ന്യൂഡൽഹി: രാജ്യത്ത് 2020-21 സാമ്പത്തികവർഷത്തെ അറ്റ പ്രത്യക്ഷ നികുതിവരുമാനം 9.45 ലക്ഷംകോടിയിലെത്തി. മാർച്ച് 31 വരെയുള്ള കണക്കാണിത്. കേന്ദ്രബഡ്ജറ്റിൽ കണക്കുകൂട്ടിയിരുന്നതിനേക്കാൾ അഞ്ച് ശതമാനമാണ് വർദ്ധനവ്. 9.05 ലക്ഷം കോടിരൂപയായിരുന്നു 2020-21 ബഡ്ജറ്റിൽ പ്രതീക്ഷിച്ചിരുന്ന അറ്റ പ്രത്യക്ഷനികുതി വരുമാനം. അറ്റ കോർപറേറ്റ് നികുതിയിനത്തിൽ 4.57 ലക്ഷം കോടിയും അറ്റ വ്യക്തിഗത ആദായനികുതിയിനത്തിൽ 4.71 ലക്ഷം കോടിയും സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ നികുതിയിനത്തിൽ 16,927 കോടിയുമാണ് ലഭിച്ചത്.
ഈ സാമ്പത്തിക വർഷത്തെ ആകെ പ്രത്യക്ഷനികുതിവരുമാനം 12.06 ലക്ഷം കോടിയാണ്. ഇതിൽ 2.61 ലക്ഷം കോടിരൂപ നികുതി തിരിച്ചടവ് വഴി ലഭിച്ച തുകയാണ്. 42 ശതമാനം വർദ്ധനവാണ് നികുതി തിരിച്ചടവിലുണ്ടായത്. അതേസമയം, അഞ്ച് ശതമാനം വർദ്ധനവുണ്ടായെന്ന് പറയുമ്പോഴും 2019-20 വർഷത്തെ അറ്റ പ്രത്യക്ഷ നികുതിവരുമാനത്തേക്കാൾ 10ശതമാനം കുറവാണിത്.
കൊവിഡ് -19 മഹാമാരി രാജ്യത്തെ സാമ്പത്തികസ്ഥിതിയെ വലിയതോതിൽ പിടിച്ചുലച്ചിട്ടും നികുതിവരുമാനത്തിലുണ്ടായ നേട്ടം ഒരുമാന്ദ്യത്തിനുശേഷമുള്ള സാമ്പത്തികമുന്നേറ്റത്തെയാണ് കാണിക്കുന്നതെന്ന് കേന്ദ്രധനകാര്യമന്ത്രാലയം ഇന്നലെയിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു.