യുവാവ്, മദ്ധ്യവയസ്കൻ, വൃദ്ധൻ എന്നീ അവസ്ഥകൾക്ക് തമ്മിൽ നേർത്ത അതിർവരമ്പുകളുണ്ടാകും. എന്നാൽ മാതാപിതാക്കൾ നഷ്ടപ്പെടുമ്പോൾ ഈ അവസ്ഥകൾ ഒറ്റയടിക്ക് തകിടം മറിയും. അകാലവാർദ്ധക്യത്തിന്റെ മണൽക്കാറ്റ് വീശുന്നപോലെ തോന്നും. ഈയവസ്ഥ അനുഭവിക്കുമ്പോഴേ അറിയൂ. മാമരങ്ങൾ നിൽക്കുമ്പോൾ അവയുടെ കരിയിലയും ചില്ലകളിൽ വന്നിരുന്നു പോകുന്ന പക്ഷികളുടെ തൂവലുകളും കാഷ്ഠങ്ങളും ചിലർക്കെങ്കിലും വിമ്മിഷ്ടമുണ്ടാക്കാം. അവ കടപുഴകി വീണുകഴിയുമ്പോഴാണ് ആ പ്രദേശത്തെ ശൂന്യത ബോദ്ധ്യമാകുന്നത്. ഡോ. ദേവൻ ചികിത്സയ്ക്കെത്തുന്ന രോഗികളെ ഓർമ്മിപ്പിക്കാറുണ്ട്.
മൂന്ന് ദശാബ്ദ്ധങ്ങളായി നല്ല രീതിയിൽ ആശുപത്രി നടത്തുന്ന അദ്ദേഹം നാട്ടുകാർക്ക് പ്രിയങ്കരൻ. മരുന്നിനൊപ്പം ചിലർ സൗജന്യ ഉപദേശങ്ങളും കൈപ്പറ്റാറുണ്ട്. ശാന്തമായ മനസുള്ള ശരീരത്തിലേ ഔഷധം കാര്യക്ഷമമായി പ്രവർത്തിക്കൂ എന്ന പക്ഷക്കാരനാണ് ഡോക്ടർ. അടുത്തിടെയാണ് ഡോക്ടറുടെ അമ്മ മരിച്ചത്. കുറേനാൾ പഴയ ഉന്മേഷവും പ്രസരിപ്പും ആമുഖത്ത് കണ്ടില്ല. അടുപ്പമുള്ള ചിലർ അതേപ്പറ്റി തുറന്നു ചോദിക്കുകയും ചെയ്തു.
അമ്മയ്ക്ക് വയസ് 87 കഴിഞ്ഞില്ലേ. ഒരുദിവസം പോലും കിടക്കാതെ സുഖമായി മരിച്ചില്ലേ. അതല്ലേ ഭാഗ്യം എന്നൊക്കെ ചിന്തിച്ച് ആശ്വസിക്കാൻ വകയുണ്ട്. എല്ലാ ജീവജാലങ്ങളും ഒരുദിനം വേർപെടുകയും ചെയ്യും. എങ്കിലും സ്വന്തം മാതാപിതാക്കളുടെ വേർപാട് എപ്പോഴെങ്കിലും അനുഭവിക്കണം. അതെത്ര വരുമെന്ന് മുൻകൂട്ടി നിശ്ചയിക്കാനുമാകില്ല. ഡോക്ടർ മനസ് തുറന്നു.
ഡോക്ടറുടെ രണ്ടാമത്തെ മകളെ പ്രസവിക്കുന്ന ദിവസം ഭാര്യ നഷ്ടമായി.അത് താങ്ങാൻ പറ്റുന്നതിനപ്പുറം വലിയ വേദനയായിരുന്നു. അതിനുശേഷമാണ് ജോലി രാജിവച്ച് സ്വന്തമായി ആശുപത്രി തുടങ്ങിയത്. മക്കൾക്ക് അമ്മ അമ്മൂമ്മയും അമ്മയുമായിരുന്നു. എപ്പോൾ ആഹാരം കൊടുത്താലും അമ്മ ചോദിക്കും: അവൻ കഴിച്ചോ, മരിക്കുന്നതിന്റെ തലേന്നും അങ്ങനെയായിരുന്നു. പേരക്കുട്ടികളുടെ കല്യാണം കഴിഞ്ഞ് അവർ കുടുംബമായപ്പോഴും അമ്മ സന്തോഷവതിയായിരുന്നു. എങ്കിലും മകൻ ഒറ്റയ്ക്കാകുമോ എന്ന ആശങ്ക ആ മുഖത്ത് നിഴലിക്കുമായിരുന്നു.
എത്ര പ്രായമായാലും മക്കൾക്കായി തളിർക്കുകയും പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന ഒരു മരമേയുള്ളൂ ഈ ഭൂമിയിൽ. അതുതന്നെയാണ് അമ്മയെന്ന കല്പവൃക്ഷം. ഡോക്ടർ സ്വന്തം ജീവിതത്തിൽ നിന്ന് പഠിച്ചൊരു വിലപ്പെട്ട അറിവാണ്. എത്ര പ്രബല ശത്രുക്കൾ ചുറ്റുമുണ്ടെങ്കിലും അമ്മയുള്ളിടത്തോളം ഒരു ദിവ്യായുധം കൈയിലുള്ളതുപോലെ തോന്നും. മുഴുക്കടത്തിലോ നിലയില്ലാ ദുരിതത്തിലോ ആണ്ടുപോയാലും അമ്മയുണ്ടെങ്കിൽ ഒരു കച്ചിത്തുരുമ്പ് അടുത്തുള്ളതുപോലെ തോന്നും. ചിലർക്ക് അതിന്റെ വില മനസിലാകുന്നത് അമ്മയുടെ ചിത കത്തിയമരുമ്പോഴാകും. ഡോക്ടർ പറഞ്ഞ് തീരുംമുമ്പേ വീണു കൈയൊടിഞ്ഞ ഒരു അമ്മയെ താങ്ങിപ്പിടിച്ചുകൊണ്ട് ഒരു യുവാവ് കടന്നുവന്നു. മറ്റെല്ലാം മറന്ന് ഡോക്ടർ ആ അമ്മയുടെ പരിശോധനയിൽ മുഴുകി.
(ഫോൺ: 9946108220)