഴിഞ്ഞ ദിവസമാണ് തന്റെ പ്രിയപ്പെട്ട ലൊക്കേഷനിൽ രജനികാന്ത് വീണ്ടും അഭിനയിച്ച് തുടങ്ങിയത്.
ശിവ സംവിധാനം ചെയ്യുന്ന അണ്ണാത്തേയിലഭിനയിക്കാൻ ചെന്നൈയിൽ നിന്ന് വ്യാഴാഴ്ച ചാർട്ടേർഡ് വിമാനത്തിലാണ് രജനികാന്ത് ഹൈദരാബാദിലെത്തിയത്.
റാമോജിറാവ് ഫിലിം സിറ്റിയിൽ അണ്ണാത്തെയുടെ ഷൂട്ടിംഗ് നടക്കുമ്പോഴാണ് രജനികാന്തിന് ശ്വാസതടസമുണ്ടായത്. തുടർന്ന് നിറുത്തിവച്ച ചിത്രീകരണം അടുത്തിടെയാണ് ചെന്നൈയിൽ പുനരാരംഭിച്ചത്. ചെന്നൈ ഷെഡ്യൂൾ പൂർത്തിയാക്കിയശേഷം ചിത്രത്തിലെ പ്രധാന രംഗങ്ങൾ ചിത്രീകരിക്കാനായാണ് രജനിയും സംഘവും വീണ്ടും ഹൈദരാബാദിലെ റിമോജിറാവ് ഫിലിം സിറ്റിയിലെത്തിയത്.
നയൻതാര, കീർത്തി സുരേഷ്, മീന, ഖുശ്‌ബു എന്നിവരാണ് അണ്ണാത്തെയിലെ നായികമാർ. നവംബർ 4ന് ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് പ്ളാൻ.