സുല്‍ത്താന്‍ ബത്തേരി എന്ന പേരു കേള്‍ക്കുമ്പോള്‍ തന്നെ ഒരു കാര്യം വ്യക്തമാണ്. ഈ സ്ഥലത്തിന് ഏതോ ഒരു സുല്‍ത്താനുമായി വല്ലാത്തൊരു ബന്ധമുണ്ടെന്ന്. എന്നാല്‍ അങ്ങനെ ഏതോ ഒരു സുല്‍ത്താനല്ല ടിപ്പു സുല്‍ത്താനുമായുള്ള ബന്ധമാണ് ഈ സ്ഥലത്തിനുള്ളത്. ടിപ്പു സുല്‍ത്താന്റെ ആയുധങ്ങള്‍ സൂക്ഷിച്ചിരുന്ന സുല്‍ത്താന്‍സ് ബാറ്ററി എന്ന വാക്കില്‍ നിന്നുമാണ് ഈ വയനാടന്‍ ഗ്രാമത്തിന് സുല്‍ത്താന്‍ ബത്തേരി എന്ന പേരു ലഭിച്ചത്. കേരളവും കര്‍ണാടകയും തമിഴ്‌നാടും സംഗമിക്കുന്ന സുല്‍ത്താന്‍ ബത്തേരി പ്രകൃതി ഭംഗി കൊണ്ടും അതിശയിപ്പിക്കുന്ന കഥകള്‍ കൊണ്ടും വ്യത്യസ്തമായ കാഴ്ചകള്‍ കൊണ്ടും ഒക്കെ എന്നും വേറിട്ടു നില്‍ക്കുന്ന സ്ഥലമാണ്.
പേരുമാറ്റവും ചരിത്രവും
ഗണപതിവട്ടം എന്നറിയപ്പെട്ടിരുന്ന സ്ഥലം പിന്നീട് സുല്‍ത്താന്‍ ബത്തേരി ആയതിന് പിന്നില്‍ ഒരു ചരിത്രം തന്നെയുണ്ട്. ടിപ്പു സുല്‍ത്താന്‍ ഒരു കാലത്ത് തന്റെ ആയുധങ്ങള്‍ സൂക്ഷിക്കുന്ന ഒരു ഇടമായി ആയിരുന്നു ഇവിടം. പോര്‍ച്ചുഗീസ് ഭാഷയിലെ ബത്തേറിയ എന്ന വാക്കും സുല്‍ത്താന്‍ ബത്തേരിയോട് ചേര്‍ത്തു വയ്ക്കാറുണ്ട് ചില ചരിത്രകാരന്‍മാര്‍. അതിനും മുന്‍പ് കന്നഡയില്‍ ഹെന്നരു ബീഡികെ എന്നും ഇവിടം അറിയപ്പെട്ടിരുന്നു.
പണ്ട് ആദിവാസികള്‍ മാത്രം ഉണ്ടായിരുന്ന ഇടമായിരുന്നു സുല്‍ത്താന്‍ ബത്തേരി. എഡി 1400 മുതല്‍ ഇവിടെ ജനവാസം ഉണ്ടായിരുന്നതായാണ് ചരിത്രം പറയുന്നത്. ജൈനരാണ് ഇവിടെ ആദ്യം കുടിയേറ്റം നടത്തിയത്. അങ്ങനെ അവരാണ് ഹെന്നരു ബീഡികെ എന്ന പേരു നല്‍കുന്നത്. ഇവര്‍ ഉപയോഗിച്ചിരുന്ന പാതയാണ് പിന്നീട് ടിപ്പു സുല്‍ത്താന്‍ വികസിപ്പിച്ചത്. അത് പിന്നീട് ദേശീയപാത 212 ആക്കി ഉയര്‍ത്തുകയായിരുന്നു.
