ന്യൂജഴ്‌സി: അമേരിക്കയിലെ ന്യൂജഴ്‌സിയിൽ ഇന്ത്യൻ ദമ്പതികളെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്‌ട്രയിലെ ബീഡ് സ്വദേശിയായ ബാലാജിയും(32) ഭാര്യ ആരതി(30)യുമാണ് മരിച്ചത്. ഇവരുടെ നാല് വയസുകാരിയായ മകൾ ബാൽക്കണിയിൽ നിന്ന് കരയുന്നത് കേട്ട അയൽവാസികളാണ് വീട്ടിനുളളിൽ ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ആരതി ഏഴ് മാസം ഗർഭിണിയായിരുന്നു. ഒരു ഇന്ത്യൻ ബഹുരാഷ്‌ട്ര കമ്പനിയിൽ സോഫ്‌റ്റ്‌വെയർ എഞ്ചിനീയറായി ജോലി നോക്കുകയായിരുന്നു ബാലാജി.
കുത്തേറ്റ നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങളെന്ന് സംഭവം അന്വേഷിക്കുന്ന വിദഗ്‌ദ്ധ സംഘം പറഞ്ഞു. വീട്ടിൽ പിടിവലി നടന്നതിന്റെയും ബാലാജി ഭാര്യയുടെ വയറ്റിൽ കുത്തിയതിന്റെയും ലക്ഷണങ്ങളാണ് ഉണ്ടായിരുന്നതെന്ന് സ്ഥലത്തെ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇവരുടെ ഒരു സുഹൃത്തിനൊപ്പമാണ് ഇപ്പോൾ മകളുളളത്. ബാലാജിയും ആരതിയും മരിച്ചെന്ന വിവരം മാത്രമാണ് തങ്ങൾക്കുളളതെന്നും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഒരാഴ്‌ച സമയമെടുക്കുമെന്നും ഇവരുടെ കുടുംബാംഗങ്ങൾ അറിയിച്ചു. 2014 ഡിസംബറിലാണ് ബാലാജിയും ആരതിയും വിവാഹിതരായത്. 2015ൽ അവർ അമേരിക്കയിലെത്തി. തുടർന്ന് ഇവിടെ ജോലി നോക്കുകയായിരുന്നു.