covid

റിയോ ഡി ജനീറോ: രോഗത്തിനെതിരായ പോരാട്ടത്തിൽ മരുന്നുകളെന്ന പോലെ പ്രധാനമാണ് രോഗിയുടെ ആത്മവിശ്വാസവും. ഉറ്റവരുടെയും ഉടയവരുടെയും സാന്നിദ്ധ്യമോ അവരുടെ സ്പർശനമോ മാത്രം മതിയാകും രോഗിയുടെ ആത്മവിശ്വാസം വാനോളം ഉയർത്തുവാൻ. എന്നാൽ കൊവിഡ് മഹാമാരിയുടെ വരവോടെ വേണ്ടപ്പെട്ടവരുടെ സാന്നിദ്ധ്യം പോലും ഇന്ന് നിഷേധിക്കേണ്ടിവരുന്നു.

കൊവിഡ് ബാധിച്ച് ഐസൊലേഷൻ വാർഡിൽ ഒറ്റപ്പെട്ട് കഴിയേണ്ടി വരുന്ന രോഗികൾ പ്രിയപ്പെട്ടവരുടെ കൈകൾ കോർത്തു പിടിക്കുവാനും ആലിംഗനം ചെയ്യുവാനും എത്രയധികം ആഗ്രഹിക്കുന്നുണ്ടെന്ന തിരിച്ചറിവ് ആരോഗ്യ പ്രവർത്തകർക്ക് വ്യക്തമായി അറിയാവുന്നതാണ്. ഈ തിരിച്ചറിവാണ് ഒരു കൂട്ടം നഴ്‌സുമാരൈ ഇതിനൊരു പ്രതിവിധി കണ്ടെത്താൻ പ്രേരിപ്പിച്ചത്.

ബ്രസീലിലെ ഒരുകൂട്ടം നഴ്‌സുമാരാണ് കൊവിഡ് ബാധിതർക്ക് മനുഷ്യ സ്പർശനം കൃത്രിമമായി പകർന്നു നൽകുന്നതിനും ഒറ്റയ്ക്കല്ലെന്ന പ്രതീതി ഉളവാക്കുന്നതിനും പുതിയൊരു മാർഗം കണ്ടെത്തിയിരിക്കുന്നത്. ഇതിനായി അവർക്ക് നൂതനമായ ടെക്‌നോളജിയുടെ യന്ത്രങ്ങളുടെയോ സഹായം ഒന്നും തന്നെ വേണ്ടിവന്നില്ല. രണ്ട് ഡിസ്‌പോസബിൽ കൈയുറകളും ചൂടുവെളളവും മാത്രമാണ് വേണ്ടിവന്നത്. രണ്ട് കൈയുറകളും കൂട്ടിക്കെട്ടി അതിൽ ചൂടുവെളളം നിറച്ച് രോഗികളുടെ കൈയിൽ ചേർത്ത് വയ്ക്കുകമാത്രമാണ് ഇവർ ചെയ്തത്.

hand-of-god

ആദ്യമായി ഗൾഫ് ന്യൂസിലെ ഒപ്പീനിയൻ എഡിറ്റർ സാദിഖ് സമീർ ബട്ട് ആണ് ഇവയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇത് പിന്നാലെ വൈറൽ ആവുകയായിരുന്നു. 'ബ്രസീലിയൻ കൊവിഡ് ഐസൊലേഷൻ വാർഡിലെ ഒറ്റപ്പെട്ട രോഗികളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്ന നഴ്‌സുമാർ. രണ്ട് ഡിസ്‌പോസിബിൾ കൈയുറകൾ കെട്ടി, ചൂടുവെള്ളം നിറച്ച്, അസാധ്യമായ മനുഷ്യ സമ്പർക്കം അനുകരിക്കുന്നു. ഫ്രണ്ട് ലൈനർമാർക്ക് സല്യൂട്ടും, നമ്മുടെ ലോകം അനുഭവിക്കുന്ന ഭീകരമായ അവസ്ഥയെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലും!' എന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഒപ്പം അദ്ദേഹം ഈ മാർഗത്തെ 'ദൈവത്തിന്റെ കൈകൾ' എന്ന് വിശേഷിപ്പിച്ചു.

‘The hand of God’ — nurses trying to comfort isolated patients in a Brazilian Covid isolation ward. Two disposable gloves tied, full of hot water, simulating impossible human contact. Salute to the front liners and a stark reminder of the grim situation our world is in! #MaskUp pic.twitter.com/HgVFwOtg2f

— Sadiq ‘Sameer’ Bhat (@sadiquiz) April 8, 2021