ആലപ്പുഴ : എൽ ഡി എഫ് സ്ഥാനാർത്ഥി പട്ടിക പുറത്ത് വന്നപ്പോൾ പാർട്ടി പ്രവർത്തകരും അനുഭാവികളും അടക്കം മൂക്കത്ത് വിരൽ വച്ചത് ജി സുധാകരന്റേയും, തോമസ് ഐസക്കിന്റെയും പേരുകൾ കാണാതായതോടെയാണ്. ജനകീയ മന്ത്രിമാരായി പാർട്ടിക്കതീതമായി ജനമനസുകളിൽ സ്ഥാനം നേടിയ ഇവർ രണ്ടുപേരും മത്സര രംഗത്തില്ലെന്നറിഞ്ഞ തോടെയാണ് പതിവിന് വിപരീതമായി ആലപ്പുഴയിലെ ചില മണ്ഡലങ്ങളിൽ മത്സരിക്കുവാൻ കോൺഗ്രസ് നേതാക്കൾ ഇടിച്ചുകയറ്റം ആരംഭിച്ചത്. എന്നാൽ ഇക്കുറി ഹൈക്കമാന്റ് ഇടപെടൽ കൂടുതൽ നടത്തിയ ജില്ലയും ആലപ്പുഴയിലായിരുന്നു എന്നതാണ് വാസ്തവം. അതിന് കാരണം ചുവന്ന ആലപ്പുഴയിൽ നിന്നും കൈ പലകുറി ഉയർത്തി ലോക്സഭയിലേക്കും നിയമസഭയിലേക്കും എത്തിയ കെ സി വേണുഗോപാലിന്റെ ഇടപെടലായിരുന്നു.
തിരഞ്ഞെടുപ്പ് കഴിഞ്ഞ് പ്രാഥമിക വിലയിരുത്തൽ നടത്തുമ്പോൾ ആലപ്പുഴ ജില്ല ഇക്കുറി കൈയിലൊതുങ്ങുമെന്ന ആത്മവിശ്വാസമാണ് കോൺഗ്രസ് നേതാക്കൾ പങ്കുവയ്ക്കുന്നത്. അട്ടിമറി നേട്ടമായി അവർ ഉറച്ച് വിശ്വസിക്കുന്നത് കായംകുളമാണ്. ഇവിടെ ഹൈക്കമാന്റ് താത്പര്യപ്പെട്ട് മത്സരിപ്പിച്ച അരിതബാബു മിന്നും ജയം സ്വന്തമാക്കുമെന്നാണ് വിലയിരുത്തൽ. അയ്യായിരം വോട്ടുവരെ ഭൂരിപക്ഷവും അരിതയ്ക്കുണ്ടാകുമെന്ന് നേതാക്കൾ കണക്കുകൂട്ടുന്നു. മണ്ഡലത്തെ അക്ഷരാർത്ഥത്തിൽ ഇളക്കിമറിച്ച് പ്രചാരണം നടത്തിയ പ്രിയങ്കഗാന്ധിയുടെ വരവ് യു ഡി എഫിന് മുതൽക്കൂട്ടാവും എന്നാണ് നേതാക്കൾ തുറന്ന് പറയുന്നത്.
കായംകുളം കൂടാതെ ഹരിപ്പാട്, അരൂർ, അമ്പലപ്പുഴ എന്നിവിടങ്ങളിലും അനായാസം ജയിക്കുമെന്ന വിശ്വാസമാണ് കോൺഗ്രസ് നേതാക്കൾ പങ്കുവയ്ക്കുന്നത്. ആലപ്പുഴ, ചേർത്തല, കുട്ടനാട്, മാവേലിക്കര തുടങ്ങിയ മണ്ഡലങ്ങളിലും ശക്തമായ മത്സരം കാഴ്ചവച്ചുവെന്നും ജയസാദ്ധ്യതയുണ്ടെന്നുമാണ് പ്രാഥമിക വിലയിരുത്തൽ. ആലപ്പുഴയിൽ യു ഡി എഫ് മുന്നേറ്റമുണ്ടായാൽ ജനകീയ നേതാക്കളെ ഒന്നിച്ച് മാറ്റി നിർത്തിയതിന് അണികൾക്ക് മുന്നിൽ വിശദീകരണം നൽകേണ്ട ബാദ്ധ്യത ഇടത് നേതാക്കൾക്ക് തീർച്ചയായും ഉണ്ടാവും.