10-tvla-bacony-veetamma

തിരുവല്ല: രാത്രി ഫ്‌ളാറ്റിന്റെ ബാൽക്കണിയിൽ കുടുങ്ങിയ വൃദ്ധയെ രാവിലെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ചെങ്ങന്നൂർ തിരുവൻവണ്ടൂർ അമ്പലപ്പാട്ട് വീട്ടിൽ അച്ചാമ്മക്കുട്ടിയാണ് (70) മനയ്ക്കച്ചിറയിലെ എ.വി.എം ഫ്‌ളാറ്റിലെ മൂന്നാം നിലയിലെ ബാൽക്കണിയിൽ കുടുങ്ങിയത്.

വ്യാഴാഴ്ച രാത്രിയാണ് സംഭവം. അച്ചാമ്മക്കുട്ടിയുടെ മകനും കുടുംബവും താമസിക്കുന്ന ഫ്ളാറ്റാണിത്. രണ്ടുദിവസം മുമ്പാണ് അച്ചാമ്മക്കുട്ടി എത്തിയത്. അമ്മയെ ഫ്ളാറ്റിലാക്കി മകനും കുടുംബവും വ്യാഴാഴ്ച ബന്ധുവീട്ടിലേക്ക് പോയി.

തനിച്ചായ അച്ചാമ്മക്കുട്ടി ആഹാരം കഴിച്ചശേഷം രാത്രി ഒൻപത് മണിയോടെ മുറിയുടെ ബാൽക്കണിയിലേക്കിറങ്ങിയതാണ്. മുറിയുടെയും ബാൽക്കണിയുടെയും ഇടയിലുള്ള ഗ്രില്ല് തള്ളിനീക്കാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ

പൂട്ട് വീഴുകയായിരുന്നു. ഇതോടെ ബാൽക്കണിയിൽ കുടുങ്ങി. ബാൽക്കണിയുടെ വെളിയിൽ ചില്ലിട്ട് അടച്ചിരുന്നതിനാൽ ഉച്ചത്തിൽ വിളിച്ചിട്ടും ആരുംകേട്ടില്ല. രാത്രി മുഴുവൻ ബാൽക്കണിയിലെ കസേരയിൽ കഴിച്ചുകൂട്ടിയ അച്ചാമ്മക്കുട്ടി രാവിലെ ഒൻപത് മണിയോടെ ഫ്‌ളാറ്റിന് എതിർവശത്ത് കെട്ടിടം പണിക്കെത്തിയ തൊഴിലാളികളെ ചില്ലിൽതട്ടി ശബ്ദമുണ്ടാക്കി ആംഗ്യത്തിലൂടെ വിവരം അറിയിച്ചു. തൊഴിലാളികൾ പൊലീസിലും അഗ്നിരക്ഷാസേനയിലും വിവരം അറിയിച്ചു. ഇവർ എത്തിയെങ്കിലും മുറി അകത്തുനിന്ന് പൂട്ടിയിരുന്നു. വാതിൽ കുത്തിത്തുറന്ന് കയറി ഗ്രില്ലിന്റെ പൂട്ട് തുറന്നാണ് രക്ഷപ്പെടുത്തിയത്. വിവരം അറിഞ്ഞ് മകനും കുടുംബവും മടങ്ങിയെത്തി. സീനിയർ റെസ്ക്യൂ ഓഫീസർ സുന്ദരേശൻ നായർ, ഫയർ റെസ്ക്യൂ ഓഫീസർമാരായ ശ്രീനിവാസ്, വിനീത്, ജിതിൻ, ശരത്, ഹോംഗാർഡ് സജിമോൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.