b

റോം: സിനിമകൾക്കുള്ള സെൻസർഷിപ്പ് പൂർണമായും എടുത്തു കളഞ്ഞ് ഇറ്റലി. 1913 മുതല്‍ രാജ്യത്ത് നടപ്പിലാക്കുന്ന നിയമാണിത്. നിയമപ്രകാരം സർക്കാരിന് സിനിമകൾ നിരോധിക്കാനും രംഗങ്ങൾ വെട്ടിമാറ്റാനും അധികാരം ലഭിച്ചിരുന്നു.

രാഷ്ട്രീവും മതപരവും സദാചാരപരവുമായ കാരണങ്ങൾ ചൂണ്ടിക്കാണിച്ച് വിദേശ ചിത്രങ്ങളടക്കം അനേകം സിനിമകളാണ് ഇറ്റലിയിൽ പല കാലഘട്ടങ്ങളിലായി നിരോധിക്കപ്പെട്ടത്. രാജ്യത്തെ സാംസ്‌കാരിക മന്ത്രാലയം നടത്തിയ സർവേ പ്രകാരം 1944 മുതൽ 274 ഇറ്റാലിയൻ സിനിമകളും 130 അമേരിക്കൻ സിനിമകളും മറ്റു രാജ്യങ്ങളിൽ നിന്നുള്ള 321 സിനിമകളും ഇറ്റലിയിൽ നിരോധിക്കപ്പെട്ടിട്ടുണ്ട്. പതിനായിരിത്തിലേറെ ചിത്രങ്ങളിലെ രംഗങ്ങൾ വെട്ടിമാറ്റിയിട്ടുമുണ്ട്.

സെൻസർഷിപ്പ് റദ്ദാക്കിയതോടെ ഇനി മുതൽ സിനിമയുടെ അണിയറ പ്രവര്‍ത്തകർ തന്നെ ഏത് പ്രായക്കാർക്കുള്ള സിനിമയാണ് തങ്ങളുടേതെന്ന് വ്യക്തമാക്കിയാൽ മതിയാകും.

ഇതിനൊപ്പം സിനിമാ മേഖലയിലെ പ്രമുഖരും വിദ്യാഭ്യാസ വിദഗ്ദ്ധരും മൃഗാവകാശ പ്രവർത്തകരും അടങ്ങുന്ന കമ്മിറ്റി ചിത്രം കണ്ട് ഏത് കാറ്റഗറിയ്ക്ക് അനുയോജ്യമാണെന്ന് അറിയിക്കും.

കാലങ്ങളായി സിനിമ മേഖല കാത്തിരിക്കുന്ന ആവശ്യത്തിനാണ് ഇപ്പോൾ അംഗീകാരം ലഭിച്ചിരിക്കുന്നതെന്ന് ഇറ്റലിയിലെ സിനിമാ പ്രവർത്തകരുടെ സംഘടന അറിയിച്ചു.