ശബരിമല : വിഷു ഉത്സവത്തിന് ശബരിമല ശ്രീധർമ്മശാസ്താക്ഷേത്ര നട ഇന്ന് വൈകിട്ട് 5ന് തുറക്കും.14 നാണ് വിഷുക്കണി ദർശനം. എല്ലാദിവസവും ഉദയാസ്തമയ പൂജയും പടിപൂജയും ഉണ്ടായിരിക്കും. 18ന് രാത്രി 10.30 ന് നട അടയ്ക്കും. നാളെ മുതലേ ഭക്തർക്ക് പ്രവേശനമുള്ളു. പതിനായിരം പേർക്കാണ് പ്രതിദിനം ദർശനാനുമതിയുള്ളത്. ശബരിമല ഉത്സവത്തിന് പതിനായിരം പേർക്ക് ദർശനാനുമതി നൽകിയിരുന്നെങ്കിലും ദിവസവും ശരാശരി 2500 പേരേ എത്തിയുള്ളു. വെർച്വൽ ക്യൂ ബുക്ക് ചെയ്യുന്നതിലുള്ള സാങ്കേതിക പ്രശ്നമാണ് ഇതിന് കാരണമെന്ന് കരുതുന്നു. വിഷു ഉത്സവത്തിന് എത്തുന്നവർക്ക് 5 ന് വൈകിട്ട് മുതൽ ബുക്കിംഗ് ആരംഭിച്ചിരുന്നു. 48 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് വെർച്വൽക്യൂ ബുക്ക് ചെയ്ത, ആർ.ടി.പി.സി.ആർ പരിശോധനാ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും കൊവിഡ് പ്രതിരോധ വാക്സിൻ രണ്ട് ഡോസ് എടുത്തവർക്കുമാണ് പ്രവേശനമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. എൻ. വാസു അറിയിച്ചു.