ed-highcourt

കൊച്ചി: മുഖ്യമന്ത്രിയുടെ പേര് പറയാൻ എൻഫോഴ്‌സ്‌മെന്റ് അന്വേഷണ സംഘം നിർബന്ധിച്ചു എന്ന സന്ദീപ് നായരുടെ പരാതിക്ക് പിന്നിൽ ക്രൈംബ്രാഞ്ചാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേ‌റ്റ് ഹൈക്കോടതിയിൽ. തങ്ങൾക്കെതിരെ വ്യാജ തെളിവുണ്ടാക്കാനും എഫ്‌.ഐ.ആർ നിയമ നടപടികളുടെ ദുരുപയോഗം നടത്താനും ക്രൈംബ്രാഞ്ച് ശ്രമിച്ചെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. നിലവിൽ എഫ്.ഐ.ആർ ഉള‌ളപ്പോൾ വീണ്ടും കേസെടുക്കുന്നത് കോടതിയലക്ഷ്യമാണ്. സന്ദീപ് നായരുടെ മൊഴി ക്രൈംബ്രാഞ്ച് മെനഞ്ഞെടുത്തതാണ്.

പരാതിയുണ്ടോയെന്ന് പലപ്പോഴും കോടതി ചോദിച്ചപ്പോഴും ഇല്ല എന്ന് പറഞ്ഞ സന്ദീപ് നായർ എട്ട് മാസത്തിന് ശേഷം പരാതി പറയുന്നത് ഉന്നതതല ഗൂഢാലോചന കൊണ്ടാണ്. സന്ദീപ് നായരുടെ കത്തിന് പിന്നിൽ ഉന്നതരുടെ ഇടപെടലുണ്ട്. തങ്ങൾ കേസിൽ ഉന്നതരുടെ മൊഴിയോ രേഖകളോ പുറത്ത് മാദ്ധ്യമങ്ങൾക്ക് ചോർത്തിക്കൊടുത്തില്ലെന്നും ഇ.ഡി കോടതിയിൽ അറിയിച്ചു. ക്രൈംബ്രാഞ്ചിന്റെ നടപടികൾ അസാധാരണമായ പ്രതിസന്ധികൾ സൃഷ്‌ടിച്ചു. കള‌ളപ്പണക്കേസ് അന്വേഷണം വഴിതെ‌റ്റിക്കാൻ ശ്രമം നടക്കുകയാണെന്നും കോടതിയിൽ ഇ.ഡി അറിയിച്ചു. കേസ് വഴിതെ‌റ്റിക്കാൻ ശ്രമിക്കുന്ന ക്രൈംബ്രാഞ്ചിനെതിരെ കോടതിയലക്ഷ്യ കേസെടുക്കണമെന്നും എൻഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടു.

അതേസമയം ഇ.ഡിക്കെതിരായ അന്വേഷണം ക്രൈംബ്രാഞ്ചിന് തുടരാമെന്നും എന്നാൽ അറസ്‌റ്റ് ഉൾപ്പടെ കടുത്ത നടപടികൾ പാടില്ലെന്നും ഹൈക്കോടതി അറിയിച്ചു. ക്രൈം ബ്രാഞ്ചിന്റെ എഫ്.ഐ.ആർ റദ്ദാക്കണമെന്ന ഇ.ഡിയുടെ ഹർജിയിൽ ഈ മാസം 16ന് കോടതി ഉത്തരവ് പറയും.