മൈസൂരിലേക്കു തുരങ്കമുള്ള ക്ഷേത്രം
കേരളത്തിലെ ജൈന മതത്തിന്റെ വളര്‍ച്ചയെ സൂചിപ്പിക്കുന്ന സ്ഥലങ്ങളിലൊന്നാണ് ബത്തേരിയിലെ ജൈന ക്ഷേത്രം. 13-ാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ടു എന്നു വിശ്വസിക്കുന്ന ഈ ക്ഷേത്രം ടിപ്പുവിന്റെ ആയുധപ്പുരയായിരുന്നു. ഇവിടുത്തെ കിണറില്‍ നിന്നും മൈസൂര്‍ വരെ അദ്ദേഹം ഒരു തുരങ്കം നിര്‍മിച്ചിട്ടുണ്ട് എന്നാണ് വിശ്വാസം. ക്ഷേത്രത്തിനു മുന്‍ഭാഗത്തായാണ് ചരുരാകൃതിയില്‍ കിണറുള്ളത്. മതില്‍ക്കെട്ടിനുള്ളിലായി കരിങ്കല്ലിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗര്‍ഭഗൃഹം, അന്തരാള, അടച്ചുകെട്ടിയ മഹാമണ്ഡപം, മുഖമണ്ഡപം, നമസ്‌കാര മണ്ഡപം എന്നിവ ഇവിടെ കാണാം. ചരുരാകൃതിയിലുള്ള ശ്രീ കോവിലില്‍ വിഗ്രഹം ഇല്ല. ജൈനരുടെ ദേവപ്രതിമകള്‍ ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണാന്‍ സാധിക്കും.
ബത്തേരിയുടെ സൗന്ദര്യം
സമുദ്ര നിരപ്പില്‍ നിന്നും ആയിരം മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം പ്രകൃതി ഭംഗിയുടെ കാര്യത്തില്‍ വയനാട്ടിലെ എല്ലാ സ്ഥലങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായി നില്‍ക്കുന്ന ഇടമാണ്. കേരളവും കര്‍ണാടകയും തമിഴ്‌നാടും സംഗമിക്കുന്ന സുല്‍ത്താന്‍ ബത്തേരി തികച്ചും ഗ്രാമീണത നിറഞ്ഞു നില്‍ക്കുന്ന സ്ഥലമാണ്. സമതലവും കുന്നിന്‍ചെരുവും പാറക്കെട്ടുകളും താഴ്‌വരകളും ഒക്കെ ചേരുന്ന സ്ഥലമാണിത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇവിടേക്ക് വലിയ തോതില്‍ കുടിയേറ്റം നടന്നിട്ടുണ്ട്.
വയനാട് വന്യജീവി സംരക്ഷണ കേന്ദ്രം
കര്‍ണാടകയിലെ നാഗര്‍ഹോളയ്ക്കും ബന്ദിപ്പൂരിനും തമിഴ്‌നാട്ടിലെ മുതുമലയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന വയനാട് വന്യജീവി സങ്കേതത്തിന്റെ ഒരു ഭാഗമാണ് സുല്‍ത്താന്‍ ബത്തേരി. സുല്‍ത്താന്‍ ബത്തേരിക്കും മൈസൂരിനും ഇടയിലായാണ് ഇത് സ്ഥിതി ചെയ്യുന്നത്. വയനാട്ടിലെ കാടുകളിലേക്കും പച്ചപ്പുകളിലേക്കും ഉള്ള ഒരു കവാടം കൂടിയാണ് ഇവിടം. വന്യജീവി സങ്കേതത്തിനോട് ചേര്‍ന്നു കിടക്കുന്നതിനാല്‍ വയനാട്ടിലെ മറ്റൊരുടത്തും കാണാന്‍ സാധിക്കാത്ത ജൈവവൈവിധ്യം ഇവിടെ കാണാം.
തിരക്കുകളില്‍ നിന്നും ബഹളങ്ങളില്‍ നിന്നും മാറി രണ്ടു ദിവസം ശാന്തമായി ചിലവഴിക്കാന്‍ പറ്റിയ സ്ഥലമാണിത്. വയനാടിന്റെ മറ്റു സ്ഥലങ്ങളില്‍ നിന്നും വ്യത്യസ്തമായി കഠിനമായ തണുപ്പോ ചൂടോ അനുഭവപ്പെടാത്ത ഇവിടം എപ്പോള്‍ വേണമെങ്കിലും സന്ദര്‍ശിക്കാം. മൂന്ന് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഏക താലൂക്കാണ് സുല്‍ത്താന്‍ ബത്തേരി. ബാംഗളൂര്‍, മൈസൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നും ഇവിടേക്ക് ബസുകള്‍ ലഭ്യമാണ്.