imran-khan

ഇസ്‌ലാമാബാദ്: പീഡനത്തിന് കാരണം സ്ത്രീകളുടെ വസ്ത്രധാരണരീതിയാണെന്ന വിവാദ പ്രസ്താവനയുമായി പാകിസ്ഥാൻ പ്രസിഡന്റ് ഇമ്രാൻ ഖാൻ. സ്ത്രീകൾ ശരീരം മുഴുവൻ മൂടുന്ന വസ്ത്രം ധരിച്ച് പ്രലോഭനം ഒഴിവാക്കണം. രാജ്യത്ത് ബലാത്സംഗവും ലൈംഗികാതിക്രമങ്ങളും കുത്തനെ ഉയരുകയാണ് അതിനുകാരണം സ്ത്രീകളുടെ വസ്ത്രധാരണരീതിയാണ്. പർദയെന്ന ആശയം മുറുകെപ്പിടിക്കണം. പർദ പ്രലോഭനം ഒഴിവാക്കാനുള്ളതാണ് - സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയുന്നതിന് സർക്കാർ എന്ത് നടപടിയെടുക്കുമെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വിവാദപ്രസ്താവനയ്ക്കു പിന്നാലെ രാജ്യത്തെ വനിതാവകാശ സംഘടനകൾ ഇമ്രാനെതിരെ രംഗത്തെത്തിയിട്ടുണ്ട്. വിശ്വാസികളായ പുരുഷന്മാരോട് അവരുടെ കണ്ണുകൾ നിയന്ത്രിക്കാനും സ്വകാര്യഭാഗങ്ങൾ സംരക്ഷിക്കാനും പറയൂ എന്നായിരുന്നു ഇമ്രാന്റെ പരാമർശത്തോട് മുൻ ഭാര്യ ജെമിമ ഗോൾഡ്‌സ്മിത്തിന്റെ പ്രതികരണം.