ലണ്ടൻ: ഗർഭിണിയായിരിക്കെ വീണ്ടും ഗർഭിണിയായ ബ്രിട്ടീഷുകാരി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി. മകനെ ഗർഭം ധരിച്ചതിനു പിന്നാലെയാണ് റബേക്ക റോബർട്ട്‌സ് മകളെ ഗർഭം ധരിച്ചത്. ജനിച്ച കുട്ടികൾ ഇരട്ടകളെ പോലെ തന്നെയുണ്ടെങ്കിലും മൂന്നാഴ്ച വ്യത്യാസത്തിലാണ് ഇരുവരേയും ഗർഭം ധരിച്ചിരുന്നത്.
ഇംഗ്ലണ്ടിലെ വിൽറ്റ്ഷയർ സ്വദേശികളായ റബേക്ക, റോബർട്ട് ദമ്പതികൾക്കാണ് ഇത്തരത്തിൽ ഇരട്ടകുട്ടികൾ ജനിച്ചിരിക്കുന്നത്. ആദ്യ അൾട്രാസൗണ്ട് സ്‌കാനിംഗിന് അഞ്ച് ആഴ്ചകൾക്ക്‌ശേഷം നടത്തിയ സ്‌കാനിംഗിലാണ് രണ്ടാമത് ഒരു കുട്ടിയെക്കൂടി ഗർഭം ധരിച്ചതായി കണ്ടെത്തിയത്. ലോകത്ത് 0.3 ശതമാനം സ്ത്രീകളിൽ മാത്രം സംഭവിക്കുന്ന ഈ അവസ്ഥയെ സൂപ്പർഫെറ്റേഷൻ എന്നാണ് വിശേഷിപ്പിക്കാറുള്ളത്. ഒന്നിനു പിറകെ ഗർഭംധരിക്കുമെങ്കിലും മിക്ക കേസുകളിലും രണ്ടാമത്തെ കുഞ്ഞ് ഗർഭത്തിൽ തന്നെ മരിക്കാറാണ് പതിവ്.
ഇതുവരെ ഇത്തരത്തിൽ ലോകത്ത് എത്രകുട്ടികൾ ജനിച്ചിട്ടുണ്ട് എന്ന കൃത്യമായ കണക്കുകൾ ലഭ്യമല്ല. എന്നാൽ 2008ൽ യൂറോപ്യൻ ജേണൽ ഒഫ് ഒബ്സ്റ്റട്രിക്‌സ് & ഗൈനക്കോളജി ആൻഡ് റീപ്രൊഡക്ടീവ് ബയോളജിയിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് അനുസരിച്ച് ഇത്തരത്തിലുളള പത്തിൽ താഴെ കേസുകൾ മാത്രമേ അക്കാലത്ത് രേഖപ്പെടുത്തിയിട്ടുളളു.