ലണ്ടൻ: സൈനിക അട്ടിമറിയെ വിമർശിച്ച ബ്രിട്ടനിലെ മ്യാൻമർ അംബാസഡറെ സൈന്യം പുറത്താക്കി. ലണ്ടനിലെ എംബസിയിൽ ജോലിക്കെത്തിയ കിയോ സവാർ മിന്നിനെ സൈനിക ഭരണകൂട അനുകൂലികളായ സഹപ്രവർത്തകർ അകത്തേക്ക് കയറാൻ അനുവദിച്ചില്ല. പുതിയ സ്ഥാനപതിയെ നിയമിച്ചെന്നാണ് വിവരം. സൈനിക ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരമാണ് നടപടി സ്വീകരിച്ചതെന്നാണ് സൂചന.
സൈന്യം മ്യാന്മർ നേതാവ് ആങ് സാൻ സൂചിയെ തടവിലാക്കിയതിൽ മിൻ പ്രതിഷേധമറിയിച്ചിരുന്നു. സൂചിയെ ഉടൻ വിട്ടയക്കണമെന്നും അദ്ദേഹം പ്രസ്താവന ഇറക്കിയിരുന്നു.
അകത്തു കയറാൻ അവർ സമ്മതിച്ചില്ല. നയ്പിഡാവിൽ നിന്ന് ഉത്തരവിറങ്ങിയതിനാലാണ് ഇറക്കിവിടുന്നതെന്നാണ് അവർ പറഞ്ഞത്. കഴിഞ്ഞദിവസം രാത്രി കിടന്നുറങ്ങിയത് കാറിലാണ് - മിൻ പറഞ്ഞു.
അതേസമയം, മ്യാന്മർ സൈന്യത്തിന്റെ നടപടിയെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമനിക് റാബ് അപലപിച്ചു. പുതിയ അംബാസഡറെ ബ്രിട്ടൻ അംഗീകരിക്കുമോയെന്ന് വ്യക്തമായിട്ടില്ല. പുതിയ അംബാസഡറെ തിരിച്ചയക്കണമെന്ന് മിൻ ബ്രിട്ടനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാർത്ത പുറത്തുവന്നതിനു പിന്നാലെ പട്ടാളഭരണകൂടത്തിനെതിരെ ആളുകൾ എംബസിക്കു മുന്നിൽ തടിച്ചുകൂടിയിരുന്നു.